Monday, June 3, 2013

ഐടി വകുപ്പിന് ബാധ്യതയായി സാങ്കേതിക ഉപദേശക സംഘം

സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഐടി മിഷനുകീഴില്‍ രൂപീകരിച്ച സ്റ്റേറ്റ് ഇ-മിഷന്‍ ടീം ഐടി വകുപ്പിന് ബാധ്യതയാകുന്നു. ഐടി മിഷനു കീഴിലെ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന ഉപദേശകസംഘം സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നു എന്നാണ് ആക്ഷേപം. ഐടി മിഷനില്‍ നിയമിക്കപ്പെട്ടവര്‍ക്ക് വിവര സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനക്കുറവും ഉപദേശകസംഘം ദുരുപയോഗിക്കുന്നു. ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കുന്നതാകട്ടെ ഐടി വകുപ്പിന്റെയും ഐടി മിഷന്റെയും ശാക്തീകരണത്തിനുള്ള ഫണ്ടില്‍നിന്നാണ്.

നാഷണല്‍ ഇ-ഗവേണന്‍സ് മിഷന്റെ മാതൃകയില്‍ സംസ്ഥാനങ്ങളും ഇ-മിഷന്‍ ടീം രൂപീകരിക്കണമെന്ന നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സംസ്ഥാന ഇ-മിഷന്‍ ടീമില്‍ സ്വകാര്യ കമ്പനികളില്‍നിന്നുള്ള 13 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഐടി മിഷന് ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കേണ്ട സംഘം, ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട പദ്ധതികളുടെ കരാര്‍ വ്യവസ്ഥകളിലും ഏജന്‍സികളെ തെരഞ്ഞെടുക്കലടക്കമുള്ള കാര്യങ്ങളിലും ഇടപെടുന്നു. ഇതുമൂലം വന്‍കിട കമ്പനികള്‍ക്ക് അനുകൂലമായ വ്യവസ്ഥകളാണ് മിക്ക പദ്ധതികളിലും ഉണ്ടാകുന്നത്. ഉപദേശകസംഘത്തില്‍പ്പെട്ടവരെ സര്‍ക്കാരിന്റെ ഐടി നയരൂപീകരണ പ്രക്രിയയിലും ഉള്‍പ്പെടുത്തുന്നു. പല ഔദ്യോഗിക സമിതികളിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ട്.

കരാര്‍ നിയമനം മാത്രമുള്ള ഐടി മിഷനില്‍ വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമില്ലാത്തവരെ കുത്തിനിറച്ചതുമൂലം ഉപദേശകസംഘം പറയുന്നതുമാത്രം അനുസരിക്കേണ്ട ഗതികേടിലാണ്. ഐടി മിഷനില്‍ നിയമിച്ചിട്ടുള്ളവരില്‍ പലര്‍ക്കും നിര്‍ദിഷ്ട യോഗ്യതയില്ല. ഐടി മിഷന്റെ പ്രധാന പദ്ധതികളുടെയടക്കം വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ചോര്‍ന്നുകിട്ടുന്നതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക ഉപദേശകസമിതിയുടെ ഇടപെടല്‍മൂലം സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും ഇ-ഫയലിങ് നടപ്പാക്കുന്നതിലും വലിയ ക്രമക്കേട് നടക്കുന്നു. ഇതിനായിയുള്ള ഹാര്‍ഡ്വെയര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്നതില്‍ ടെന്‍ഡര്‍ നടപടികള്‍ പാലിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷത്തില്‍ താഴെ പ്രതിഫലം നല്‍കേണ്ട സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 50 ലക്ഷം മുതല്‍ രണ്ടര കോടി രൂപവരെയാണ് കമ്പനികള്‍ക്ക് നല്‍കുന്നത്.

deshabhimani

No comments:

Post a Comment