17 സര്‍ക്കാര്‍ ആശുപത്രികളിലും 28 സ്വകാര്യ സ്ഥാപനങ്ങളിലുമാണ് പ്ലേറ്റ്ലറ്റ് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യമുള്ളത്. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, രണ്ട് സഹകരണ മെഡിക്കല്‍ കോളേജുകള്‍, ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ ആശുപത്രികള്‍, എറണാകുളം, തിരുവനന്തപുരം ജനറല്‍ ആശുപത്രികള്‍, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലേറ്റ്ലറ്റ് ശേഖരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനമുള്ളത്. വയനാട്, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പ്ലേറ്റ്ലറ്റ് ശേഖരണ സംവിധാനമില്ല.
സ്വകാര്യമേഖലയില്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നഗരപ്രദേശങ്ങളിലെ വന്‍കിട ആശുപത്രികളിലാണ് പ്ലേറ്റ്ലറ്റ് ലഭിക്കുന്നത്. ഡെങ്കിപ്പനി ബാധിതര്‍ വര്‍ധിച്ചതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നതായി ആക്ഷേപമുണ്ട്. 50 മില്ലിക്ക് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും രക്തബാങ്കുകളിലും 200 രൂപയാണ് വില. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് സൗജന്യമാണ്. സര്‍ക്കാര്‍ രക്തബാങ്കുകളില്‍ രക്തഘടകം വേര്‍തിരിക്കാന്‍ ശാസ്ത്രീയപരിശീലനം ലഭിച്ച ലാബ് ടെക്നീഷ്യന്മാരും ആവശ്യത്തിനില്ല. 20 വര്‍ഷം മുമ്പാണ് ഈ തസ്തികയില്‍ നിയമനം നടന്നത്.
ഡെങ്കിപ്പനി ബാധിച്ചവരുടെ രക്തം നാലു മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കണം. മെഡിക്കല്‍ കോളേജുകളില്‍ ഒഴിച്ച് മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചകഴിഞ്ഞാല്‍ പരിശോധന നടക്കുന്നില്ല. ഡെങ്കി വൈറസ് രക്തത്തിലെ പ്ലേറ്റ്ലറുകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്ലേറ്റ്ലറ്റ് ഡ്രിപ്പ് നല്‍കുക മാത്രമാണ് പ്രതിവിധി. അഞ്ചു ദിവസത്തില്‍ അധികം പ്ലേറ്റ്ലറ്റ് സൂക്ഷിക്കാനും കഴിയില്ല. സംസ്ഥാനത്തെ 13 സംഭരണകേന്ദ്രങ്ങള്‍ പൂട്ടിയതും പ്ലേറ്റ്ലറ്റ് ലഭ്യതയെ ബാധിച്ചു. രക്തബാങ്കില്‍നിന്ന് പ്ലേറ്റ്ലറ്റ് രോഗിക്കുമാത്രമേ കൊടുക്കാവൂ എന്ന ചട്ടം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലേക്കും എത്തിച്ച് ജീവന്‍രക്ഷിക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. അതിനായി ജില്ലകള്‍ക്ക് വാഹനവും അനുവദിച്ചു. ഇതെല്ലാം മാറ്റിയ യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആന്തരിക രക്തസ്രാവത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഡെങ്കിപ്പനിക്ക് അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം.
deshabhimani
No comments:
Post a Comment