Tuesday, June 4, 2013

ഗുണ്ടാനിയമദുരുപയോഗം അനുവദിച്ചുകൂടാ: തപന്‍ സെന്‍

കണ്ണൂര്‍: പൊതുമുതലും ഖജനാവും കട്ടുമുടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ അതിനെതിരെ സമരംചെയ്തവരെഗുണ്ടാനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു. വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. യുവജന, വിദ്യാര്‍ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍പെടുത്തി നാടുകടത്തുന്നതിനെതിരെ കണ്ണൂര്‍ ഐജി ഓഫീസിനുമുന്നില്‍ നടക്കുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുണ്ട്. അവിടുത്തെ സര്‍ക്കാരുകളൊന്നും വിദ്യാര്‍ഥി- യുവജന നേതാക്കള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചിട്ടില്ല. കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു നീക്കം. സ്ത്രീകള്‍ക്കെതിരായ അതിക്രമം പെരുകുമ്പോള്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് മടിച്ചുനില്‍ക്കുകയാണ്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം നടത്തുന്നവര്‍ക്കെതിരെയാണ് പൊലീസ് നീങ്ങുന്നത്. എന്തു വിലകൊടുത്തും ഇത്തരം നീക്കങ്ങളെ തോല്‍പ്പിക്കേണ്ടതാണെന്ന് തപന്‍ സെന്‍ പറഞ്ഞു.

നാടുകടത്തല്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിയെ തടയും: എം സ്വരാജ്

കണ്ണൂര്‍: യുവജന- വിദ്യാര്‍ഥി നേതാക്കളെ നാടുകടത്താനുള്ള തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊതുപരിപാടികള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് സര്‍ക്കാരാണ്. നാടുകടത്തലിനെതിരെ കണ്ണൂര്‍ മേഖലാ ഐജി ഓഫീസിനുമുന്നില്‍ ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തുന്ന രാപ്പകല്‍ സത്യഗ്രഹം മാതൃകാപരവും സര്‍ഗാത്മകവുമാണ്. ഇതേരീതിയില്‍ സമരം എപ്പോഴും മുന്നോട്ടുപോകുമെന്ന് കരുതേണ്ട. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. രാഷ്ട്രീയകാരണങ്ങളാല്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നതിന് ഗുണ്ടാനിയമം ദുരുപയോഗിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ പൊലീസിനെ നിയോഗിച്ചതിനാല്‍ നാട്ടില്‍ ക്രിമിനലുകളും ഗുണ്ടകളും സൈ്വരവിഹാരം നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ക്രമസമാധന പ്രശ്നമായി മാറി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കേരളത്തിന്റെ ആരോഗ്യമേഖല താറുമാറായി. മിക്ക ആശുപത്രികളിലും ഡോക്ടര്‍മാരില്ല. ഇതിനെതിരെ ഡിവൈഎഫ്ഐ ജില്ലാകേന്ദ്രങ്ങളില്‍ സമരം നടത്തും. പിഎസ്സിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല. എംഎല്‍എയും ബോര്‍ഡ് ചെയര്‍മാന്മാരും ആകാന്‍ പറ്റാത്ത ഭാഗ്യാന്വേഷികളെയാണ് മുന്നണിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പിഎസ്സി അംഗങ്ങളാക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് പരിധിയില്ലാതെ ഫീസ് വര്‍ധിപ്പിക്കുകയാണ്. പരീക്ഷ പ്രഹസനമാക്കി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ സമരം ഡിവൈഎഫ്ഐ ഏറ്റെടുക്കും. ബോള്‍ഗാട്ടി ഭൂമിപ്രശ്നത്തില്‍ നിയമം പാലിക്കുകയും വികസനം വരികയും വേണമെന്ന് സ്വരാജ് പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പി പി ദിവ്യ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സന്തോഷ്, ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈ, സെക്രട്ടറി ബിനോയി കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment