Monday, June 3, 2013

കേന്ദ്രമന്ത്രിമാരുടെ വ്യാജകത്തുകളുമായി ട്രെയിന്‍ ടിക്കറ്റ് മാഫിയ

കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും വ്യാജകത്തുകള്‍ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഉറപ്പാക്കുന്ന മാഫിയാസംഘം സജീവം. ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റുമാരാണ് വ്യാജ കത്തുകളുപയോഗിച്ച് എമര്‍ജന്‍സി ക്വാട്ടയില്‍ റിസര്‍വേഷന്‍ തരപ്പെടുത്തുന്നതെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യാജകത്തുകള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വേണുഗോപാലിനു പുറമെ കേന്ദ്രമന്ത്രിമാരായ ജയ്പാല്‍റെഡ്ഡി, ആനന്ദ്ശര്‍മ, ബിഎസ്പി എംപി അമ്പേത്ത് രാജന്‍ എന്നിവരുടെ വ്യാജ ലെറ്റര്‍ഹെഡുകളാണ് ട്രാവല്‍ ഏജന്റുമാര്‍ ദുരുപയോഗിച്ചത്. റിസര്‍വേഷന്‍ ഉറപ്പാക്കാന്‍ സാധാരണ നിരക്കിന്റെ ഇരട്ടിയിലേറെ ഇതിന് യാത്രക്കാരില്‍നിന്ന് ഈടാക്കി. വടക്കന്‍ റെയില്‍വേ വിജിലന്‍സ് വിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍തട്ടിപ്പ് കണ്ടെത്തിയത്. പരിശോധിച്ച ഏഴു കേസില്‍ അഞ്ചെണ്ണത്തിലും വ്യാജകത്തുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി.

നേരത്തെ ഊര്‍ജ സഹമന്ത്രിയായിരുന്ന വേണുഗോപാല്‍ കഴിഞ്ഞ മന്ത്രിസഭാ അഴിച്ചുപണിയോടെ വ്യോമയാന സഹമന്ത്രിയായി. എന്നാല്‍, ടിക്കറ്റ് ഉറപ്പിക്കാന്‍ നല്‍കിയ കത്തില്‍ ഊര്‍ജ സഹമന്ത്രിയെന്നാണുള്ളത്. ജയ്പാല്‍റെഡ്ഡിയുടെ പേരിലുള്ള കത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് ശാസ്ത്രിഭവന്‍ എന്നാണുള്ളത്. യഥാര്‍ഥത്തില്‍ അനുസന്ധാന്‍ ഭവനിലാണ് ഓഫീസ്. ബിഎസ്പി എംപി രാജന്റെ പേരിലുള്ള രണ്ട് വ്യാജകത്തുകള്‍ പൊലീസ് കണ്ടെടുത്തു. വ്യാജ കത്തിന്റെ സഹായത്താല്‍ യുപിയിലെ അലഹബാദില്‍നിന്ന് യാത്ര ഉറപ്പാക്കിയ വ്യക്തിയെ ചോദ്യംചെയ്തപ്പോഴാണ് മാഫിയാ പ്രവര്‍ത്തനം പൊലീസിന് ബോധ്യപ്പെട്ടത്. യുപിയിലെ ജോന്‍പുരിലുള്ള ഒരു ട്രാവല്‍ ഏജന്റില്‍ നിന്നാണ് ടിക്കറ്റ് തരപ്പെടുത്തിയതെന്നും 408 രൂപയുടെ ടിക്കറ്റിന് 900 രൂപ നല്‍കിയെന്നും യാത്രക്കാരന്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ട്രാവല്‍ ഏജന്റുമായി ബന്ധപ്പെട്ടെങ്കിലും ട്രെയിന്‍ ടിക്കറ്റുകള്‍ സ്ഥിരപ്പെടുത്തി നല്‍കാറില്ലെന്ന മറുപടിയാണ് ലഭിച്ചത്. അലഹബാദ്, ജോന്‍പുര്‍, വാരാണസി എന്നിവിടങ്ങളിലെ ട്രാവല്‍ ഏജന്റുമാരാണ് വ്യാപകമായി വ്യാജ കത്തുകള്‍ ഉപയോഗിക്കുന്നത്.

deshabhimani

No comments:

Post a Comment