ചെന്നിത്തല ഉപമുഖ്യമന്ത്രിയാകില്ല
ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച കേരളത്തില്‍ വഴിമുട്ടിയതോടെ ഹൈക്കമാന്‍ഡിന്റെ സഹായം തേടി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയിലേക്ക് ചെന്നിത്തലയെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡിന്റെ അനുമതി തേടി. രണ്ട് ദിവസത്തിനികം ഈ വിഷയത്തില്‍ അന്തിമ തീരുമനമുണ്ടാകും.
ചെന്നിത്തല ഉപമുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ കീഴ്വഴക്കം അംഗീകരിക്കേണ്ടി വരും. ഉപമുഖ്യമന്ത്രി പദത്തെച്ചൊല്ലി യുഡിഎഫിലെ ഘടകകക്ഷികളില്‍ ഉയര്‍ന്നിട്ടുള്ള വിയോജിപ്പും ഹൈക്കമാന്‍ഡ് പരിഗണിച്ചു. സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍പ് അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര പ്രവാസ കാര്യമന്ത്രി വയലാര്‍ രവിയുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. തര്‍ക്കം കേരളത്തില്‍ പരിഹരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം തുടങ്ങുംമുമ്പ് കാര്യങ്ങള്‍ തീര്‍പ്പാക്കാമെന്ന പ്രതീക്ഷയിലാണ് എ, ഐ ഗ്രൂപ്പുകള്‍.
അനിശ്ചിതത്വം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് രമേശ് ചെന്നിത്തല. അപമാനിക്കപ്പെട്ട സ്ഥിതിക്ക് മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിക്കാന്‍ ഐ ഗ്രൂപ്പില്‍നിന്ന് രമേശിനുമേല്‍ സമ്മര്‍ദം മുറുകി. ജൂണ്‍ അഞ്ചിനകം തീരുമാനമായില്ലെങ്കില്‍ ചെന്നിത്തല പരസ്യപ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്.
ഒന്നുകില്‍ ആഭ്യന്തരമന്ത്രിപദം, അല്ലെങ്കില്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഇതില്‍ ഏതെങ്കിലും ഒന്ന് കിട്ടിയില്ലെങ്കില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായതിനാല്‍ അദ്ദേഹംതന്നെ പരിഹാരവും തേടട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നിത്തലയ്ക്ക് വീണ്ടും നാണക്കേട്
ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും നാണംകെടുത്തുന്നു. കെപിസിസി പ്രസിഡന്റ്സ്ഥാനം ഒരു തവണ കൂടി ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചെന്നിത്തല ആഗ്രഹിക്കുന്ന ഉപമുഖ്യമന്ത്രിപദവി കിട്ടാക്കനിയായി മാറുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം.
കെപിസിസി പ്രസിഡന്റായി ചെന്നിത്തല തുടര്‍ന്നാലും അത് തന്റെ ഔദാര്യത്തിലാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ചെന്നിത്തല പ്രസിഡന്റായി തുടരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, കേന്ദ്രനേതൃത്വം ഇതിനോട് പ്രതികരിച്ചില്ല. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി പ്രസിഡന്റിന്റെയും അഭിപ്രായം കൂടി ആരാഞ്ഞശേഷമേ ഇക്കാര്യം അന്തിമമായി തീരുമാനിക്കൂ.
ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ ഇന്ന് കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള സന്തുലനം തകിടംമറിയുമെന്നും അത് യുഡിഎഫ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കുതന്നെ കാരണമാകുമെന്നുമാണ് ഉമ്മന്‍ചാണ്ടി കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചത്. ചെന്നിത്തല കെപിസിസി പ്രസിഡന്റായി എട്ടുവര്‍ഷം പൂര്‍ത്തിയാക്കി. ഒരു തവണകൂടി പിസിസി പ്രസിഡന്റായിരിക്കാന്‍ കഴിയില്ലെന്നതാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ഇത്രയും സമ്മര്‍ദമുണ്ടാകാന്‍ കാരണമെന്നാണ് മുഖ്യമന്ത്രി ധരിപ്പിച്ചിരിക്കുന്നത്. പിസിസി-ഡിസിസി പ്രസിഡന്റുമാരുടെ പരമാവധി കാലപരിധി രണ്ട് തവണയായും ഓരോന്നും മൂന്നുവര്‍ഷം വീതമായും എഐസിസിയുടെ ജയ്പുര്‍ പ്രഖ്യാപനത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ചെന്നിത്തലയാകട്ടെ, എട്ടുവര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജയ്പുര്‍ പ്രഖ്യാപനമനുസരിച്ച് ഇനി ഒരു പ്രാവശ്യം കൂടി കിട്ടില്ല. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രമേശിന് ഒരു തവണകൂടി കെപിസിസി പ്രസിഡന്റായി നല്‍കിയാല്‍ ഇപ്പോഴുള്ള സംഘടനാപ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ഉമ്മന്‍ചാണ്ടി ധരിപ്പിച്ചത്. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി പ്രസിഡന്റിന് മൂന്നാം അവസരവും എഐസിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരാണ്. രണ്ടായാലും കേരളത്തിന് പ്രത്യേക പരിഗണന നല്‍കേണ്ടിവരും. ഉപമുഖ്യമന്ത്രിസ്ഥാനമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യവും രമേശിന് മൂന്നാം തവണ കൂടിയും എന്ന മുഖ്യമന്ത്രിയുടെ ആവശ്യവും ഒരേപോലെ തിരസ്കരിക്കപ്പെടുമെന്നാണ് കരുതേണ്ടത്.
രമേശിനെ ഏതെങ്കിലും വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനാകും കേന്ദ്രനേതൃത്വം ശ്രമിക്കുക. ഗണേശ്കുമാര്‍ ഒഴിഞ്ഞ സ്ഥാനംമാത്രം മനസ്സില്‍ കണ്ട്, കേരള മന്ത്രിസഭയില്‍ ഇപ്പോള്‍ ഒരു ഒഴിവാണുള്ളതെന്നും അത് നികത്താന്‍ ആവശ്യമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആഭ്യന്തരം ഒരു കാരണവശാലും നല്‍കില്ലെന്നാണ് ഇതിന്റെ സൂചന. ചെന്നിത്തലയ്ക്ക് വേണമെങ്കില്‍ വനംവകുപ്പിന്റെയോ മറ്റേതെങ്കിലും വകുപ്പിന്റെയോ മന്ത്രിയാകുന്നതില്‍ എഐസിസിക്ക് എതിര്‍പ്പില്ല. എന്നാല്‍, ആഭ്യന്തരമല്ലാത്ത ഏതെങ്കിലും വകുപ്പിന്റെ മന്ത്രിയായി രമേശ് മന്ത്രിസഭയിലെത്തിയാല്‍ പുതിയ പ്രശ്നങ്ങള്‍ തലപൊക്കുമെന്നും മുഖ്യമന്ത്രി വിലയിരുത്തുന്നു. അതുകൊണ്ടാണ് പിസിസി പ്രസിഡന്റുസ്ഥാനത്തുതന്നെ രമേശിനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
(വി ജയിന്‍)
deshabhimani
No comments:
Post a Comment