Friday, June 7, 2013

അണ്‍ എയ്ഡഡില്‍ ചൂഷണം മുറുകുന്നു

അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് 30 ശതമാനം മുതല്‍ വര്‍ധിപ്പിച്ചത് രക്ഷിതാക്കളെ വലയ്ക്കുന്നു. അധ്യാപകര്‍ക്ക് കുറഞ്ഞത് 10000 രൂപയെങ്കിലും ശമ്പളം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ മറവിലാണ് ഫീസ് കുത്തനെ കൂട്ടിയത്. വാര്‍ഷിക ഫീസിന് പുറമെ വെക്കേഷന്‍ ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവയും കൂട്ടിയിട്ടുണ്ട്. കൂട്ടിയ ഫീസ് പ്രകാരം എല്‍പി സ്കൂളിലെ ഒരു വിദ്യാര്‍ഥി വര്‍ഷം 1000- 1500 രൂപയും ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി 3000- 5000 രൂപയും അധികമായി നല്‍കണം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷകര്‍ത്താവ് ഫീസ്, സ്കൂള്‍ ബസ് ഫീസ്, സ്പെഷ്യല്‍ ഫീസ്, പുസ്തകം, യൂണിഫോം എന്നിവയ്ക്കായി കാല്‍ ലക്ഷം രൂപയോളം ചെലവാക്കേണ്ടിവരുന്നു. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇത് അര ലക്ഷം കവിയും. ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ബഹുഭൂരിപക്ഷം സ്കൂളുകളിലും പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ഒപ്പിട്ട നിവേദനം സ്കൂള്‍ മാനേജ്മെന്റിന് നല്‍കി കഴിഞ്ഞു.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ തോന്നിയതുപോലെയാണ് ഫീസ് ഈടാക്കുന്നത്. സ്കൂളുകള്‍ക്ക് അസോസിയേഷനും മറ്റ് സംഘടനകളും ഉണ്ടെങ്കിലും ഫീസില്‍ ഏകീകരണമില്ല. എയ്ഡഡ് സ്ഥാപനങ്ങളോട് ചേര്‍ന്ന് ഒറ്റ സ്വകാര്യ മാനേജ് മെന്റ് നടത്തുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ് പൊതുവെ കുറഞ്ഞ ഫീസ് ഈടാക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ പോലും എല്‍പി സ്കൂളുകളില്‍ നാലുംഅഞ്ചും ഗഡുവായി 7500 രൂപ മുതല്‍ 9000 രൂപ വരെ ഫീസ് ഈടാക്കുന്നു. മുന്‍ വര്‍ഷം ഇത് 6500 രൂപയായിരുന്നു. യുപി സ്കൂളുകളില്‍ 10,000- 13000 രൂപയും ഹൈസ്കൂളില്‍ 15000 രൂപ മുതല്‍ 17500 രൂപ വരെയും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 22500 രൂപ വരെയും വാര്‍ഷിക ഫീസായി നല്‍കണം. എന്നാല്‍ വര്‍ഷം 50000 രൂപ വരെ വാര്‍ഷിക ഫീസ് വാങ്ങുന്ന ചുരുക്കം ചില സ്ഥാപനങ്ങളുമുണ്ട്. മുന്‍ വര്‍ഷം യുപി സ്കൂളില്‍ 8000 രൂപയും ഹൈസ്കൂളില്‍ 13000 രൂപയും ഹയര്‍ സെക്കന്‍ഡറിയില്‍ 17500 രൂപയുമായിരുന്നു ഫീസ്. ഇതിനു പുറമെ മാസം 500 മുതല്‍ 1000 രൂപ വരെ സ്കൂള്‍ ബസ് ഫീസും നല്‍കേണ്ടിവരുന്നു. പുസ്തകങ്ങള്‍, യൂണിഫോം, ബാഗ്, ഷൂസ് എന്നിവയ്ക്കായി 5000 രൂപ മുതല്‍ വേറെയും മുടക്കണം. പലരും വളരെ ബുദ്ധിമുട്ടിയാണ് ഈ വര്‍ഷം ഫീസ് ഒടുക്കിയത്. കുട്ടിയുടെ നിര്‍ബന്ധംമൂലം മാത്രമാണ് അണ്‍ എയ്ഡഡ് സ്കൂളില്‍ തുടരുന്നതെന്ന് പരസ്യമായി പ്രതികരിച്ച രക്ഷിതാക്കളും ഉണ്ട്.

അധ്യാപകരുടെ പേര് പറഞ്ഞ് വാങ്ങുന്ന അധിക ഫീസ് പക്ഷെ അവര്‍ക്ക് കിട്ടുന്നില്ലെന്നത് മറ്റൊരു ദുരന്തം. പലയിടത്തും 6000വും 8000വുമാണ് ഇപ്പോഴും നല്‍കുന്നത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ 10000 രൂപ നല്‍കുന്നതായി കണക്കില്‍ കാണിച്ച് ബാക്കി തുക തിരികെ ഈടാക്കുകയാണ് ചെയ്യുന്നത്. ഈ ചൂഷണം തുടരുന്നത് സ്കൂളുകളിലെ പഠന നിലവാരത്തെയും മോശമായി ബാധിക്കുന്നു. പലരും ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്കൂളുകളില്‍ തുടരാറില്ല. പരിചയ സമ്പന്നരായ അധ്യാപകരില്ലാത്തത് കുട്ടികളില്‍ കനത്ത മാനസിക പിരിമുറക്കത്തിനും കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
(ഡി ദിലീപ്)

deshabhimani

No comments:

Post a Comment