വിവാദമായ പുന്നക്കുളഞ്ഞി മണ്ണെടുപ്പ് വിഷയത്തില്‍ ജനരോഷം വകവെയ്ക്കാതെ മണ്ണുമാഫിയയും ഭരണക്കാരും വിവിധ വകുപ്പ് മേധാവികളും പ്രതിഷേധക്കാര്‍ക്കെതിരെ കള്ളക്കേസ് നല്‍കി സമരം പൊളിക്കാന്‍ നീക്കം തുടരുന്നതായി ആരോപണം. സമരം നടത്തി മണ്ണെടുപ്പിനെ നേരിട്ട മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് അടക്കുളളവരെ കളളക്കേസില്‍ കുടുക്കിയ മുന്‍ തന്ത്രം ആവര്‍ത്തിച്ച് എതിര്‍ക്കുന്നവരെയെല്ലാം വിവിധ കേസുകളില്‍ കുടുക്കി പുന്നക്കുളഞ്ഞിയെ വീണ്ടും മണ്ണെടുപ്പ് കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം മെഴുവേലി ലോക്കല്‍ കമ്മറ്റി ആരോപിച്ചു. ഫെബ്രുവരി 25ന് മണ്ണെടുപ്പ് തടഞ്ഞ് സമരം നടത്തിയ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുലോചന, ഡിവൈഎഫ്ഐ കോഴഞ്ചേരി ഏരിയാ വൈസ് പ്രസിഡന്റ് ബിഎസ് അനീഷ്മോന്‍, മെഴുവേലി മേഖലാ വൈസ് പ്രസിഡന്റ് പിആര്‍ സുരേഷ്, ഉളളന്നൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് അജു ജോണ്‍സന്‍, പ്രദേശ വാസികളായ സഹദേവന്‍, സിഡി സജി എന്നിവരെ പ്രതി ചേര്‍ത്ത് മണ്ണ് കരാറുകാര്‍ സ്ഥലം ഉടമയുടെ പേരില്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയതായിരുന്നു. ജനനേതാക്കളെ കേസില്‍ കുടുക്കാനാണ് വീണ്ടും നീക്കമെന്നാണ് മണ്ണ്മാഫിയായുടെ പുതിയ പരാതികള്‍ സൂചിപ്പിക്കുന്നതെന്ന് മെഴുവേലി ലോക്കല്‍ സെക്രട്ടറി ടികെ ജനാര്‍ദ്ദനന്‍ പറഞ്ഞു.
പരിസ്ഥിതിയേയും പ്രകൃതിയേയും പ്രതികൂലമായി ബാധിക്കുകയും നാട്ടുകാരുടെ കുടിവെളളം മുട്ടിക്കുകയും ചെയ്യുന്ന മണ്ണെടുപ്പിനെതിരെ ജനരോഷം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സമരം ശക്തമാകുമ്പോള്‍ മാത്രം മണ്ണെടുപ്പ് നിര്‍ത്തിവെപ്പിക്കുകയും ആറിത്തണുക്കുമ്പോള്‍ ഭൂമി തുരക്കുന്നതിന് മൗനാനുവാദം നല്‍കുകയും ചെയ്യുന്ന അധികൃതരുടെ നടപടികാരണമാണ് ഡിവൈഎഫ്ഐ, സിപിഐഎം അടക്കം സമരരംഗത്ത് ശക്തമായത്. പോലീസ് -റവന്യൂ-മൈനിംഗ് അധിതൃതരുടെ ഇരട്ടത്താപ്പിനെയും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ചെങ്ങന്നൂര്‍ ചിങ്ങവനം റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ കരാറുകാര്‍ക്കുവേണ്ടിയെന്ന പേരിലാണ് മണ്ണെടുപ്പിന്റെ അവകാശം നേടുന്നത്. മണ്ണെടുപ്പുകാര്‍ വ്യാജ പാസ്സ് ഉപയോഗിച്ച് മണ്ണടിച്ചതിന് പന്തളം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1445/12ല്‍ കേസെടുത്തിട്ടുണ്ട്. ഈ കേസിന്റെ തുടരന്വേഷണം അടൂര്‍ ഡിവൈഎസ്പിക്കാണ്. വി7ബിഎ/272/13 എന്ന് നമ്പറില്‍ കരാറുകാരനേയും സ്ഥലം ഉടമയേയും പ്രതിയാക്കി ഹൈക്കോടതിയില്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് വീണ്ടും മണ്ണെടുക്കുന്നതിന് ഗൂഢ ശ്രമം നടത്തുന്നത്.
സമരത്തെ തുടര്‍ന്ന് സബ്കളക്ടര്‍ അബ്ദുള്‍ സമദ്, മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ആപ്പീസര്‍ മനുലാല്‍, സതേണ്‍ റെയില്‍വെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എംകെ മോഹന്‍, കുളനട വില്ലേജ് ആപ്പീസര്‍ ഹരിലാല്‍ എന്നിവര്‍ പുന്നക്കുളഞ്ഞിയില്‍ എത്തി മണ്ണെടുപ്പ് സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജാത പ്രസന്നകുമാര്‍, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുലോചന, സിപിഐഎം ലോക്കല്‍ സെക്രട്ടറി ടികെ ജനാര്‍ദ്ധനന്‍, ഡിവൈഎഫ്ഐ ഏരിയാ വൈസ് പ്രസിഡന്റ് ബിഎസ് അനീഷ്മോന്‍, സമരസമിതി കണ്‍വീനര്‍ കെപി വിശ്വംഭരന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മണ്ണെടുപ്പ് തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കളളക്കേസ് നല്‍കി സമരം പൊളിക്കുന്നതിന് തന്ത്രം മെനയുകയായിരുന്നു.
deshabhimani
No comments:
Post a Comment