കോഴിക്കോട്: ബ്രിട്ടീഷ് ഭരണകാലത്തെ വാഗണ്‍ ട്രാജഡിയെന്ന കറുത്ത അധ്യായത്തെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ ആ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ചരിത്രത്തിലില്ലാത്ത കഥയാണ് പാറക്കല്‍ ഇസ്മയിലിന്റേത്. മൊയ്തുമൗലവി സ്മാരക ദേശീയ മ്യൂസിയത്തില്‍ ആരംഭിച്ച സ്വതന്ത്ര്യസമര ചരിത്രപ്രദര്‍ശനത്തിലാണ് ഇസ്മയിലിന്റെ ഈ ഓര്‍മക്കുറിപ്പ്.
വള്ളുവനാട് താലൂക്കിലെ പാറക്കല്‍ ഇസ്മയിലിന്റെ ആദ്യ തീവണ്ടി യാത്രയായിരുന്നു അത്. ചരക്ക് വാഗണില്‍ നിരവധി പേരെ കുത്തിനിറച്ച യാത്രയില്‍ സഹയാത്രികര്‍ ഓരോന്നായി മരിച്ചു വീഴുന്നതിന് ഇസ്മയില്‍ സാക്ഷിയായതായി കുറിപ്പിലുണ്ട്. കോയമ്പത്തൂരിലെ പോത്തന്നൂര്‍ എത്തുമ്പോഴേക്കും ഇസ്മയിലും ക്ഷീണിതനായി. വാഗണ്‍ട്രാജഡിയില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം ജയിലിലെ തടവുകാരനായിരുന്നു ഇസ്മയില്‍.
ഇന്ത്യയുമായി ബന്ധപ്പെട്ട് കാള്‍ മാര്‍ക്സ് നടത്തിയ പ്രസ്താവനയാണ് പ്രദര്‍ശനത്തിലെ മറ്റൊരു ആകര്‍ഷണം. 1857ലെ കലാപം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചത് മാര്‍ക്സ് ആണെന്ന് രേഖകള്‍ ഓര്‍മപ്പെടുത്തുന്നു. 1939ല്‍ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം, എ കെ ജി നയിച്ച പട്ടിണിജാഥ, ജാലിയന്‍വാലാബാഗ് സ്മാരകം, മാനന്തവാടി പഴശ്ശി സ്മാരകം, ഗാന്ധിജിയുടെ ദണ്ഡിയാത്ര തുടങ്ങിയവയെക്കുറിച്ചുള്ള വിവരവും ചിത്രവും ഉണ്ട്. സ്വാതന്ത്ര്യസമര നേതാക്കളുടെ സംഭാവനകളും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇ മൊയ്തുമൗലവിയുടെ ചരമവാര്‍ഷിക ദിന ഭാഗമായി പിആര്‍ഡി സംഘടിപ്പിക്കുന്ന പ്രദര്‍ശനം എട്ടിന് സമാപിക്കും.
deshabhimani

No comments:
Post a Comment