Thursday, June 13, 2013

ഗ്രീസില്‍ വാര്‍ത്ത നിലച്ചു

സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രീസില്‍ ചെലവുചുരുക്കലിന്റെ പേരില്‍ ഔദ്യോഗിക ടിവി ചാനലുകളും റേഡിയോയും ഉള്‍പ്പെടുന്ന പൊതുവാര്‍ത്താപ്രക്ഷേപണ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. ഇതിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധവും പുറത്ത് വിമര്‍ശനവും ശക്തമായി. പത്രപ്രവര്‍ത്തക യൂണിയന്റെ ആഹ്വാനപ്രകാരം സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിയതോടെ ബുധനാഴ്ച ഗ്രീസില്‍ "വാര്‍ത്തയില്ലാദിന"മായി. ഭരണമുന്നണിയിലെ തന്നെ മറ്റ് കക്ഷികള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത് രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നയിക്കുകയാണ്.

മൂന്ന് ടിവി ചാനലുകളും റേഡിയോയും ഉള്‍പ്പെടുന്ന ഔദ്യോഗിക പ്രക്ഷേപണ വിഭാഗമായ "ഇആര്‍ടി" അടച്ചുപൂട്ടാനുള്ള തീരുമാനം ചൊവ്വാഴ്ച രാത്രി ഞെട്ടലോടെയാണ് ഗ്രീസ് ശ്രവിച്ചത്. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് ഇആര്‍ടിയില്‍ നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ വക്താവ് സൈമോസ് കെദികോഗ്ലുവാണ് പ്രഖ്യാപിച്ചത്. പിന്നീട് ചെറിയ നിലവാരത്തില്‍ സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മണിക്കൂറുകള്‍ക്കകം ടിവി സ്ക്രീനുകള്‍ കറുത്തു. റേഡിയോ നിലച്ചു. 75 വര്‍ഷത്തെ പാരമ്പര്യമുള്ള പൊതു വാര്‍ത്താപ്രക്ഷേപണം അവസാനിപ്പിക്കുന്ന വാര്‍ത്തയറിഞ്ഞ് ജനങ്ങളും മാധ്യമപ്രവര്‍ത്തകരും തെരുവിലിറങ്ങി. വടക്കന്‍ ഏതന്‍സിന്റെ പ്രാന്തത്തിലെ ഇആര്‍ടി ആസ്ഥാനത്തിന് മുന്നില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. തെസലോനിക്കിയിലെ മേഖലാ കേന്ദ്രത്തിനു മുന്നിലും നൂറുകണക്കിനാളുകള്‍ പ്രതിഷേധിച്ചു. സംപ്രേഷണം അവസാനിച്ചിട്ടും ജീവനക്കാര്‍ ഓഫീസില്‍നിന്ന് ഇറങ്ങിയില്ല. വാര്‍ത്താ അവതാരകര്‍ അവസാനവാര്‍ത്തയും വായിച്ചശേഷം സ്റ്റുഡിയോയില്‍ കണ്ണീര്‍ വാര്‍ത്തു. ഇആര്‍ടി ആസ്ഥാനത്ത് പൊലീസിന്റെ ആജ്ഞ അവഗണിച്ചും തമ്പടിച്ചിരിക്കുന്ന ജീവനക്കാര്‍ ഓണ്‍ലൈനിലൂടെ വാര്‍ത്താപ്രക്ഷേപണം നടത്തുകയാണ്.

1938ല്‍ പ്രക്ഷേപണം ആരംഭിച്ച ഇആര്‍ടിക്കുകീഴില്‍ മൂന്ന് ടിവി ചാനലിനുപുറമെ ഏഴ് ദേശീയ റേഡിയോ സ്റ്റേഷനുകളും 19 പ്രാദേശിക സ്റ്റേഷനുകളുമുണ്ട്. ഇവിടങ്ങളിലെ 2500 ലേറെ ജീവനക്കാരെ വഴിയാധാരമാക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ ദേശീയപണിമുടക്ക് ആരംഭിച്ചു. ഇആര്‍ടി ജനങ്ങളുടേതാണെന്നും അത് അങ്ങനെതന്നെ നിലനിര്‍ത്തണമെന്നും പൊതുമേഖലാ യൂണിയന്‍ ജിഎസ്ഇഇ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഗ്രീസിന് ധനസഹായം അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) മറ്റും മുന്നോട്ടുവച്ച ചെലവുചുരുക്കല്‍ നീക്കങ്ങളുടെ ഭാഗമായാണ് ഇആര്‍ടി പൂട്ടാനുള്ള തീരുമാനം. മറ്റ് രാജ്യങ്ങള്‍ ഗ്രീക്ക് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. അന്റോണിസ് സമാരസിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി മുന്നണിയിലെ മറ്റ് രണ്ട് കക്ഷികളും തീരുമാനത്തെ എതിര്‍ത്തു. തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെന്നും ഇതിനോട് യോജിക്കുന്നില്ലെന്നും സോഷ്യലിസ്റ്റ് കക്ഷിയായ പസോക്കും ഡെമോക്രാറ്റിക് ലെഫ്റ്റ് പാര്‍ടിയും വ്യക്തമാക്കി.

deshabhimani

1 comment:

  1. http://despoticorg.blogspot.in/2013/06/trivandrum-victim.html

    We have got a story of agony to share. An experience of mental torture, despotism and autocratic behavior. Please help us. This is not a troll post or one which seeks 'hits'. Please dont see this as bogus post. All documents are in SCRIBD. Thank You. Please spread.

    ReplyDelete