ഹരിയാനയിലെ കുരുക്ഷേത്രയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ജിന്‍ഡാല്‍ രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയുമാണ്. അഴിമതിക്ക് കൂട്ടുനിന്ന അന്നത്തെ കല്‍ക്കരി സഹമന്ത്രി ദസരി നാരായണ്‍ റാവു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനാണ്. തെലുങ്ക് സിനിമാസംവിധായകനും നടനുമായ നാരായണ്‍ റാവുവിനെ സോണിയ താല്‍പ്പര്യമെടുത്താണ്് രാജ്യസഭയില്‍ എത്തിച്ചത്. രണ്ടുവട്ടം കല്‍ക്കരി വകുപ്പ് സഹമന്ത്രിസ്ഥാനവും നല്‍കി. ദസരി സഹമന്ത്രിയായപ്പോഴാണ് അഴിമതി ഇടപാട് നടന്നത്. ഈ ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു കല്‍ക്കരി വകുപ്പ്. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണോ അഴിമതി ഇടപാടുകളെന്ന വസ്തുതയാണ് ഇനി പുറത്തുവരാനുള്ളത്. പാടങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ജിന്‍ഡാല്‍ ഹരിയാനയില്‍നിന്നുള്ള ലോക്സഭാംഗമാണ്. ജിന്‍ഡാലിന്റെ കമ്പനികള്‍ക്ക് വാരിക്കോരി കല്‍ക്കരിപ്പാടം അനുവദിച്ചത് തുടക്കത്തിലെ വിവാദമുയര്‍ത്തിയിരുന്നു. അഴിമതി ഇടപാട് നടന്ന ഘട്ടത്തില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി യായിരുന്ന എച്ച് സി ഗുപ്തയെ ചോദ്യംചെയ്യാന്‍ ഒടുവിലാണ് സിബിഐക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. നിലവില്‍ കോമ്പറ്റീഷന്‍ കമീഷന്‍ അംഗമാണ് ഗുപ്ത. ചോദ്യംചെയ്യാന്‍ കോര്‍പറേറ്റ്കാര്യ വകുപ്പിന്റെ അനുമതിയാണ് വേണ്ടിയിരുന്നത്. പലവട്ടം സിബിഐ അപേക്ഷിച്ചെങ്കിലും കേന്ദ്രം നിരാകരിക്കുകയായിരുന്നു. അനുമതിക്കായി കോടതിയെ സമീപിക്കാന്‍ സിബിഐ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് തീരുമാനം വന്നത്. സിബിഐ കോടതിയില്‍ പോയാല്‍ നാണക്കേടാകുമെന്ന് തിരിച്ചറിഞ്ഞാണ് അനുമതി നല്‍കിയത്.
(എം പ്രശാന്ത്)
ജിന്‍ഡാലും ദസരിയും പ്രതികള്‍
കല്‍ക്കരി കുംഭകോണക്കേസില്‍ കോണ്‍ഗ്രസ് എംപിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിനെയും മുന്‍ കല്‍ക്കരിസഹമന്ത്രിയും ആന്ധ്രയില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദസരി നാരായണ്‍റാവുവിനെയും സിബിഐ പ്രതിചേര്‍ത്തു. സിബിഐ ഫയല്‍ചെയ്ത ഏറ്റവും പുതിയ എഫ്ഐആറിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. അഴിമതി, കോഴപ്പണം കൈമാറല്‍, ക്രിമിനല്‍ പ്രവര്‍ത്തനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. യുപിഎ സര്‍ക്കാര്‍ ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടം വിതരണംചെയ്തതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് നവീന്‍. 11 കല്‍ക്കരിപ്പാടങ്ങളാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇതുവഴി 258 കോടി ടണ്‍ കല്‍ക്കരിശേഖരം ജിന്‍ഡാല്‍ ഗ്രൂപ്പിന് സ്വന്തമായി. കല്‍ക്കരിപ്പാടങ്ങള്‍ ചുളുവില്‍ സ്വന്തമാക്കിയെങ്കിലും ഇതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വിറ്റ് വന്‍ലാഭം ജിന്‍ഡാല്‍ ഗ്രൂപ്പ് നേടി. പൊതുമേഖലയിലുള്ള എന്‍ടിപിസി യൂണിറ്റിന് 2.20 രൂപ ഈടാക്കുമ്പോള്‍ ജിന്‍ഡാല്‍ വൈദ്യുതി വിറ്റത് യൂണിറ്റിന് 3.85 മുതല്‍ 4.30 രൂപവരെ നിരക്കിലാണ്. കൊള്ളവിലയ്ക്ക് വൈദ്യുതി വിറ്റ് 1765 കോടി രൂപയുടെ ലാഭമാണ് 2011-12 സാമ്പത്തികവര്‍ഷത്തില്‍ ജിന്‍ഡാലിന്റെ വൈദ്യുതിക്കമ്പനി നേടിയത്. ഓഹരിവിപണിയില്‍ ജിന്‍ഡാല്‍ ഓഹരികള്‍ കുതിച്ചുകയറാനും ഇത് വഴിയൊരുക്കി.
രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായ നവീന്‍ കോണ്‍ഗ്രസിന്റെ യുവനിരയിലെ പ്രമുഖനായാണ് അറിയപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ദസരി നാരായണ്‍റാവു അറിയപ്പെടുന്ന തെലുങ്ക് സിനിമാപ്രവര്‍ത്തകനാണ്. നൂറ്റമ്പതിലേറെ ചിത്രം സംവിധാനംചെയ്ത നാരായണ്‍റാവു 2000 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായശേഷം വലിയ പരിഗണനയാണ് നാരായണ്‍റാവുവിന് ലഭിച്ചത്. രാജ്യസഭാംഗത്വം നല്‍കിയതിനുപുറമേ 2004-06 കാലത്തും 2006-08 കാലയളവിലും കല്‍ക്കരിസഹമന്ത്രിസ്ഥാനവും ലഭിച്ചു. വിവാദമായ കല്‍ക്കരി ഇടപാടുകള്‍ ഇക്കാലയളവിലാണ്. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കാന്‍ നവീന്‍ അന്ന് സഹമന്ത്രിയായ നാരായണ്‍റാവുവിന് കോഴപ്പണം കൈമാറിയെന്നാണ് സിബിഐ ഇപ്പോള്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലുള്ളത്. പല പ്രധാന വിവരങ്ങളും മറച്ചുവച്ചാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
1998ല്‍ എന്‍ഡിഎ ഭരണകാലത്തും ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം ലഭിച്ചിരുന്നു. നവീന്റെ അച്ഛനും പ്രമുഖ വ്യവസായിയുമായ ഒ പി ജിന്‍ഡാലായിരുന്നു അന്ന് കമ്പനിയുടെ തലപ്പത്ത്. ഈ ഇടപാടും അന്വേഷണ വിധേയമാക്കുന്നുണ്ട്. ജിന്‍ഡാലിന്റെ ഡല്‍ഹിയിലെ വീട്ടിലും ഓഫീസുകളിലും നാരായണ്‍റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ഗഗന്‍ സ്പോഞ്ച്, ജിന്‍ഡാല്‍ റിയാലിറ്റി, എന്‍ഡി എക്സിം എന്നീ കമ്പനികളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാവുവിന്റെ സൗഭാഗ്യ മീഡിയ കമ്പനിക്കെതിരെയും കേസുണ്ട്. സിബിഐയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ജിന്‍ഡാല്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. വിപണിയില്‍ ജിന്‍ഡാല്‍ ഗ്രൂപ്പ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. 23 ശതമാനം ഇടിവാണ് ചൊവ്വാഴ്ച സംഭവിച്ചത്.
deshabhimani
No comments:
Post a Comment