Monday, June 3, 2013

തീരുമാനമെടുക്കേണ്ടത് സര്‍ക്കാരും പോര്‍ട്ട്ട്രസ്റ്റും: പിണറായി

ലുലുമാളും ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റ് പാട്ടത്തിനു നല്‍കിയ ഭൂമിയിലെ നിര്‍ദിഷ്ട നിക്ഷേപ പദ്ധതിയും സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യൂസഫലിയുടെ നിക്ഷേപപദ്ധതികള്‍ക്ക് പാര്‍ടി എതിരല്ല. ലുലുമാളിനും ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട പദ്ധതിക്കുമെതിരെ സമരം നടത്താന്‍ പാര്‍ടി ഉദ്ദേശിക്കുന്നില്ല. ബോള്‍ഗാട്ടി പദ്ധതിയില്‍നിന്ന് യൂസഫലി പിന്മാറരുതെന്നും പിണറായി ആവശ്യപ്പെട്ടു. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമി പാട്ടത്തിനു നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചല്ല എന്നാണ് ആക്ഷേപം. യൂസഫലി ലേലത്തില്‍ പങ്കെടുത്താണ് ഭൂമി പാട്ടത്തിനെടുത്തത്. പാട്ടത്തിന് നല്‍കിയ പോര്‍ട്ട് ട്രസ്റ്റാണ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്. ആരോപണമുന്നയിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നത് യൂസഫലിക്ക് 2.10 ലക്ഷത്തിന് നല്‍കിയപ്പോള്‍ നേരത്തെ ഗോശ്രീക്ക് ഒമ്പത് ലക്ഷം രൂപ നിരക്കിലാണ് ഭൂമി നല്‍കിയതെന്നാണ്. എം എം ലോറന്‍സിന്റെ ബന്ധു കൈയേറിയെന്ന് പോര്‍ട്ട് ട്രസ്റ്റ് ആരോപിക്കുന്ന ഭൂമിക്ക് പോര്‍ട്ട് ട്രസ്റ്റ് കണക്കാക്കിയത് 33 ലക്ഷം രൂപയാണ്. പാട്ടത്തിനു നല്‍കുന്നതില്‍ മാനദണ്ഡങ്ങളുടെ ലംഘനം ഉണ്ടായെന്ന പ്രശ്നമാണ് പാര്‍ടി എറണാകുളം ജില്ലാ കമ്മറ്റി ഉന്നയിച്ചത്. അതില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കേണ്ടത് പോര്‍ട്ട് ട്രസ്റ്റും ബന്ധപ്പെട്ട അധികൃതരുമാണ്. വീഴ്ച ഉണ്ടായെങ്കില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലിന് തയ്യാറാകണം. എന്നാല്‍, യൂസഫലി പ്രഖ്യാപിച്ച രീതിയില്‍ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടതില്ല. സിപിഐ എം ഉയര്‍ത്തിയത് യൂസഫലിക്ക് എതിരായ മുദ്രാവാക്യമല്ല. മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം യൂസഫലിക്കു തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. വരാന്‍ പോകുന്ന നിക്ഷേപ പദ്ധതിയെ തടസ്സപ്പെടുത്തുന്ന ഒരു പ്രക്ഷോഭത്തിനും സിപിഐ എം ഉദ്ദേശിക്കുന്നില്ല.

ലുലുമാള്‍ നിര്‍മാണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സാങ്കേതികാനുമതി നല്‍കിയതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല. ലുലുമാളില്‍ പതിനായിരക്കണക്കിനാളുകളാണ് എത്തുന്നത്. മാളിനു മുമ്പില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഇവിടെ നിര്‍മിക്കാന്‍ പോകുന്ന ഫ്ളൈ ഓവര്‍ ലുലുമാളിന്റെ ചെലവില്‍ വേണമെന്ന് പാര്‍ടി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യമുന്നയിച്ചു. ഇത് ലുലുമാളിനെതിരെയെന്ന് വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഈ ഫ്ളൈ ഓവറിനുള്ള തുക വൈറ്റിലയിലും മറ്റും നേരത്തെ പ്രഖ്യാപിച്ച ഫ്ളൈ ഓവറുകള്‍ക്ക് ഉപയോഗിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്തുചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ മുനിസിപ്പല്‍ നിയമത്തിലെ 358-ാം വകുപ്പ് നോക്കുന്നത് നന്നായിരിക്കും. പ്രതീക്ഷിക്കാത്ത രൂപത്തില്‍ റോഡ്-ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിന് കാരണക്കാരായ സ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വകുപ്പാണത്. സര്‍ക്കാര്‍ എന്ത് സമീപനം സ്വീകരിച്ചാലും ലുലുമാളിനു മുമ്പില്‍ സമരത്തിന് പാര്‍ടി ഉദ്ദേശിക്കുന്നില്ല.

ഇടപ്പള്ളിത്തോട് യൂസഫലി കൈയേറിയെന്ന് പാര്‍ടി ആരോപിച്ചിട്ടില്ല. തോടിന്റെ വീതി കുറഞ്ഞ നടപടി ഉണ്ടായെങ്കില്‍ തിരുത്തണമെന്നാണ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടത്. ഇത് പാര്‍ടിയല്ല ആദ്യമായി ഉന്നയിച്ചത്. എല്‍ഡിഎഫ് ഭരണത്തിലും ഇപ്പോഴും ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ഉപദേശകനായ ബി ആര്‍ മേനോന്‍ മന്ത്രി പി ജെ ജോസഫിനും കലക്ടര്‍ക്കും കോര്‍പറേഷന്‍ മേയര്‍ക്കും സെക്രട്ടറിക്കും കത്ത് കൊടുത്തതാണ്. മറുപടിയില്ലാത്തതിനാല്‍ രണ്ടാമതും കത്ത് നല്‍കി. അന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നെങ്കില്‍ വിവാദം വരുമായിരുന്നോ. കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പറേഷനാണ് അനാസ്ഥ കാണിച്ചത്. കൊച്ചി മെട്രോ റെയില്‍ കമ്പനിയും പരാതി ഉന്നയിച്ചിരുന്നു. ലുലുമാള്‍ നിര്‍മാണഘട്ടത്തില്‍ ഇടപ്പള്ളിത്തോട് സംരക്ഷിക്കുന്നതില്‍ നഗരസഭ വീഴ്ച വരുത്തിയോ എന്ന് പരിശോധിക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച പരിശോധന കാലതാമസമില്ലാതെ നടത്തി ഉചിതമായ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഉപദേശകന്‍ അറിയിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും അന്വേഷിക്കണം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച പ്രമുഖ വ്യവസായികളില്‍ ഒരാളാണ് യൂസഫലി. മനുഷ്യത്വപരമായ സമീപനമാണ് അദ്ദേഹത്തെ മറുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. ഗള്‍ഫ് മലയാളികള്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ യൂസഫലിയെ ആശ്രയമായി കാണുന്നു. യൂസഫലിയുടെ സ്ഥാപനങ്ങളെയോ നിക്ഷേപങ്ങളെയോ പാര്‍ടി എതിര്‍ത്തിട്ടില്ല. യൂസഫലി സംസ്ഥാനത്ത് ഇനിയും നിക്ഷേപം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ലുലുമാള്‍, ബോള്‍ഗാട്ടി പദ്ധതികളെക്കുറിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും പാര്‍ടി പറഞ്ഞതും തമ്മില്‍ വൈരുധ്യമുണ്ടെന്നത് മാധ്യമവ്യാഖ്യാനമാണെന്ന് പിണറായി പറഞ്ഞു.

മനംമാറ്റം നല്ല കാര്യം; ഭാവിയിലും തുടരണം

വികസനപദ്ധതികള്‍ മുടക്കിയവര്‍ക്ക് ഇപ്പോഴുണ്ടായ മനംമാറ്റം നല്ല കാര്യമാണെന്നും ഈ സമീപനം ഭാവിയിലും സ്വീകരിക്കുന്നത് നന്നായിരിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ താല്‍പ്പര്യത്തിന് അനുയോജ്യമായ എല്ലാ നിക്ഷേപങ്ങളെയും സിപിഐ എം അനുകൂലിക്കും. വികസനസാധ്യതയുള്ള നിക്ഷേപപദ്ധതികളെ പാര്‍ടി എതിര്‍ത്തിട്ടില്ല. എന്നാല്‍, ചില വ്യക്തികളുടെയും സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും എതിര്‍പ്പുകാരണം ആരംഭിക്കാന്‍ കഴിയാതെ പോയ എത്രയോ പദ്ധതികളാണുള്ളതെന്നും പിണറായി ചോദിച്ചു. സങ്കുചിതകാരണങ്ങളാല്‍ ചിലര്‍ പദ്ധതികളെ എതിര്‍ത്തു. ചില മാധ്യമങ്ങള്‍ ഒപ്പംചേര്‍ന്നു. ആ സമരങ്ങളുടെയും എതിര്‍പ്പിന്റെയും കൂടെ വീറോടെ അണിനിരന്ന ചില മാന്യന്മാര്‍ യൂസഫലിയുടെ നിക്ഷേപത്തിനെതിരായ സമീപനം സ്വീകരിക്കുന്നില്ല. അവര്‍ക്ക് യഥാര്‍ഥത്തില്‍ മനംമാറ്റം വന്നിരിക്കുന്നു. ഈ സമീപനമാണ് ഭാവിയില്‍ ഇത്തരക്കാരും മാധ്യമങ്ങളും സ്വീകരിക്കേണ്ടത്. നാടിന്റെ വിശാലമായ താല്‍പ്പര്യത്തിന് യോജിച്ച നിക്ഷേപം സ്വാഗതംചെയ്യുന്ന സമീപനം ഇവര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

എതിര്‍പ്പുമൂലം നടക്കാതെ പോയ നിരവധി സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങളുണ്ട്. 43 മുനിസിപ്പാലിറ്റികളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച 283 കോടി രൂപയുടെ കേന്ദ്ര വൈദ്യുതിപദ്ധതി (ആര്‍എപിഡിആര്‍എ) ഇതിലൊന്നാണ്. കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത് വിവാദമാക്കി പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഉന്നയിച്ച ആരോപണം ചില മാധ്യമങ്ങള്‍ ഏറ്റെടുത്തു. അഴിമതി ആരോപിച്ചത് പിശകായിപ്പോയെന്നും താന്‍ പറഞ്ഞിട്ടാണ് ഉമ്മന്‍ചാണ്ടി ആരോപണം ഉന്നയിച്ചതെന്നും 2011 ഒക്ടോബര്‍ 20ന് ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ ഏറ്റുപറഞ്ഞു. നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മുഴുവന്‍ തുകയും ഗ്രാന്റായി ലഭിക്കുമായിരുന്ന പദ്ധതിയാണ് അന്ന് മുടക്കിയത്.

deshabhimani

No comments:

Post a Comment