Monday, June 3, 2013

ജലവിമാനം റാഞ്ചുന്നത് കാല്‍ലക്ഷം പേരുടെ തൊഴിലിടം

ലക്ഷങ്ങളുടെ പ്രചാരണ കോലാഹലങ്ങളോടെ ഉദ്ഘാടനം ചെയ്ത ജലവിമാന പദ്ധതിയിലൂടെ തൊഴില്‍ നഷ്ടമാവുന്നത് കാല്‍ലക്ഷത്തോളം പേര്‍ക്ക്. പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചതാകട്ടെ ഒരു വിദേശി പൈലറ്റിന് മാത്രം. ദേശീയ മാധ്യമങ്ങളിലെ അഖിലേന്ത്യാ എഡിഷനില്‍ ഉള്‍പ്പെടെ പദ്ധതിയുടെ പരസ്യത്തിനായി കോടികളാണ് സര്‍ക്കാര്‍ ധൂര്‍ത്തടിച്ചത്. പട്ടിണിയും പോഷകാഹാരക്കുറവുംമൂലം അട്ടപ്പാടിയിലും മറ്റും കുട്ടികള്‍ മരിച്ചുവീഴുമ്പോഴും സംസ്ഥാനത്തുടനീളം പകര്‍ച്ചപ്പനി പടരുമ്പോഴുമാണ് സര്‍ക്കാരിന്റെ ഈ നീക്കം. പദ്ധതി യാഥാര്‍ഥ്യമായതോടെ ആലപ്പുഴ വേമ്പനാട്ട് കായലിലെ ആര്യാട് ഭാഗത്തുമാത്രം ഏതാണ്ട് 20,000ലേറെ പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. കൊല്ലം അഷ്ടമുടിക്കായല്‍ പ്രദേശത്തെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും നൂറുകണക്കിന് കക്കവാരല്‍ തൊഴിലാളികള്‍ക്കും തൊഴിലിടം നഷ്ടമാവും. അഷ്ടമുടിക്കായലില്‍ അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് ബദല്‍ സംവിധാനമോ നഷ്ടപരിഹാരമോ ജലവിമാന പദ്ധതിയില്‍ ഉണ്ടായില്ല. രാജ്യത്തെ ആദ്യ പദ്ധതിക്ക് പാരിസ്ഥിതിക ആഘാത പഠനവും നടത്തിയതുമില്ല. ഏവിയേഷന്‍ സ്ഥാപനമായ പവന്‍ഹന്‍സിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് മാത്രം പിന്‍ബലമാക്കിയാണ് കൈരളി ഏവിയേഷനെ സര്‍ക്കാര്‍ രംഗത്തിറക്കിയത്.

ഏഴോ എട്ടോ മണിക്കൂര്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസിന് ഇറക്കിയിട്ടുള്ള വിമാനം പറത്താനാകുക. പൈലറ്റിനു പുറമെ അഞ്ചു യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാവുക. യാത്രക്കാര്‍ ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഒരു ദിവസം പരമാവധി 40 പേര്‍ക്കും അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ 80 പേര്‍ക്കും മാത്രമാണ് യാത്ര ചെയ്യാനാകുക.

ഒരു കിലോമീറ്റര്‍ നീളത്തിലും 250 മീറ്റര്‍ വീതിയിലുമുള്ള പ്രദേശമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തക എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ ഇരു കായലിലെയും രണ്ടു കിലോമീറ്റര്‍ പ്രദേശമാണ് കെട്ടിയടച്ചത്. 500 ഏക്കറിലേറെ വിസ്തൃതിയുള്ള പ്രദേശത്താണ് ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികളെ തടഞ്ഞത്. ഇപ്പോള്‍ കെട്ടിയടക്കപ്പെട്ട ആര്യാട് കായല്‍ ഭാഗത്തുമാത്രം നാലു കക്കവാരല്‍ തൊഴിലാളി സഹകരണ സംഘങ്ങളുണ്ട്്. ഇതിനു കീഴില്‍ ആയിരക്കണക്കിന് തൊഴിലാളികളും. ഇവര്‍ ഒരു പാട്ട കക്കക്ക് സര്‍ക്കാരിന് റോയല്‍റ്റിയായും വില്‍പ്പനനികുതിയായും ഒടുക്കുന്നത് നാലു രൂപയാണ്. വിമാനമിറങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് ഒരു രൂപപോലും സര്‍ക്കാരിന് ലഭിക്കുന്നില്ലെങ്കിലും പ്രചാരണത്തിനായി സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് കോടികളാണ്.

പദ്ധതികൊണ്ടുള്ള നേട്ടം വിമാനമോടിക്കുന്ന ബല്‍ജിയംകാരനായ വൈറ്റില്‍ ഫാബ്രിക് എന്ന പൈലറ്റിനു മാത്രമാണ്. അഞ്ചുലക്ഷം രൂപയാണ് തുടക്കത്തില്‍ ഇയാളുടെ ശമ്പളം. താമസസൗകര്യം, ഭക്ഷണം എന്നിവയ്ക്കായുള്ള ചെലവും മൂന്നുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റിന്റെ ചെലവും ഇതിനു പുറമെയാണ്. പദ്ധതി ലാഭമായാല്‍ ഇതിനു നേതൃത്വം നല്‍കുന്ന കൈരളി ഏവിയേഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിനും നേട്ടമുണ്ടാകും. ഇതിനെല്ലാം വലിയ വിലകൊടുക്കേണ്ടത് മത്സ്യസമ്പത്തിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ്.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment