Wednesday, June 12, 2013

ഭൂ മാഫിയക്ക്വേണ്ടിയുള്ള കള്ളപ്രചാരണം മനോരമ അവസാനിപ്പിക്കണം

നാദാപുരം: ഭൂ മാഫിയകള്‍ക്ക് വേണ്ടി മനോരമ നടത്തുന്ന കൂലിഎഴുത്ത് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐക്കെതിരെയുള്ള കള്ളപ്രചാരണം ജനം തിരിച്ചറിയണമെന്നും നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഭൂ മാഫിയകളെ തുരത്തുക, മലയോരത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ വന്‍കിട ഖനന കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ എട്ടിന് നടത്തിയ ബഹുജന മാര്‍ച്ചിന്റെ പിന്തുണയില്‍ വിളറിപൂണ്ട ഭൂമാഫിയകളും അവരുടെ കൂലി എഴുത്തുകാരായ മനോരമയും ഡിവൈഎഫ്ഐക്ക് നേരെ വ്യാപകമായ കള്ളപ്രചാരണമാണ് നടത്തുന്നത്. മാര്‍ച്ചില്‍ വ്യാപകമായി അക്രമം നടന്നുവെന്ന് പ്രചരിപ്പിക്കുന്ന മനോരമ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കള്ളപ്രചാരണം നടത്തുകയാണ്. പത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍ ഉടുമ്പിറങ്ങിമലയില്‍ എത്തിയിരുന്നു. ഇവര്‍ക്കൊന്നും ലഭിക്കാതിരുന്ന തീ ആളിപ്പടരുന്ന ചിത്രം മനോരമക്ക് എവിടെ നിന്നാണ് ലഭിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ പടംവെച്ച് ഇവരുടെ വസ്ത്രങ്ങളും മറ്റും തീയിട്ട് നശിപ്പിച്ചെന്ന കള്ള വാര്‍ത്ത നല്‍കി. കരാറുകാരന്റെ തൊഴിലാളികളുടെ പടംവെച്ച് കള്ളവാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു മനോരമ.

നാടിന്റെ പരിസ്ഥിതി അന്തരീക്ഷം തകര്‍ക്കാന്‍ കൊണ്ടുവന്ന യന്ത്രങ്ങളോടാണ് മനോരമക്ക് സഹതാപം. നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കണമെന്നും എന്തൊക്കെ കള്ളപ്രചാരണം നടത്തിയാലും കള്ളപ്പണക്കാരും തീവ്രവാദികളും നാട് കൊള്ളയടിക്കുന്നതിനെതിരെ ആരംഭിച്ച സമരം പൂര്‍വാധികം ശക്തിപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment