Wednesday, June 12, 2013

കൊക്കകോള കമ്പനി തുറക്കാന്‍ വീരന്‍ സമീപിച്ചു: കൃഷ്ണന്‍കുട്ടി

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി തുറക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് എം പി വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചിരുന്നതായി സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് നേതാവ് കെ കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫ്രൂട്ട് ജ്യൂസ് ഉല്‍പ്പാദിപ്പിക്കാനുള്ള കമ്പനിയെന്ന മട്ടില്‍ തുറപ്പിക്കാനായിരുന്നു പദ്ധതി. കമ്പനിക്കായി പുറത്ത് നിന്ന് വെള്ളം എത്തിക്കുമെന്നും നാട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രതിഷേധം പ്രകടിപ്പിക്കരുതെന്നുമായിരുന്നു ആവശ്യം. വീരനൊപ്പം പിഎയും കൊക്കകോള ലെയ്സണ്‍ ഓഫീസര്‍ അഗര്‍വാളുമുണ്ടായിരുന്നു. കമ്പനിക്കെതിരായ കേസില്‍ പെരുമാട്ടി പഞ്ചായത്തിന്റെ അഭിഭാഷകനെ മാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റിനും പണം വാഗ്ദാനം ചെയ്തിരുന്നു. രണ്ടുകോടി രൂപയും ബംഗളൂരുവില്‍ വീടുമായിരുന്നു വാഗ്ദാനം. വിസമ്മതം അറിയിച്ച പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണനെ അവഗണിച്ച് കൊക്കോകോളയ്ക്കായി നിലപാടെടുക്കാന്‍ കഴിയില്ലെന്ന് അന്ന് വീരേന്ദ്രകുമാറിനെ അറിയിക്കുകയായിരുന്നു- കൃഷ്ണന്‍കുട്ടി പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയനിലപാട് കാപട്യമുള്ളതാണ്. ചിറ്റൂര്‍ സീറ്റ് കിട്ടാത്തതിനാലാണ്് സീനിയര്‍ വൈസ് പ്രസിഡന്റ് പദവിഒഴിഞ്ഞതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അങ്ങനെയെങ്കില്‍ കോഴിക്കോട് സീറ്റ് കിട്ടാത്തതുകൊണ്ടല്ലേ വീരന്‍ എല്‍ഡിഎഫ് വിട്ടതെന്ന് ചോദിക്കേണ്ടിവരും. ഒരു സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ച വീരേന്ദ്രകുമാറിനൊപ്പം നിന്നത് തെറ്റായിരുന്നു. അങ്ങനെ ചെയ്യേണ്ടിവന്നതില്‍ ദുഃഖമുണ്ട്. 1982ല്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ കാസ്റ്റിങ് വോട്ട് ഒഴിവാക്കാനായി തനിക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയിരുന്നു. നിലപാടിന്റെ പേരിലാണ് ഇതെല്ലാം വേണ്ടെന്നുവച്ചത്. അതിനാല്‍ വീരേന്ദ്രകുമാര്‍ പറയുന്നത് ആരും വിശ്വസിക്കില്ല. ചിറ്റൂര്‍ സീറ്റ് ചോദിച്ചിട്ടില്ല. എന്നാല്‍, നെന്മാറയില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് വീരേന്ദ്രകുമാറിന്റെ നിര്‍ദേശപ്രകാരം ഒരു സിപിഐ എം നേതാവുമായി ചര്‍ച്ച നടത്തിയതായും കൃഷ്ണന്‍കുട്ടി പറഞ്ഞു. സ്വയം പാര്‍ടിയില്‍നിന്ന് രാജിവയ്ക്കില്ല. പുറത്താക്കുന്നതുവരെ തുടരും. പുറത്തായാലും ജനകീയ കാര്‍ഷിക കൂട്ടായ്മയുമായി മുന്നോട്ടുപോകും. പരിസ്ഥിതി സ്നേഹിയായ വീരേന്ദ്രകുമാര്‍ ആറന്മുള വിമാനത്താവളം സംബന്ധിച്ചോ വയനാട്ടില്‍ കുന്നിടിച്ച് വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി സംബന്ധിച്ചോ മിണ്ടുന്നില്ല. സോഷ്യലിസ്റ്റ് ജനതാദള്‍ പാര്‍ടി രജിസ്ട്രേഷനിടെ വീരേന്ദ്രകുമാര്‍ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചിരുന്നു. സ്വന്തം പിഎയുടെയും മറ്റൊരാളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ടിയില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളിലെ ഒരു വിഭാഗം ലയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം പാലോട് സന്തോഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താനും പ്രതിയാണ്. വീരനെ അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ഈ കുരുക്കില്‍പ്പെട്ടതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

deshabhimani

No comments:

Post a Comment