അദ്വാനിയും വാജ്പേയിയും വര്‍ഗീയ ധ്രുവീകരണത്തിന്റെ ശക്തരായ വക്താക്കള്‍തന്നെയായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ ചുവടുപിടിച്ച് ഹിന്ദുത്വ വര്‍ഗീയതയുടെ ചോരക്കൊതി രാഷ്ട്രീയം കരുപ്പിടിപ്പിക്കാനും ധ്രുവീകരണമുണ്ടാക്കി അധികാരംനേടാനുംതന്ത്രങ്ങള്‍ മെനഞ്ഞവരില്‍ പ്രമുഖര്‍. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അദ്വാനി സംഘടിപ്പിച്ച രഥയാത്ര ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഏല്‍പ്പിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍. 2002ലെ ഗുജറാത്ത് വംശഹത്യയാണ് മോഡിയെ സംഘപരിവാറിന്റെ പ്രിയപ്പെട്ടവനാക്കിയത്. എന്നാല്‍, വര്‍ഗീയരാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിലുള്ള സംഭാവന മാത്രമല്ല മൂലധനതാല്‍പ്പര്യങ്ങള്‍ക്ക് ചുവപ്പു പരവതാനി വിരിച്ചുകൊടുക്കുന്നതിലും ഉദാര-സ്വകാര്യവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നതിലും കാട്ടിയ മികവും മോഡിയെ കോര്‍പറേറ്റുകളുടെയും പ്രിയപ്പെട്ടവനാക്കി. മൂലധനശക്തികള്‍ക്ക് ഗുജറാത്തിനെ തീറെഴുതിക്കൊടുക്കുന്നതിന്റെ മാതൃകയായി മോഡി മാറി. കോര്‍പറേറ്റ് ശക്തികള്‍ ഈ മാതൃകയെ ഗുജറാത്ത് മോഡലെന്നു വിളിച്ചു. എന്‍ഡിഎ ഭരണകാലത്ത് പ്രമോദ് മഹാജന്റെയും കൂട്ടരുടെയും നയങ്ങള്‍ കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളേക്കാള്‍ ശക്തമായിരുന്നു. അതിന് അരുനില്‍ക്കുന്ന ജോലിമാത്രമേ വാജ്പേയിക്കും അദ്വാനിക്കും ഉണ്ടായിരുന്നുള്ളൂ. അടിയന്തരാവസ്ഥയില്‍ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പം നിന്ന പാരമ്പര്യമെങ്കിലും വാജ്പേയിക്കും അദ്വാനിക്കുമുണ്ട്. എന്നാല്‍ മോഡിസം ഹിന്ദു മഹാസഭയുടെയും ജനസംഘത്തിന്റെയും വര്‍ഗീയരാഷ്ട്രീയത്തേക്കാളും കോണ്‍ഗ്രസിന്റെ കോര്‍പറേറ്റ് അനുകൂലനയങ്ങളേക്കാളും ആപല്‍ക്കരമാണ്. നീചമായ ഹിന്ദുത്വഫാസിസവും കോര്‍പറേറ്റുവല്‍ക്കരണവും ഒന്നിക്കുന്ന ആപത്തിന്റെ കൊടിയാണ് മോഡി ഉയര്‍ത്തിപ്പിടിക്കുന്നത്. അതുമായി പൊരുത്തപ്പെടാന്‍ എല്‍ കെ അദ്വാനിക്കുപോലും കഴിയുന്നില്ല.
(വി ജയിന്‍)
ട്വിറ്ററില്‍ മോഡി പറഞ്ഞത് കള്ളം
ന്യൂഡല്‍ഹി: അദ്വാനി അനുഗ്രഹിച്ചെന്ന നരേന്ദ്രമോഡിയുടെ ട്വിറ്റര്‍ വെളിപ്പെടുത്തല്‍ നുണ. മോഡിയുമായി ഫോണില്‍ സംസാരിച്ചിട്ടേയില്ലെന്ന് അദ്വാനിയുടെ ഓഫീസ് വെളിപ്പെടുത്തിയതോടെയാണ് നുണക്കഥ പുറത്തായത്. ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണ സമിതി തലവനായി പനാജിയില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്വാനിയുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം എല്ലാ ആശംസയും നേര്‍ന്നെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് മോഡി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, ഇത്തരമൊരു സംഭാഷണം നടന്നിട്ടേയില്ലെന്നാണ് അദ്വാനിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.
മോഡിയുടെ ഓഫീസില്‍നിന്ന് ലാന്‍ഡ് ഫോണില്‍ അദ്വാനിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, അദ്വാനി സംഭാഷണത്തിന് താല്‍പ്പര്യപ്പെട്ടില്ല. ഫോണില്‍ സംസാരിച്ചില്ലെങ്കിലും തനിക്ക് അദ്വാനിയുടെ ആശംസ ലഭിച്ചെന്ന് അണികളെ ബോധ്യപ്പെടുത്താനാണ് മോഡി ട്വിറ്ററില്‍ നുണ കുറിച്ചത്. ബിജെപിയുടെ നിര്‍ണായകസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ആദ്യദിവസംതന്നെ താന്‍ നല്ലൊരു നുണപറച്ചിലുകാരനാണെന്ന് മോഡി തെളിയിച്ചതായി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പരിഹസിച്ചു. ബിജെപിക്ക് പറ്റിയ നേതാവിനെയാണ് ലഭിച്ചിരിക്കുന്നതെന്ന പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. തിങ്കളാഴ്ച രാവിലെയും മോഡി അദ്വാനിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലേക്ക് ഒരു വരവിന് കളമൊരുക്കണമെന്ന് അഭ്യര്‍ഥിക്കാനായിരുന്നു വിളി. എന്നാല്‍, അദ്വാനി ഫോണെടുത്തില്ല. മോഡിയുടെ യാത്രാപരിപാടി നിശ്ചയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കടുത്തഭാഷയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അദ്വാനിയുടെ സന്ദേശം പോയി.
deshabhimani
No comments:
Post a Comment