Friday, December 17, 2010

ഇടതുസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും 3

വടക്കാഞ്ചേരി മോഡല്‍: പാടശേഖരങ്ങള്‍ക്ക് പുതുജീവനേകും

അടൂര്‍: കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന വടക്കാഞ്ചേരി മോഡല്‍ നെല്‍ക്കൃഷി വികസനപദ്ധതി നടപ്പാക്കുന്നതോടെ അടൂരിലെ പാടശേഖരങ്ങള്‍ക്ക് പുതുജീവനേകും. തരിശായി കിടക്കുന്ന ഏക്കറുകണക്കിന് നെല്‍വയുകളില്‍ ഇനി പൊന്‍കതിര്‍ വിളയും. നെല്ലുല്‍പ്പാദനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയ്ക്ക് ഇത് മാതൃകയായി മാറും. പാടശേഖരങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഇതോടെ ലഭ്യമാകും. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ബ്ളോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ലേബര്‍ ബാങ്ക് സംവിധാനം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ വരും. ഇതിലൂടെ 20 തൊഴിലാളികള്‍ക്ക് വീതം തൊഴിലും ലഭ്യമാകും. നെല്‍വയലുകളില്‍ കൃഷി ഇറക്കുന്നതിനും കൊയ്ത്തിനും നിലം ഒരുക്കുന്നതിനും യന്ത്രങ്ങളും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തും. കൃഷിക്ക് പലിശരഹിത വായ്പയും കര്‍ഷകന് ലഭ്യമാകുന്നതോടെ നെല്‍ക്കൃഷി ഉപേക്ഷിച്ചുപോയ കര്‍ഷകര്‍ വീണ്ടും കൃഷി ഇറക്കുന്നതിന് രംഗത്തിറങ്ങും. നെല്ലുല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഇതിലൂടെ കൈവരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ആകാശനഗരം മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാകില്ല: ശര്‍മ


ആലപ്പുഴ: കൊച്ചിയിലെ ആകാശനഗരം പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി എസ് ശര്‍മ പറഞ്ഞു. അഖിലകേരള ധീവരസഭ മധ്യമേഖലാ കമ്മിറ്റിയുടെ മത്സ്യത്തൊഴിലാളി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതി കൂടുതല്‍ ശാസ്ത്രീയപഠനത്തിന് വിധേയമാക്കും. സമുദ്രമേഖലയിലുണ്ടാകുന്ന വ്യതിയാനങ്ങളെയും മത്സ്യസമ്പത്തിനെയും വിശദമാക്കുന്ന ഫിഷറീസ് ആന്‍ഡ് ഓഷിയന്‍ സയന്‍സ് യൂണിവേഴ്സിറ്റി ജനുവരിയില്‍ തിരുവല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഏഷ്യാ പസഫിക് അക്വാ കള്‍ച്ചറല്‍ മീറ്റ് ജനുവരി 17 മുതല്‍ 20വരെ കൊച്ചിയില്‍ നടക്കും. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യും. വേമ്പനാട്ട് കായലിനെ കുളവാഴ വിമുക്തമാക്കാന്‍ 21 കോടി രൂപയുടെ പദ്ധതി ടെന്‍ഡര്‍ ചെയ്തു. സാമ്പത്തികവര്‍ഷാവസാനത്തോടെ ഇത് പൂര്‍ത്തിയാക്കും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി വിരമിക്കല്‍ ആനുകൂല്യങ്ങളില്‍ അടച്ചതുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ധീവരസഭ പ്രസിഡന്റ് അഡ്വ. കെ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.

വിദ്യാലയങ്ങളില്‍ ജൈവഗ്രാമം പച്ചക്കറികൃഷി


മണ്ണഞ്ചേരി: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ജൈവഗ്രാമം പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമായി. ചീര, വെണ്ട, പയര്‍, പാവല്‍, പടവലം, ചുരയ്ക്ക, മത്തന്‍, കാബേജ്, ക്വാളിഫ്ളവര്‍ എന്നിവയാണ് കൃഷിചെയ്യുന്നത്. ഖരമാലിന്യ സംസ്കരണത്തിനായി ജൈവസജ്ജീവനി-മണ്ണിരപ്പെട്ടിയും, വീട്ടമ്മമാര്‍ക്ക് തൈ നല്‍കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ അക്ഷയപാത്രം-വിത്തൊഴിയാപെട്ടിയും തമ്പകച്ചുവട് ഗവമെന്റ് യുപി സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ സര്‍വീസ് ഗ്രൂപ്പിലെ 100 കുട്ടികളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് വീടുകളില്‍ കൃഷിചെയ്യാന്‍ പാകത്തില്‍ കൃഷിപാഠം മാതൃകയായ ചീരഗ്രാമംകൂടി സംഘടിപ്പിക്കുമെന്ന് കൃഷി ഓഫീസര്‍ എം എം റെജിമോള്‍ പറഞ്ഞു. പ്ളാവിലക്കുമ്പിളില്‍ പയര്‍വിത്ത് നട്ട് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാര്‍ ജൈവഗ്രാമം പച്ചക്കറികൃഷി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ ജിമ്മി ജോര്‍ജ്, കൃഷി ഓഫീസര്‍ റെജിമോള്‍, പിടിഎ പ്രസിഡന്റ് പവിത്രന്‍, അധ്യാപകരായ ജോസഫ്, സുബാബു, കൃഷി അസിസ്റ്റന്റ് എസ് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

നെല്ലും മീനും പദ്ധതി നേരിട്ടറിയാന്‍ യുനസ്കോ സംഘമെത്തി

പരിയാരം: ഏഴോത്തെ നെല്ലും മീനും പദ്ധതി നേരില്‍ കാണാന്‍ യുനസ്കോ പഠനസംഘമെത്തി. സാംസ്കാരിക വിനിമയ പരിപാടികളുടെയും ഫീല്‍ഡ് സര്‍വീസിന്റെയും ഭാഗമായാണ് പത്തോളംരാജ്യങ്ങളിലെ പതിനാറോളം പ്രതിനിധികള്‍ ഏഴോത്തും കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുമെത്തിയത്. ജൈവകൃഷി നടപ്പാക്കുന്ന കൈപ്പാട് പ്രദേശത്തെ ചെമ്മീനിന്റെ ലഭ്യതയും പ്രതിനിധികളെ വിസ്മയിപ്പിച്ചു. പ്രകൃതി വിഭവങ്ങള്‍കൊണ്ട് സമ്പന്നമായ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയെന്ന് സംഘത്തിലെ ഇറ്റലിക്കാരി ജാക്ളയിന്‍ ഫിലിപ്സ് പറഞ്ഞു. ഒരു പുരുഷന്‍ മാത്രമാണ് സംഘത്തിലുള്ളത്. റഷ്യ, അമേരിക്ക, കനഡ, ഫിന്‍ലന്‍ഡ്, സൌത്ത് കൊറിയ, പോര്‍ട്ടുഗല്‍, ഫ്രാന്‍സ്, ഹോളണ്ട്, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാംഗങ്ങള്‍ കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളും നേരിട്ടു മനസ്സിലാക്കി. കുട്ടികള്‍ തിരുവാതിര, കോല്‍ക്കളി, പുള്ളുവന്‍പാട്ട്് കലാരൂപങ്ങളും അവതരിപ്പിച്ചു. സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുമായും അഭിമുഖം നടത്തി. കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രവും കളിമപാത്ര നിര്‍മാണ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. മൂന്നു മണിക്കൂറോളം സംഘാംഗങ്ങള്‍ സ്കൂളില്‍ ചെലവഴിച്ചു. കെ മനോഹരന്‍, ടി ഗോപിനാഥന്‍, എ നാരായണന്‍, ജാനറ്റ് ജെയിംസ് തുടങ്ങിയവര്‍ ഫീല്‍ഡ് ട്രിപ്പില്‍ പങ്കെടുത്തു.

സഹായഹസ്തവുമായി അക്ഷയയുടെ പൊതുജനസഹായകേന്ദ്രം


കോട്ടയം: കോട്ടയം പാസ്പോര്‍ട്ട് സെല്ലിനോടനുബന്ധിച്ച് ജില്ല പാസ്പോര്‍ട്ട് സെല്‍ സഹായകേന്ദ്രവും അക്ഷയ പൊതുജനസേവനകേന്ദ്രവും തുടങ്ങി. വി എന്‍ വാസവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാസ്പോര്‍ട്ട് ഫോറം തയ്യാറാക്കാനും മറ്റും ഇടനിലക്കാര്‍ അമിതചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അക്ഷയ മുഖേന സേവനകേന്ദ്രം ആരംഭിച്ചത്. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് വഴി സര്‍ക്കാര്‍ നിരക്കില്‍ പാസ്പോര്‍ട്ട് അപേക്ഷ തയ്യാറാക്കി നല്‍കും. ഓണ്‍ലൈന്‍ റേഷന്‍ കാര്‍ഡിലൂടെ പൊതുജനങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് റേഷന്‍ കാര്‍ഡ് വേഗത്തില്‍ ലഭിക്കും. പുതിയ റേഷന്‍ കാര്‍ഡിനു പുറമേ, പേര് കൂട്ടിച്ചേര്‍ക്കല്‍, പേര് നീക്കംചെയ്യല്‍ തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളും ഓണ്‍ലൈനായി സ്വീകരിക്കും. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുന്നത്.

വിദേശത്ത് ജോലിചെയ്യുന്നവരും കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമെങ്കിലും താമസിച്ചുവരുന്നവരും വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തശേഷം തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവരുമായ 18നും 55നും മധ്യേ പ്രായമുള്ള പ്രവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കേരള പ്രവാസിക്ഷേമ പദ്ധതി. ഈ പദ്ധതിയുടെ അംഗങ്ങള്‍ക്ക് അവരുടെ അംശാദായം അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം നടപ്പാക്കുകയാണ്. ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍ എന്നിവ ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിന്റെ സഹായത്തോടെ അക്ഷയകേന്ദ്രത്തിലൂടെ ഓണ്‍ലൈനായി അടയ്ക്കാം. റെയില്‍വേ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യവും ലഭിക്കും. പിഎസ്സി അപേക്ഷകള്‍ ഓണ്‍ലൈനായി അയയ്ക്കാനുള്ള സംവിധാനവും നടപ്പാക്കും.

ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും : മന്ത്രി ദിവാകരന്‍

കടുത്തുരുത്തി: ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. കടുത്തുരുത്തിയില്‍ ജില്ല ക്ഷീരമഹോത്സവത്തോടനുബന്ധിച്ചു നടന്ന കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 35,000 ക്ഷീരകര്‍ഷകര്‍ക്ക് പുതുതായി പെന്‍ഷന് അര്‍ഹത നേടിക്കൊടുത്തു. കേരളത്തെ 2011 ഓടെ പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള തീവ്രയത്നത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇതിനോടകം ഒരു ലക്ഷത്തിലേറെ അത്യുല്‍പാദനശേഷിയുള്ള കന്നുകാലികളെ പകുതി വില സബ്സിഡിയോടെ സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ക്ക് വിതരണംചെയ്തുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായി. കെ അജിത് എംഎല്‍എ, കെ ടി സരോജിനി, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലില്‍, മേരി സെബാസ്റ്യന്‍, എം ടി ജയന്‍, വി എം പോള്‍, സി കെ ശശിധരന്‍, വി എല്‍ തോമസ്, മാത്യു ജി മുരിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

18 ഗ്രന്ഥശാലകളില്‍ അയല്‍പക്ക പഠനകേന്ദ്രം

തൃശൂര്‍: ജില്ലയിലെ 18 ഗ്രന്ഥശാലകളില്‍ തെരഞ്ഞെടുത്ത അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ തുറക്കുന്നു. ഗ്രാന്ഥശാല 20 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ അക്കാദമിക് പരീക്ഷകള്‍ക്കും, മറ്റ് മത്സര പരീക്ഷകള്‍ക്കും സജ്ജരാക്കുന്നതിനാവശ്യമായ പഠനസൌകര്യങ്ങള്‍ അയല്‍പക്കപഠന കേന്ദ്രം ഹാളില്‍ ഒരുക്കും. കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് പട്ടേപ്പാടം താഷ്കന്റ് ലൈബ്രറിയില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എ നിര്‍വഹിക്കും. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ടി സി ലാസര്‍ അധ്യക്ഷനാകും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത വായനശാലകളിലാണ് അയല്‍പക്ക പഠനകേന്ദ്രം തുറക്കുന്നത്.

കണ്ണംപടി കോളനിയിലെ ജനങ്ങള്‍ ഭൂമിക്ക് അവകാശികളായി

ഏലപ്പാറ: ജില്ലയില്‍ എറ്റവും അധികം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കണ്ണംപടി ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ കൈവശഭൂമിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനാവകാശരേഖ വിതരണം ചെയ്തു. കണ്ണംപടി ട്രൈബല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഉപ്പുതറ പഞ്ചായത്ത് കോതപാറ വാര്‍ഡ് മെമ്പര്‍ സണ്ണി പൊടിപ്പാറ അധ്യക്ഷനായി. കണ്ണംപടി, പുന്നപ്പാറ, മേമാരി എന്നീ വന അവകാശ സമിതിയുടെ കീഴില്‍ വരുന്ന കുടുംബങ്ങളില്‍പ്പെട്ട 306പേര്‍ക്കാണ് കൈവശാവകാശരേഖ നല്‍കിയത്. തേക്കുതോട്ടം, കീഴ്ക്കാനം എന്നീ സമിതിയുടെ കീഴില്‍ വരുന്നവര്‍ക്ക് തുടര്‍ന്ന് രേഖ നല്‍കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഉള്ളതിനാല്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മന്ത്രിയെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയത്. വനം വകുപ്പുമായി നീണ്ടകാലം നടത്തിയ പോരാട്ടത്തിന് ശാശ്വത പരിഹാരം കാണാന്‍ നടപപടി സ്വീകരിച്ച സര്‍ക്കാരിനെ നന്ദിയോടെ സ്മരിച്ചുകൊണ്ടാണ് കൈവശരേഖയുമായി ആദിവാസികള്‍ കുടികളിലേക്ക് മടങ്ങിയത്. ഉദ്ഘാടന സമ്മേളനത്തില്‍ എല്‍ഡിഎഫ് കവീനര്‍ പി എസ് ഭാസ്കരന്‍, ജോസ് ഫിലിപ്പ്, ജയിംസ് അമ്പാട്ട്, ഐടിഡിസി ഓഫീസര്‍ അണുഗ്രിരി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാബി വര്‍ഗീസ്, ആര്‍ഡിഒ വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്ഷീരകര്‍ഷകര്‍ക്കും 2 രൂപ നിരക്കില്‍ അരി


പാലക്കാട്: രണ്ടുരൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്ന പദ്ധതിയുടെ ആനുകൂല്യം കേരള ക്ഷീര കര്‍ഷ ക്ഷേമനിധി അംഗങ്ങള്‍ക്കും ലഭിക്കും. കര്‍ഷകര്‍, ക്ഷീരകര്‍ഷകക്ഷേമനിധിയില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് അടുത്തുളള റേഷന്‍ കടയില്‍ ഹാജരാക്കണം. തിരിച്ചറിയല്‍കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും കിട്ടാത്തവര്‍ക്കും സിവില്‍സ്റേഷനില്‍പ്രവര്‍ത്തിക്കുന്ന ക്ഷീര കര്‍ഷകക്ഷേമനിധി ജില്ലാ ഓഫീസില്‍നിന്ന് ലഭിക്കുന്ന ജില്ലാ നോഡല്‍ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744075991, 9446095991, 0491-2505137. കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ എപിഎല്‍വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളെയും രണ്ടു രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളാക്കും. അതിനായി ക്ഷേമനിധി രജിസ്ട്രേഷന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ മൂന്ന് ദിവസത്തിനകം എത്തിക്കണമെന്ന് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

നാദാപുരവും സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

നാദാപുരം: വൈദ്യുതി വെളിച്ചം സ്വപ്നം മാത്രമായി കരുതിയ മലയോര നിവാസികള്‍ക്ക് സര്‍ക്കാര്‍ നടപടി തുണയായി. നാദാപുരം മണ്ഡലത്തിന്റെ മലയോര ഗ്രാമങ്ങളിലെ തൊണ്ണൂറ് ശതമാനം വീടുകളും വൈദ്യുതീകരിച്ചു. ഫെബ്രുവരിയോടെ മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. വാണിമേല്‍ പഞ്ചായത്തിലെ കമ്പിളിപ്പാറ, കാവില്‍, മീനാറ്റില്‍, ഐയ്യങ്കി, കോളപ്പാറ എന്നീ പ്രദേശങ്ങളിലെ അമ്പത് വീടുകളിലെ വൈദ്യുകതീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ വികസന ഫണ്ട് മുഴുവന്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് നീക്കിവെച്ചിട്ടുണ്ട്. ഗ്രാമ- ബ്ളോക്ക് പഞ്ചായത്ത് വിഹിതം കെഎസ്ഇബിയില്‍ അടയ്ക്കുന്നതോടെ മുഴുവന്‍ വീടുകളിലും വൈദ്യുതി നല്‍കാനാകും. പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ മൂസ അധ്യക്ഷനായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി, ടി കെ കുഞ്ഞിരാമന്‍, കെ പി വസന്ത കുമാരി, അഷറഫ് കൊറ്റാല, എ കെ കുഞ്ഞബ്ദുള്ള, പി പി കുമാരന്‍, കെ സി ചോയി, കെ ചന്തു, ഒന്തത്ത് രാധ, സി വി അശോകന്‍ എന്നിവര്‍ സംസാരിച്ചു.

ആറ്റിങ്ങലില്‍ കോടികളുടെ വികസനം: നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തില്‍


ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍മാണഘട്ടത്തില്‍. അടുത്തമാസം സമ്പൂര്‍ണ വൈദ്യുതീകരണമണ്ഡലമായി പ്രഖ്യാപിക്കും. ആറ്റിങ്ങല്‍ ഗവ. കോളേജിലെ സയന്‍സ് ബ്ളോക്കിന്റെ നിര്‍മാണം ആരംഭിച്ചു. 4.6 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 3.1 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സിവില്‍ സ്റേഷന്റെ നിര്‍മാണവും രണ്ടുകോടി രൂപ ചെലവുവരുന്ന വാമനപുരം നദിയിലെ ചെക് ഡാമിന്റെ നിര്‍മാണവും ആരംഭിച്ചു. ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തിന്റെയും ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിന്റെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. കടയ്ക്കാവൂര്‍ 33 കെവി സബ്സ്റേഷന്റെ നിര്‍മാണവും പൂര്‍ത്തീകരണഘട്ടത്തിലാണ്. 7.35 കോടി രൂപ ചെലവുചെയ്ത് അന്താരാഷ്ട്രനിലവാരത്തില്‍ പുനരുദ്ധരിക്കുന്ന ആറ്റിങ്ങല്‍ ചിറയിന്‍കീഴ് കോരാണി റോഡിന്റെ പുനരുദ്ധാരണജോലി ഈ മാസം പൂര്‍ത്തിയാകും. കൊല്ലമ്പുഴ- അവനവഞ്ചേരി റോഡിന്റെ (75 ലക്ഷം) പുനരുദ്ധാരണജോലിയും ആരംഭിച്ചു. അഴൂര്‍-ശാസ്തവട്ടം (90 ലക്ഷം), കുന്നുവാരം റോഡ് (40 ലക്ഷം), തോട്ടവാരം റോഡ് (70 ലക്ഷം), പള്ളിമുക്ക്- തിനവിള റോഡ് (50 ലക്ഷം) എന്നിവയുടെ ജോലിയും ആരംഭിച്ചു. അഞ്ചുതെങ്ങ് തോണിക്കടവിലെ തൂക്കുപാലം നിര്‍മാണം ഉടന്‍ ആരംഭിക്കും. 5.4 കോടി രൂപ ചെലവുചെയ്ത് നിര്‍മിക്കുന്ന അയിലം പാലത്തിന് ജനുവരി ഒന്നിന് ശിലാസ്ഥാപനം നടത്തും. ഒന്നാം പാലത്തിന്റെ അവശേഷിക്കുന്ന ജോലിക്ക് 2.4 കോടി രൂപയുടെ കരാര്‍നടപടി അന്തിമഘട്ടത്തിലാണ്. പെരുമാതുറ താഴംപള്ളി പാലം നിര്‍മാണത്തിന് 16 കോടി രൂപയുടെ ടെന്‍ഡര്‍നടപടി പൂര്‍ത്തിയായി സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചു.

വിവിധ ദിവസങ്ങളിലെ ദേശാഭിമാനി/ജനയുഗം വാര്‍ത്തകള്‍

1 comment:

  1. കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന വടക്കാഞ്ചേരി മോഡല്‍ നെല്‍ക്കൃഷി വികസനപദ്ധതി നടപ്പാക്കുന്നതോടെ അടൂരിലെ പാടശേഖരങ്ങള്‍ക്ക് പുതുജീവനേകും. തരിശായി കിടക്കുന്ന ഏക്കറുകണക്കിന് നെല്‍വയുകളില്‍ ഇനി പൊന്‍കതിര്‍ വിളയും. നെല്ലുല്‍പ്പാദനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയ്ക്ക് ഇത് മാതൃകയായി മാറും. പാടശേഖരങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഇതോടെ ലഭ്യമാകും. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ബ്ളോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ലേബര്‍ ബാങ്ക് സംവിധാനം പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ വരും. ഇതിലൂടെ 20 തൊഴിലാളികള്‍ക്ക് വീതം തൊഴിലും ലഭ്യമാകും. നെല്‍വയലുകളില്‍ കൃഷി ഇറക്കുന്നതിനും കൊയ്ത്തിനും നിലം ഒരുക്കുന്നതിനും യന്ത്രങ്ങളും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തും. കൃഷിക്ക് പലിശരഹിത വായ്പയും കര്‍ഷകന് ലഭ്യമാകുന്നതോടെ നെല്‍ക്കൃഷി ഉപേക്ഷിച്ചുപോയ കര്‍ഷകര്‍ വീണ്ടും കൃഷി ഇറക്കുന്നതിന് രംഗത്തിറങ്ങും. നെല്ലുല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഇതിലൂടെ കൈവരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

    ReplyDelete