Friday, December 17, 2010

യുഡിഎഫ് അനാവശ്യ വിവാദത്തിലൂടെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി

കായംകുളം: ആലപ്പുഴ സഹകരണമില്ലിനെ തകര്‍ത്ത യുഡിഎഫുകാര്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കി മില്ലിന്റെ വികസനം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് സഹകരണ-കയര്‍മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മില്ലില്‍ ആരംഭിച്ച കുഴിനൂല്‍ ഉല്‍പ്പാദനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരീലക്കുളങ്ങര മില്‍ ആരംഭിക്കുന്നതിന് ജില്ലാ സഹകരണബാങ്കില്‍നിന്ന് കടംവാങ്ങിയവര്‍തന്നെയാണ് ബാങ്കിനെതിരായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് വായ്പ തിരിച്ചടയ്ക്കാതെ ഭീമമായ ബാധ്യതയുണ്ടാക്കിയതിനെ തുടര്‍ന്നാണ് കരീലക്കുളങ്ങരയിലെ മില്ലിന്റെ പത്തേക്കര്‍ ഭൂമി ജില്ലാ സഹകരണബാങ്കിന് കൈമാറുന്നതിന് തീരുമാനിച്ചത്. മില്ലിന്റെ അധികമുള്ള 10 ഏക്കര്‍ സ്ഥലം ജില്ലാ സഹകരണബാങ്കിന് നല്‍കിയതിലൂടെ 10.98 കോടി രൂപയാണ് ലഭിച്ചത്. ബാങ്കിനുള്ള കടബാധ്യതയില്‍ 1.44 കോടി രൂപയുടെ ഇളവ് നല്‍കി ബാക്കിയുള്ള നാലുകോടി രൂപ മില്ലിന്റെ വികസനത്തിന് നല്‍കുകയും ചെയ്തു. യുഡിഎഫ് ഭരിക്കുന്ന തൃശൂര്‍ സ്പിന്നിങ്മില്ലിന്റെ കടബാധ്യത ഒഴിവാക്കാന്‍ മില്ലിന്റെ അധികമുള്ള സ്ഥലം ജില്ലാ സഹകരണബാങ്കിന് കൈമാറിയിരുന്നു. കണ്ണൂരിലും ഇതുപോലെ സ്ഥലം ഏറ്റെടുത്തപ്പോള്‍ അവിടുത്തെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നില്ല. എപ്പോഴെങ്കിലും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍വരുമ്പോള്‍ കമീഷന്‍ വാങ്ങി മില്ലിന്റെ സ്ഥലം വില്‍ക്കാമെന്ന ലക്ഷ്യം പൊളിഞ്ഞതിന്റെ ദുഖമാണ് ഇവിടുത്തെ യുഡിഎഫുകാര്‍ പ്രകടിപ്പിച്ചത്. സ്ഥലത്തിന് മൂന്നുലക്ഷം രൂപ ലഭിക്കുമായിരുന്നെന്ന് പറയുന്ന യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഈ വിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സ്പിന്നിങ്മില്ലിന് ജില്ലാ സഹകരണബാങ്ക് നല്‍കിയ 10.98 കോടി രൂപ തിരിച്ചുനല്‍കിയാല്‍ സ്ഥലം മില്ലിനുതന്നെ തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സ്പിന്നിങ്മില്‍ വരാന്‍ ഇടയാക്കിയത് ജില്ലാ സഹകരണബാങ്കിന്റെ സഹായംകൊണ്ടാണെന്ന കാര്യം യുഡിഎഫുകാര്‍ വിസ്മരിക്കരുത്. 5.5 കോടി രൂപയുടെ ബാധ്യതയും ജപ്തിഭീഷണിയും നേരിട്ട അവസരത്തിലായിരുന്നു '99ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ലഭിക്കാവുന്നതില്‍ ഏറ്റഹവും മികച്ച മെഷീനറികള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു മില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മില്ലിനെ ലാഭത്തിലെത്തിക്കാനും താന്‍ ചെയര്‍മാനായുള്ള ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. യുടിഐയില്‍ മില്ലിന്റെ ലാഭവിഹിതം നിക്ഷേപിച്ചതിനെതിരെ ആക്ഷേപമുന്നയിക്കുന്ന യുഡിഎഫുകാര്‍ക്ക് യുടിഐ എന്താണെന്ന് അറിയില്ല. പൊതുമേഖലാ സ്ഥാപനമായ യുടിഐയില്‍ പണം നിക്ഷേപിക്കണമെന്ന് നെഹ്റു ആഹ്വാനം ചെയ്തിരുന്നു. ഈ പൊതുമേഖലാ സ്ഥാപനത്തെ പിന്നീട് കോണ്‍ഗ്രസുകാര്‍തന്നെയാണ് തകര്‍ത്തത്. യുഡിഎഫ് ഭരണകാലത്ത് മില്ലിന്റെ വികസനത്തിന് ഒരുപൈസപോലും നല്‍കാന്‍ കഴിയാത്തതിലുള്ള അപമാനഭാരമാണ് മില്ലിന്റെ വികസന ഉദ്ഘാടനച്ചടങ്ങില്‍നിന്ന് യുഡിഎഫുകാര്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നും ജി സുധാകരന്‍ വ്യക്തമാക്കി. അനാവശ്യമായ വിവാദമുണ്ടാക്കി മില്ലിന്റെ വികസനത്തെ യുഡിഎഫ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ പലകാര്യങ്ങളും ജനങ്ങളോട് തുറന്നുപറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പരുത്തി കയറ്റുമതി ചെയ്യുന്നതിലൂടെ ടെക്സ്റ്റൈയില്‍സ് വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. മില്ലിന്റെ ഒന്നാംഘട്ട വികസനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ കുത്തകവ്യാപാരികളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം. പഞ്ഞി കയറ്റുമതി ചെയ്യുന്നതുമൂലം രാജ്യത്തെ മില്ലുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. ഈ നയം തിരുത്തണമെന്ന് കേന്ദ്രത്തോട് പലതവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിസന്ധിഘട്ടത്തിലും സംസ്ഥാനത്തെ ടെക്സ്റ്റൈയില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി കെ സദാശിവന്‍ എംഎല്‍എ അധ്യക്ഷനായി.

കരീലക്കുളങ്ങര സഹകരണ സ്പിന്നിങ്മില്ലിന്റെ സ്ഥാപിതശേഷി വര്‍ധിപ്പിച്ചു

കായംകുളം: കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിങ് മില്ലിന്റെ സ്ഥാപിതശേഷി വര്‍ധിപ്പിച്ചു. മില്ലില്‍ കുഴിനൂല്‍ ഉല്‍പ്പാദനകേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ആറുകോടി 59 ലക്ഷം രൂപ വിനിയോഗിച്ചാണ് മില്ലിന്റെ ശേഷി 12096 സ്പിന്‍ഡില്‍ ആക്കിയിരിക്കുന്നത്്. സംസ്ഥാന സര്‍ക്കാര്‍ കൈത്തറി മേഖലയെ പരിപോഷിപ്പിക്കാന്‍ രണ്ടുകോടി രൂപാ മുടക്കിയാണ് മില്ലില്‍ കുഴിനൂല്‍ ഉല്‍പ്പാദനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സ്പിന്നിങ്മില്ലിന്റെ ഒന്നാംഘട്ട വികസനോദ്ഘാടനം വ്യവസായ വാണിജ്യമന്ത്രി എളമരം കരിം നിര്‍വഹിച്ചു. കുഴിനൂല്‍ ഉല്‍പ്പാദനകേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണമന്ത്രി ജി സുധാകരനും നിര്‍വഹിച്ചു.

സ്പിന്നിങ് മില്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സി കെ സദാശിവന്‍ എംഎല്‍എ അധ്യക്ഷനായി. മില്‍ മാനേജിങ് ഡയറക്ടറും ടെക്സ്ഫെഡ് ചെയര്‍മാനുമായ ടി സുകുമാരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പ്രസന്നകുമാരി, ലീലാ ഗോകുല്‍, സംസ്ഥാന ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പി നന്ദകുമാര്‍, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എം സുരേന്ദ്രന്‍, അഡ്വ. ബി രാജേന്ദ്രന്‍, എം എ അലിയാര്‍, ജി ചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ സഹകരണ സ്പിന്നിങ്മില്‍ ചെയര്‍മാന്‍ പി ആര്‍ ലൂയിസ് സ്വാഗതവും ജനറല്‍ മാനേജര്‍ ആര്‍ കൃഷ്ണന്‍നായര്‍ നന്ദിയും പറഞ്ഞു.

99ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് മില്‍ യാഥാര്‍ഥ്യമായത്. 25,000 സ്പിന്റില്‍ ശേഷിയുള്ള സ്പിന്നിങ് മില്ലില്‍ ആദ്യഘട്ടത്തില്‍ 6048 സ്പിന്റില്‍ ശേഷിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജി സുധാകരന്‍ ചെയര്‍മാനായുള്ള ഭരണസമിതിയുടെ നേതൃത്വത്തില്‍ കാര്യക്ഷമതയോടുള്ള പ്രവര്‍ത്തനത്തിലൂടെ മില്ലിനെ ലാഭത്തില്‍ എത്തിക്കാനും രണ്ടാംഘട്ടത്തിനുള്ള ഫാക്ടറി കെട്ടിടത്തിന്റെയും ഫ്യൂമിഡിഫിക്കേഷന്‍ പ്ളാന്റിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മില്ലിന്റെ തകര്‍ച്ച ആരംഭിച്ചു. മില്ലിന്റെ വികസനത്തിനായി ഒരു നടപടിയും സ്വീകരിച്ചില്ല. യുഡിഎഫ് ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ഒമ്പതുകോടിയോളം രൂപയാണ് മില്ലിന് നഷ്ടമുണ്ടാക്കിയത്. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മില്ലിന്റെ തുടര്‍വികസനം യാഥാര്‍ഥ്യമായി. ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനത്തിലൂടെ മില്ലിനെ ലാഭത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. കരീലക്കുളങ്ങര മില്‍ ആരംഭിക്കുന്നതിന് ജില്ലാ സഹകരണബാങ്കില്‍നിന്ന് കടംവാങ്ങിയവര്‍തന്നെയാണ് ബാങ്കിനെതിരായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് വായ്പ തിരിച്ചടയ്ക്കാതെ ഭീമമായ ബാധ്യതയുണ്ടാക്കിയതിനെ തുടര്‍ന്നാണ് കരീലക്കുളങ്ങരയിലെ മില്ലിന്റെ പത്തേക്കര്‍ ഭൂമി ജില്ലാ സഹകരണബാങ്കിന് കൈമാറുന്നതിന് തീരുമാനിച്ചത്. മില്ലിന്റെ അധികമുള്ള 10 ഏക്കര്‍ സ്ഥലം ജില്ലാ സഹകരണബാങ്കിന് നല്‍കിയതിലൂടെ 10.98 കോടി രൂപയാണ് ലഭിച്ചത്. ബാങ്കിനുള്ള കടബാധ്യതയില്‍ 1.44 കോടി രൂപയുടെ ഇളവ് നല്‍കി ബാക്കിയുള്ള നാലുകോടി രൂപ മില്ലിന്റെ വികസനത്തിന് നല്‍കുകയും ചെയ്തു. യുഡിഎഫ് ഭരിക്കുന്ന തൃശൂര്‍ സ്പിന്നിങ്മില്ലിന്റെ കടബാധ്യത ഒഴിവാക്കാന്‍ മില്ലിന്റെ അധികമുള്ള സ്ഥലം ജില്ലാ സഹകരണബാങ്കിന് കൈമാറിയിരുന്നു. കണ്ണൂരിലും ഇതുപോലെ സ്ഥലം ഏറ്റെടുത്തപ്പോള്‍ അവിടുത്തെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നില്ല. എപ്പോഴെങ്കിലും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍വരുമ്പോള്‍ കമീഷന്‍ വാങ്ങി മില്ലിന്റെ സ്ഥലം വില്‍ക്കാമെന്ന ലക്ഷ്യം പൊളിഞ്ഞതിന്റെ ദുഖമാണ് ഇവിടുത്തെ യുഡിഎഫുകാര്‍ പ്രകടിപ്പിച്ചത്. സ്ഥലത്തിന് മൂന്നുലക്ഷം രൂപ ലഭിക്കുമായിരുന്നെന്ന് പറയുന്ന യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഈ വിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

    ReplyDelete