Thursday, December 16, 2010

പെട്രോനെറ്റ്: കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു

പ്രകൃതിവാതകത്തിന് ഏകീകൃതവിലയെന്ന ആവശ്യം തള്ളിയത് മൂലം കൊച്ചിയിലെ നിര്‍ദിഷ്ട പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതിയില്‍ കേരളത്തിനുള്ള പ്രതീക്ഷ മങ്ങി. പ്രകൃതിവാതകത്തിന് ഏകീകൃതവില നിശ്ചയിക്കാന്‍ കഴിയില്ലെന്ന് പെട്രോളിയം എണ്ണ-പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഉത്തരേന്ത്യന്‍ വ്യവസായികളുടെ സമ്മര്‍ദമാണ് ഇതിന്പിന്നിലെന്നറിയുന്നു. ഓസ്ട്രേലിയയില്‍നിന്ന് പെട്രോനെറ്റ് കമ്പനി ഇറക്കുമതിചെയ്യുന്ന പ്രകൃതിവാതകത്തിന് ആഭ്യന്തര പ്രകൃതിവാതകത്തിന്റെ നാലിരട്ടിയാണ് വില. ഈ വിലയ്ക്ക് വാതകം വാങ്ങാന്‍ കമ്പനികള്‍ തയ്യാറാകില്ല. കമ്പനികള്‍ വാങ്ങല്‍കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ മംഗളൂരുവിലേക്കും ബ്രഹ്മപുരത്തേക്കും പൈപ്പ്ലൈന്‍ ഇടാന്‍ പെട്രോനെറ്റിനു കഴിയില്ല. കായംകുളം താപനിലയത്തിനായി എന്‍ടിപിസി മാത്രമാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. അതുതന്നെ ഉന്നതതലങ്ങളില്‍നിന്നുള്ള സമ്മര്‍ദംമൂലമാണെന്ന് അറിയുന്നു. വാതകത്തിന്റെ കൃത്യമായ വില പറയാന്‍ പെട്രോനെറ്റ് തയ്യാറാകാത്തതിനാല്‍ തീരുമാനമെടുക്കാന്‍പോലും മറ്റു സ്ഥാപനങ്ങള്‍ക്കാവുന്നില്ല.

7000 കോടി രൂപ മുടക്കിയാണ് കൊച്ചിയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. രണ്ടര ദശലക്ഷം ട ആണ് ടെര്‍മിനലിന്റെ ശേഷി. ആസ്ട്രേലിയില്‍ നിന്ന് പ്രകൃതിവാതകം തണുപ്പിച്ച് ഖരരൂപത്തിലാക്കി കപ്പലില്‍ കൊച്ചിയിലെത്തിച്ച് വീണ്ടും വാതക രൂപത്തിലാക്കി വിതരണം ചെയ്യുന്നതാണ് പദ്ധതി. അസമിലും വിശാഖപട്ടണത്തും കാവേരിതടത്തിലും ആണ് രാജ്യത്ത് പ്രകൃതിവാതക ഉല്‍പ്പാദനമുള്ളത്. ഉത്തരേന്ത്യന്‍ വ്യവസായങ്ങളാണ് പ്രധാനമായും ഇതിന്റെ ഉപയോക്താക്കള്‍. കൊച്ചിയില്‍ സ്ഥാപിക്കുന്ന പെട്രോനെറ്റ് എല്‍എന്‍ജിയുടെ പൈപ്പ്ലൈന്‍ മംഗളൂരുവിലേക്ക് നീട്ടുന്നതോടെ ദേശീയ വാതക പൈപ്പ് ലൈന്‍ ശൃംഖലയിലേക്ക് വഴിതുറന്നേക്കും.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വിതരണത്തിന് കേന്ദ്രപൂള്‍ ഉണ്ടാക്കുക, ഇറക്കുമതിചെയ്യുന്ന വാതകത്തിന്റെ വിലയും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ വിലയും ഏകീകരിച്ച് ന്യായവില നിശ്ചയിക്കുക എന്നിവയാണ് കേരളത്തിന്റെ ആവശ്യങ്ങള്‍. ഇതിന് തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ ഉത്തരേന്ത്യന്‍ ലോബിയാണ് എതിര്. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രകൃതിവാതക കോണ്‍ഗ്രസിലാണ് ഏകീകൃതവില നിശ്ചയിക്കാന്‍ കഴിയില്ലെന്ന് എണ്ണ-പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ ലളിത് മാന്‍സിങ് അറിയിച്ചത്. പ്രകൃതിവാതകത്തിന് പല വില നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
(ആര്‍ സാംബന്‍)

ദേശാഭിമാനി 161210

1 comment:

  1. പ്രകൃതിവാതകത്തിന് ഏകീകൃതവിലയെന്ന ആവശ്യം തള്ളിയത് മൂലം കൊച്ചിയിലെ നിര്‍ദിഷ്ട പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതിയില്‍ കേരളത്തിനുള്ള പ്രതീക്ഷ മങ്ങി. പ്രകൃതിവാതകത്തിന് ഏകീകൃതവില നിശ്ചയിക്കാന്‍ കഴിയില്ലെന്ന് പെട്രോളിയം എണ്ണ-പ്രകൃതിവാതക റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഉത്തരേന്ത്യന്‍ വ്യവസായികളുടെ സമ്മര്‍ദമാണ് ഇതിന്പിന്നിലെന്നറിയുന്നു. ഓസ്ട്രേലിയയില്‍നിന്ന് പെട്രോനെറ്റ് കമ്പനി ഇറക്കുമതിചെയ്യുന്ന പ്രകൃതിവാതകത്തിന് ആഭ്യന്തര പ്രകൃതിവാതകത്തിന്റെ നാലിരട്ടിയാണ് വില. ഈ വിലയ്ക്ക് വാതകം വാങ്ങാന്‍ കമ്പനികള്‍ തയ്യാറാകില്ല. കമ്പനികള്‍ വാങ്ങല്‍കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ മംഗളൂരുവിലേക്കും ബ്രഹ്മപുരത്തേക്കും പൈപ്പ്ലൈന്‍ ഇടാന്‍ പെട്രോനെറ്റിനു കഴിയില്ല. കായംകുളം താപനിലയത്തിനായി എന്‍ടിപിസി മാത്രമാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. അതുതന്നെ ഉന്നതതലങ്ങളില്‍നിന്നുള്ള സമ്മര്‍ദംമൂലമാണെന്ന് അറിയുന്നു. വാതകത്തിന്റെ കൃത്യമായ വില പറയാന്‍ പെട്രോനെറ്റ് തയ്യാറാകാത്തതിനാല്‍ തീരുമാനമെടുക്കാന്‍പോലും മറ്റു സ്ഥാപനങ്ങള്‍ക്കാവുന്നില്ല.

    ReplyDelete