Thursday, December 16, 2010

യുഡിഎഫ് സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരമല്ലേയെന്ന് സുപ്രീംകോടതി

കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ മുഖ്യപ്രതിയായ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന് സുപ്രീംകോടതി. പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കെയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്്. കേന്ദ്രവിജിലന്‍സ് കമീഷണര്‍ പി ജെ തോമസ് കൂടി പ്രതിയായ പാമോയില്‍ കേസ് വേഗം തീര്‍പ്പാക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കണക്കിലെടുത്താണ് ജസ്റിസുമാരായ അഫ്താബ് അലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് വാദത്തിനെടുത്ത്. തുടര്‍വാദം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി.

കേസ് പിന്‍വലിച്ച നടപടി തിരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് സ്ഥാപിക്കാന്‍ കരുണാകരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ശ്രമിക്കുന്നതിനിടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ കോടതി ചോദ്യംചെയ്തത്. കേസ് പിന്‍വലിക്കാന്‍ 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കരുണാകരന്റെ സ്ഥാനമെന്തായിരുന്നെന്ന് കോടതി ആരാഞ്ഞു. എംപിയായിരുന്നെന്ന് വേണുഗോപാല്‍ അറിയിച്ചപ്പോഴാണ് അങ്ങനെയെങ്കില്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ ദുരുദ്ദേശ്യപരമായി കാണേണ്ടി വരില്ലേയെന്ന് കോടതി ആരാഞ്ഞത്. പാമോയില്‍ ഇറക്കുമതിയെ ന്യായീകരിക്കാനും വേണുഗോപാല്‍ ശ്രമിച്ചു. കേരളം ഇറക്കുമതിചെയ്ത അതേ നിരക്കില്‍ത്തന്നെ മറ്റുപല സംസ്ഥാനങ്ങളും ഇറക്കുമതി നടത്തിയിട്ടുണ്ട്. വിശദപരിശോധന നടത്തി അഴിമതിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്-വേണുഗോപാല്‍ പറഞ്ഞു.

പാമോയില്‍ കേസില്‍ കരുണാകരന്‍ സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസെടുത്തതിനെ ചോദ്യംചെയ്ത് 1997ലാണ് ആദ്യ ഹര്‍ജി. കേസ് രാഷ്ട്രീയപ്രേരിതമെന്നായിരുന്നു അന്നത്തെ വാദവും. എന്നാല്‍, സുപ്രീംകോടതി ഹര്‍ജി തള്ളി. എംപിയായതിനാല്‍ പ്രോസിക്യൂഷന് പ്രത്യേക അനുമതി വേണമെന്ന് അവകാശപ്പെട്ടാണ് രണ്ടാമത് സുപ്രീംകോടതിയില്‍ വന്നത്. ലാലുപ്രസാദ് യാദവിന്റെയും പ്രകാശ്സിങ് ബാദലിന്റെയും കേസിനൊപ്പം പാമോയില്‍ കേസും പരിഗണിച്ച കോടതി പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം തിരുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഇപ്പോഴത്തെ ഹര്‍ജി 2007 ആഗസ്തിലാണ് സുപ്രീംകോടതിയില്‍ വന്നത്. കേസ് പരാമര്‍ശത്തിന് വന്നപ്പോള്‍ത്തന്നെ ജസ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, എ കെ മാഥൂര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി സ്വീകരിച്ച് വിചാരണകോടതി നടപടികള്‍ സ്റേചെയ്തു. പി ജെ തോമസിന്റെ സിവിസി നിയമനം വിവാദമായതോടെയാണ് പാമോയില്‍ കേസ് വീണ്ടും സജീവമായത്.
(എം പ്രശാന്ത്)
ദേശാഭിമാനി 161210

No comments:

Post a Comment