Monday, December 13, 2010

ടൈംസ് ഓഫ് ഇന്ത്യക്ക് വാതില്‍ തുറന്നിട്ട് മാതൃഭൂമി

കോഴിക്കോട്: ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി മാതൃഭൂമിയുടെ പടി കയറാതിരിക്കാന്‍ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണവും സമരവും നിയമയുദ്ധവും കേരളം മറന്നിട്ടില്ല. രണ്ട് ദശാബ്ദം മുമ്പ് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ പടനയിച്ച അതേ വീരേന്ദ്രകുമാര്‍, ഇപ്പോള്‍ മുംബൈ പത്രഗ്രൂപ്പിനെ മാതൃഭൂമിയിലേക്ക് കൈപിടിച്ച് കയറ്റുന്നു. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയും മാതൃഭൂമിയും വിവിധ രംഗങ്ങളില്‍ സഹകരിക്കാന്‍ ധാരണയായിക്കഴിഞ്ഞു. വീരേന്ദ്രകുമാര്‍തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതെന്നത് വിരോധാഭാസം. ആദ്യഘട്ടമെന്ന നിലയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡിഷന്‍ പത്രങ്ങള്‍ മാതൃഭൂമിയുടെ പ്രസുകളില്‍ അച്ചടിക്കും. ഇരുപത്രവും മാതൃഭൂമി ഏജന്റുമാരെ ഉപയോഗിച്ചു വില്‍ക്കും. ഒരേ തുകയ്ക്ക് ഇരുപത്രത്തിനും പരസ്യം, റിപ്പോര്‍ട്ടര്‍മാരുടെയും മറ്റും സേവനം ഒന്നിച്ച് ഉപയോഗപ്പെടുത്തല്‍ തുടങ്ങിയവ നടപ്പാക്കാനും ധാരണയായി. ക്ളാസിഫൈഡ് പരസ്യം സംബന്ധിച്ച ഉടമ്പടി നടപ്പായിക്കഴിഞ്ഞു. പടിപടിയായി മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും സംയുക്ത സംരംഭത്തിന്റെ സ്വഭാവം കൈവരിക്കുമെന്നാണ് സൂചന.

1989ല്‍ മാതൃഭൂമി പത്രാധിപരായിരുന്ന എം ഡി നാലപ്പാട്, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും 20 ശതമാനം ഓഹരി ടൈംസ് ഓഫ് ഇന്ത്യക്ക് വിറ്റപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തത് വീരേന്ദ്രകുമാറായിരുന്നു. മാതൃഭൂമി പിടിച്ചെടുക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ ശ്രമിക്കുന്നെന്ന് ആരോപിച്ച് വീരേന്ദ്രകുമാര്‍ കേരളമാകെ പ്രചാരണം അഴിച്ചുവിട്ടു. പത്രത്തെ ഉപയോഗിച്ച് സാഹിത്യകാരന്മാരെയും സ്വാതന്ത്ര്യസമര സേനാനികളെയും രംഗത്തിറക്കി. കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. അതോടൊപ്പം നിയമയുദ്ധവും. പ്രയോഗിക്കാന്‍ അടവുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിന് വിജയം. ടൈംസ് ഓഫ് ഇന്ത്യയുടെ നീക്കം പരാജയപ്പെട്ടു. എല്ലം സമീപകാല ചരിത്രം.

ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയെ മാതൃഭൂമിയില്‍ വിളിച്ചുകയറ്റുന്നത് വലിയ ബിസിനസ് താല്‍പ്പര്യമാണെന്ന് മാനേജ്മെന്റ് വാദിക്കുന്നു. തെക്കെ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലും കേരളത്തില്‍ മലബാര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും എഡിഷന്‍ ആരംഭിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ എഡിഷന്‍ അടുത്തമാസം ആരംഭിക്കും. മാര്‍ച്ചില്‍ തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള പത്രം ഇറക്കാനാണ് പദ്ധതി. മാതൃഭൂമിയുടെ തൃശൂര്‍ യൂണിറ്റില്‍നിന്ന് പത്രം അച്ചടിക്കും. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മാതൃഭൂമി ഓഫീസുകളില്‍നിന്ന് 2011 പകുതിയോടെ ടൈംസ് ഓഫ് ഇന്ത്യയുടെ മറ്റ് എഡിഷനും ഇറങ്ങും.

തന്റെ എഡിറ്റര്‍സ്ഥാനം തെറിപ്പിച്ച് മാതൃഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രമം തുടങ്ങിയപ്പോഴാണ് നാലപ്പാട്, കുടുംബഓഹരി ബെന്നറ്റ് കോള്‍മാന് വിറ്റത്. എന്നാല്‍, ഈ വില്‍പ്പനയ്ക്ക് ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയില്ലെന്നുപറഞ്ഞ് വീരേന്ദ്രകുമാറും സംഘവും ഹൈക്കോടതിയില്‍ പോയി. എന്നാല്‍,കോടതി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിന്റെ വാദം തള്ളി. വീരേന്ദ്രകുമാറും സംഘവും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. ഇതിനെതിരെ ടൈംസ് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഈ കേസ് തുടരുന്നതിനിടെ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ചെയര്‍മാന്‍ അശോക് കുമാര്‍ ജെയിന്‍ വിദേശനാണയ വിനിമയ കേസില്‍ പെട്ടു. കേസ് തേഞ്ഞുമാഞ്ഞു. ബെന്നറ്റ് കോള്‍മാന്‍ തങ്ങളുടെ കൈയിലുണ്ടായിരുന്ന മാതൃഭൂമി ഓഹരി മുഴുവന്‍ വീരേന്ദ്രകുമാറിന് മറിച്ചുനല്‍കി. നാമമാത്ര ഓഹരിയുമായി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലെത്തിയ വീരേന്ദ്രകുമാര്‍ ഇന്ന് പത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓഹരിക്കുടമയാണ്. മാതൃഭൂമി മാനേജ്മെന്റിന്റെ മലക്കം മറിച്ചില്‍ അതിന്റെ വായനക്കാരിലും അഭ്യുദയകാക്ഷികളിലുമുണ്ടാക്കാവുന്ന എതിര്‍പ്പ് കണക്കിലെടുത്താവണം, ടൈംസ് ഓഫ് ഇന്ത്യയുമായുള്ള കൂട്ടുസംരംഭത്തിന്റെ കാര്യം പുറത്തുവിട്ടിട്ടില്ല.
(കെ പ്രേമനാഥ്)

ദേശാഭിമാനി 131210

1 comment:

  1. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി മാതൃഭൂമിയുടെ പടി കയറാതിരിക്കാന്‍ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണവും സമരവും നിയമയുദ്ധവും കേരളം മറന്നിട്ടില്ല. രണ്ട് ദശാബ്ദം മുമ്പ് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ പടനയിച്ച അതേ വീരേന്ദ്രകുമാര്‍, ഇപ്പോള്‍ മുംബൈ പത്രഗ്രൂപ്പിനെ മാതൃഭൂമിയിലേക്ക് കൈപിടിച്ച് കയറ്റുന്നു. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയും മാതൃഭൂമിയും വിവിധ രംഗങ്ങളില്‍ സഹകരിക്കാന്‍ ധാരണയായിക്കഴിഞ്ഞു. വീരേന്ദ്രകുമാര്‍തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതെന്നത് വിരോധാഭാസം. ആദ്യഘട്ടമെന്ന നിലയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡിഷന്‍ പത്രങ്ങള്‍ മാതൃഭൂമിയുടെ പ്രസുകളില്‍ അച്ചടിക്കും. ഇരുപത്രവും മാതൃഭൂമി ഏജന്റുമാരെ ഉപയോഗിച്ചു വില്‍ക്കും. ഒരേ തുകയ്ക്ക് ഇരുപത്രത്തിനും പരസ്യം, റിപ്പോര്‍ട്ടര്‍മാരുടെയും മറ്റും സേവനം ഒന്നിച്ച് ഉപയോഗപ്പെടുത്തല്‍ തുടങ്ങിയവ നടപ്പാക്കാനും ധാരണയായി. ക്ളാസിഫൈഡ് പരസ്യം സംബന്ധിച്ച ഉടമ്പടി നടപ്പായിക്കഴിഞ്ഞു. പടിപടിയായി മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും സംയുക്ത സംരംഭത്തിന്റെ സ്വഭാവം കൈവരിക്കുമെന്നാണ് സൂചന.

    ReplyDelete