Wednesday, December 15, 2010

ആര്‍എസ്എസ് അക്രമം ആസൂത്രിതം: സിപിഐ എം

കോഴിക്കോട്: സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ വീടിന് ബോംബെറിഞ്ഞതില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. പാര്‍ടി നേതാവായ ബാലകൃഷ്ണനെയും ഭാര്യ കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണായ ശാന്തയെയും കുടുംബത്തെയും അപായപ്പെടുത്തുന്നതിന് ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘം ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് സ്പഷ്ടമാണ്. കൊയിലാണ്ടിയില്‍ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായി കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കൂട്ടര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. പാര്‍ടി പ്രവര്‍ത്തകനായ ധര്‍മനും കെ ടി രമേശനും ആക്രമിക്കപ്പെട്ടു. സിപിഐ എം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ പത്മനാഭനും ആര്‍എസ്എസുകാരുടെ വധശ്രമത്തിനിരയായത് ഇക്കഴിഞ്ഞ ദിവസമാണ്. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘം അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.

രാത്രിയുടെ മറവില്‍ വീടുകള്‍ ആക്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിച്ചുകൂട. ഏത് രാഷ്ട്രീയ അഭിപ്രായക്കാരുടെതായാലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അഭയകേന്ദ്രമാണ് വീട്. വീടുകള്‍ ആക്രമിക്കുന്നത് ജനങ്ങളാകെ യോജിച്ചുനിന്ന് ചെറുത്ത് തോല്‍പ്പിക്കണം. കൊയിലാണ്ടിയിലും പരിസരത്തും സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പുനടത്താനുള്ള ആര്‍എസ്എസ് -ബിജെപി നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയണം. എന്‍ വി ബാലകൃഷ്ണന്റെയും നഗരസഭാ ചെയര്‍പേഴ്സ ശാന്തയുടെയും വീട് ആക്രമിച്ചതിനെ അപലപിക്കുന്നതിന് കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും മുന്നോട്ടുവരണം. ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ഗൂഢശ്രമങ്ങള്‍ക്ക് വശംവദരാകാതെ നാടിന്റെ സ്വൈര്യജീവിതം കാത്തുരക്ഷിക്കുന്നതിനും സമാധാനപരമായ രീതിയില്‍ പ്രതിഷേധം ഉയര്‍ത്താനും മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. എന്‍ വി ബാലകൃഷ്ണന്റെ വീടിന് ബോംബെറിഞ്ഞതില്‍ സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം അക്രമങ്ങള്‍ നടത്തുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ പൊലീസ് തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് അക്രമത്തില്‍ നാടെങ്ങും പ്രതിഷേധം
കൊയിലാണ്ടി: സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ വീടിന് ആര്‍എസ്എസ് ക്രിമിനല്‍സംഘം നടത്തിയ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ ഏരിയയില്‍ ഹര്‍ത്താലാചരിച്ചു. നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, അരിക്കുളം പഞ്ചായത്ത് പരിധിക്കുള്ളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പലയിടങ്ങളിലും സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. വൈകീട്ട് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രതിഷേധറാലിയും പൊതുയോഗവും നടത്തി. പി വിശ്വന്‍ എംഎല്‍എ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കെ ടി എം കോയ അധ്യക്ഷനായി. എം നാരായണന്‍, ബാലകൃഷ്ണന്‍, കെ ദാസന്‍, എന്‍ വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി ഗോപാലന്‍ സ്വാഗതം പറഞ്ഞു. അക്രമത്തില്‍ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ളോക്ക് കമ്മിറ്റി, കര്‍ഷകസംഘം ഏരിയാകമ്മിറ്റി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി, എസ്എഫ്ഐഫ് ഏരിയാകമ്മിറ്റി എന്നിവ പ്രതിഷേധിച്ചു.

deshabhimani news kozhikode district page

1 comment:

  1. സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ വീടിന് ബോംബെറിഞ്ഞതില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. പാര്‍ടി നേതാവായ ബാലകൃഷ്ണനെയും ഭാര്യ കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണായ ശാന്തയെയും കുടുംബത്തെയും അപായപ്പെടുത്തുന്നതിന് ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘം ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് സ്പഷ്ടമാണ്. കൊയിലാണ്ടിയില്‍ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായി കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കൂട്ടര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. പാര്‍ടി പ്രവര്‍ത്തകനായ ധര്‍മനും കെ ടി രമേശനും ആക്രമിക്കപ്പെട്ടു. സിപിഐ എം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ പത്മനാഭനും ആര്‍എസ്എസുകാരുടെ വധശ്രമത്തിനിരയായത് ഇക്കഴിഞ്ഞ ദിവസമാണ്. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

    ReplyDelete