Wednesday, December 15, 2010

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: സ്ഥാനങ്ങള്‍ നികത്താനായില്ല

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് മണ്ഡലം വരെയെത്തി നില്‍ക്കെ പല ബ്ളോക്കുകളിലും ഭാരവാഹികള്‍ പ്രസിഡന്റിലും വൈസ് പ്രസിഡന്റിലുമൊതുങ്ങി. എറണാകുളം പാര്‍ലമെന്റ് പ്രദേശത്തെ ഏഴു ബ്ളോക്കിലുംകൂടി 140 പേര്‍ തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനത്ത് 85 പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്സി, എസ്സി വനിത, വനിത വിഭാഗ സംവരണം, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളാണ് പലയിടത്തും ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാന ഭാരവാഹികളെയും പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ അവകാശമുള്ള പ്രതിനിധികളും ബ്ളോക്ക് തലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടില്ല. ഒരാള്‍ക്ക് ചുരുങ്ങിയത് 20 വോട്ടെങ്കിലും കിട്ടണമെന്ന മാനദണ്ഡമാണ് വിനയായത്.

എറണാകുളത്തെ 85 വോട്ടില്‍ ഐ, എ ഗ്രൂപ്പുകള്‍ ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നു. നാലു ബ്ളോക്കില്‍ പ്രസിഡന്റുസ്ഥാനം എ വിഭാഗം നേടി. മൂന്നെണ്ണം ഐ വിഭാഗത്തിനും ലഭിച്ചു. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ വിഭാഗം കൌണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യത്തെയും എ വിഭാഗം തൃപ്പൂണിത്തുറയിലെ സുരേഷ്ബാബുവിനെയും രംഗത്തിറക്കി. ഇതിനിടെ പ്രതിനിധികളെ ചാക്കിട്ടുപിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാരും രംഗത്തെത്തിയത് മത്സരം കൊഴുപ്പിച്ചു.

യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന-പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് 21ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് പിആര്‍ഒ ജ്യോതിമണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരുമണിവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ശനിയാഴ്ച പത്രികകളുടെ വിശദമായ പരിശോധന. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. പോളിങ്ബൂത്തിനു പുറത്തുള്ള സംഘര്‍ഷങ്ങളെ സംഘടന കാര്യമായി കാണുന്നില്ലെന്നും ഗ്രൂപ്പ്സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ജ്യോതിമണി പറഞ്ഞു.

ദേശാഭിമാനി 151210

1 comment:

  1. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് മണ്ഡലം വരെയെത്തി നില്‍ക്കെ പല ബ്ളോക്കുകളിലും ഭാരവാഹികള്‍ പ്രസിഡന്റിലും വൈസ് പ്രസിഡന്റിലുമൊതുങ്ങി. എറണാകുളം പാര്‍ലമെന്റ് പ്രദേശത്തെ ഏഴു ബ്ളോക്കിലുംകൂടി 140 പേര്‍ തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനത്ത് 85 പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്സി, എസ്സി വനിത, വനിത വിഭാഗ സംവരണം, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളാണ് പലയിടത്തും ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാന ഭാരവാഹികളെയും പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ അവകാശമുള്ള പ്രതിനിധികളും ബ്ളോക്ക് തലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടില്ല. ഒരാള്‍ക്ക് ചുരുങ്ങിയത് 20 വോട്ടെങ്കിലും കിട്ടണമെന്ന മാനദണ്ഡമാണ് വിനയായത്.

    ReplyDelete