Wednesday, December 15, 2010

കോര്‍പറേറ്റുകളെ പിന്തുണച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ഫോ ചോര്‍ത്തല്‍ കോര്‍പറേറ്റ് കേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്ന ആശങ്കയെക്കുറിച്ച് താന്‍ ബോധവാനാണെന്ന് പ്രധാനമന്ത്രി. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ ക്യാബിനറ്റ് സെക്രട്ടറിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്‍മോഹന്‍സിങ് അറിയിച്ചു.

ഭീതികൂടാതെ ബിസിനസ് നടത്താന്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുമെന്ന് ഡല്‍ഹിയില്‍ ഇന്ത്യാ കോര്‍പറേറ്റ് വീക്കിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം കോര്‍പറേറ്റുകള്‍ക്ക് ഉറപ്പുനല്‍കി. സര്‍ക്കാര്‍ പകര്‍ത്തുന്ന സംഭാഷണങ്ങള്‍ ചോരാതിരിക്കാന്‍ സംവിധാനംവേണം. നിലവിലുള്ള ലോകസാഹചര്യത്തില്‍ സര്‍ക്കാരിന് ഇത്തരത്തില്‍ അധികാരങ്ങള്‍ ആവശ്യമാണെങ്കിലും ഇതു ശ്രദ്ധയോടെ പ്രയോഗിക്കണം. കൃത്യമായ നടപടിക്രമവും ചട്ടവും പാലിക്കുകയും വേണം. ചോര്‍ത്തിയ സംഭാഷണങ്ങളുടെ ദുരുപയോഗം ഇങ്ങനെ തടയാനാകും. സര്‍ക്കാര്‍ ചട്ടക്കൂടിനു പുറത്തുള്ള സംവിധാനങ്ങളിലേക്ക് ടെലിഫോണ്‍ സംഭാഷണങ്ങള്‍ എത്താതിരിക്കാന്‍ സാങ്കേതികവിദ്യകളിലൂടെ പരിഹാരംതേടണം. ഫോണ്‍ സംഭാഷണങ്ങളുടെ ദുരുപയോഗം തടയാന്‍ നിയമസംവിധാനങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. എന്നാല്‍, ഇവ കൂടുതല്‍ ശക്തിപ്പെടുത്തണം. ഈ പ്രശ്നം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ ക്യാബിനറ്റ് സെക്രട്ടറിയോടു ആവശ്യപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

കോര്‍പറേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വികസനരംഗത്ത് വലിയ ഉത്തരവാദിത്തം കോര്‍പറേറ്റുകള്‍ക്കുണ്ട്. ധാര്‍മികമായ പെരുമാറ്റം ആവശ്യമാണ്. കാര്യങ്ങള്‍ ശുഭകരമായി നടന്നാല്‍മാത്രം പോര, അതിലേക്കുള്ള മാര്‍ഗം സത്യസന്ധമാകണമെന്ന് മഹാത്മാഗാന്ധി എപ്പോഴും പറയാറുണ്ട്- പ്രധാനമന്ത്രി കോര്‍പറേറ്റുകളെ ഓര്‍മിപ്പിച്ചു. രത്തന്‍ ടാറ്റ, മുകേഷ് അംബാനി തുടങ്ങിയ വമ്പന്മാരെല്ലാം റാഡിയ ടേപ്പുകളില്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കോര്‍പറേറ്റുകളുടെ ഫോ ചോര്‍ത്തല്‍ ആശങ്ക സര്‍ക്കാര്‍ ഗൌരവത്തില്‍ പരിഗണിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ്. സ്പെക്ട്രം അഴിമതി ജെപിസി അന്വേഷിക്കണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി മൌനംഭഞ്ജിച്ചത് കോര്‍പറേറ്റുകള്‍ക്ക് സര്‍വ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടാണ്. കോര്‍പറേറ്റുകളുടെ ഇടനിലക്കാരി നീര റാഡിയയുമായി കൂടുതല്‍ മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നിട്ടും അതിനെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. റാഡിയ ടേപ്പുകളുടെ ചോര്‍ച്ച തടയണമെന്ന് അഭ്യര്‍ഥിച്ച് രത്തന്‍ ടാറ്റ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എച്ച്ഡിഎഫ്സി അധ്യക്ഷന്‍ ദീപക് പരേഖിനെപ്പോലുള്ള കോര്‍പറേറ്റ് തലവന്മാരും ടേപ്പ് ചോര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോര്‍പറേറ്റുകളുടെ ആത്മവീര്യം നഷ്ടപ്പെടുത്തതുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ദീപക് പരേഖ് അഭിപ്രായപ്പെട്ടിരുന്നു.
(എം പ്രശാന്ത്)

കോര്‍പറേറ്റുകളെയും ശിക്ഷിക്കണം: കാരാട്ട്

ന്യൂഡല്‍ഹി: രണ്ടാംതലമുറ സ്്പെക്ട്രം അഴിമതിക്കേസില്‍ മന്ത്രിയെയും ബ്യൂറോക്രാറ്റുകളെയും മാത്രമല്ല കോര്‍പറേറ്റുകളെയും ശിക്ഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സിപിഐ എം മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി'യില്‍ എഴുതിയ ലേഖനത്തിലാണ് കാരാട്ട് ഈ ആവശ്യമുന്നയിച്ചത്. കോര്‍പറേറ്റുകളെ രക്ഷിക്കാനാണ് ജെപിസി അന്വേഷണം നടത്തില്ലെന്ന് കോണ്‍ഗ്രസ് ശഠിക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കി. ഇപ്പോഴത്തെ അഴിമതിസംഭവങ്ങളില്‍ പ്രധാനകുറ്റവാളി കോര്‍പറേറ്റുകളാണ്. രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നയം രൂപീകരിച്ച് അത് നടപ്പാക്കി. ഇതിലൂടെ കോര്‍പറേറ്റുകള്‍ക്ക് വന്‍നേട്ടമുണ്ടാക്കിയതായി പുറത്തറിയുമെന്നതിനാലാണ് ജെപിസി അന്വേഷണത്തിന് ഉത്തരവിടാത്തത്- കാരാട്ട് കുറ്റപ്പെടുത്തി.

പുതിയ ടെലികോം മന്ത്രി കപില്‍ സിബാല്‍ നടത്തുന്ന നീക്കങ്ങള്‍ ഏറെ സംശയമുണര്‍ത്തുന്നതാണ്. പേരിന് ചില നടപടികളെടുത്തു എന്നുവരുത്താനാണ് ശ്രമം. 85 കമ്പനികളോട് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചതിന് പിന്നാലെ ഏകാംഗകമീഷനെ നിയോഗിച്ചത് മനസ്സിലാകുന്നില്ല. അനധികൃതമാര്‍ഗങ്ങളിലൂടെ ലൈസന്‍സ് നേടിയ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്തുകൊണ്ട് മന്ത്രി തയ്യാറാകുന്നില്ല. അഴിമതിയുടെ അടിവേരുകള്‍ വന്‍കിട ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള കൂടുകെട്ടിലാണ് കിടക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളടെ ഉപോല്‍പ്പന്നമാണിത്. അതുകൊണ്ട് തന്നെ അഴിമതിക്കെതിരായ പോരാട്ടം നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടംകൂടിയാണെന്ന് കാരാട്ട് വ്യക്തമാക്കി.

ദേശാഭിമാനി 151210

1 comment:

  1. രാജ്യസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ഫോ ചോര്‍ത്തല്‍ കോര്‍പറേറ്റ് കേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്ന ആശങ്കയെക്കുറിച്ച് താന്‍ ബോധവാനാണെന്ന് പ്രധാനമന്ത്രി. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കാന്‍ ക്യാബിനറ്റ് സെക്രട്ടറിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്‍മോഹന്‍സിങ് അറിയിച്ചു.

    ReplyDelete