Monday, January 24, 2011

ലോട്ടറി: സര്‍ക്കാരിന് ഒറ്റനിലപാട്- പിണറായി

ലോട്ടറിവിഷയത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മറ്റെല്ലാ മന്ത്രിമാര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. വസ്തുതകള്‍ ജനങ്ങളില്‍ എത്തിക്കേണ്ട ചില മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. കൊണ്ടോട്ടിയില്‍ കെഎസ്ടിഎ സെന്റര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും രൂക്ഷമായ വിലക്കയറ്റവും മറച്ചുവയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. കേന്ദ്രത്തിലെ അഴിമതിക്കാരെ പുണ്യവാളന്മാരായി ചിത്രീകരിക്കുന്നു. ഇവിടെ മാധ്യമങ്ങള്‍ക്ക് എന്നും പറയാനുള്ളത് ലോട്ടറിയെക്കുറിച്ചാണ്. അന്യസംസ്ഥാന ലോട്ടറി വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫിനും സര്‍ക്കാരിനുമുള്ളത്. ഇപ്പോള്‍ യുഡിഎഫും അത് പറയുന്നു. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഇക്കാര്യം കോടതി വ്യക്തമാക്കിയതാണ്. ലോട്ടറി ചട്ടം ലംഘിക്കുന്നത് കേന്ദ്രത്തെ അറിയിക്കാനേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളു. എന്നാല്‍, ഈ വസ്തുത യുഡിഎഫും മാധ്യമങ്ങളും മറച്ചുവയ്ക്കുന്നു. യുഡിഎഫിന്റെ തപ്പുകൊട്ടുകാരായി ചില മാധ്യമങ്ങള്‍ മാറി. ലോട്ടറിപ്രശ്നത്തില്‍ പൊതുതാല്‍പ്പര്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ലോട്ടറിക്കാര്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് വക്താവ് വന്നത് ആരും മറന്നിട്ടില്ല. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിധി വന്നിട്ടുള്ളത്.

ലോട്ടറിക്കാരില്‍നിന്ന് മുന്‍കൂര്‍ നികുതി വാങ്ങണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അതിനര്‍ഥം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ്. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപടിയെടുത്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം അപഹസിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ലോട്ടറിവിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. ലോട്ടറി മാഫിയക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല കേസെടുക്കാനാകില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും അലട്ടുന്നുണ്ടാകും. എന്നിട്ടും മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു. ലോട്ടറിവിഷയം വക്രീകരിച്ച് സര്‍ക്കാരിനെ രണ്ടു തട്ടാക്കാനും ചേരിപ്പോര് ഉണ്ടെന്ന് വരുത്താനുമുള്ള നെറികെട്ട ശ്രമങ്ങളും നടത്തുന്നു. കള്ളവാര്‍ത്ത കൊടുക്കുന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് എഐടിയുസി സംഘടിപ്പിച്ച ടി വി തോമസ് അനുസ്മരണ ചടങ്ങിന്റേത്. അതില്‍ വി എസ് പങ്കെടുക്കാത്തത് സിപിഐ എമ്മിലെ പ്രശ്നംകൊണ്ടാണെന്നായിരുന്നു വാര്‍ത്ത. സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഒരു മടിയുംകൂടാതെ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളുടെ ഈ കള്ളപ്രചാരണം ബോധപൂര്‍വമാണ്. കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമെന്ന ആശങ്ക അവര്‍ക്കുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കള്ളവാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 240111

1 comment:

  1. ലോട്ടറിവിഷയത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മറ്റെല്ലാ മന്ത്രിമാര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. വസ്തുതകള്‍ ജനങ്ങളില്‍ എത്തിക്കേണ്ട ചില മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. കൊണ്ടോട്ടിയില്‍ കെഎസ്ടിഎ സെന്റര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete