Saturday, January 22, 2011

ലോട്ടറി ഓര്‍ഡിനന്‍സ് ഹൈക്കോടതി തടഞ്ഞു

അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നറുക്കെടുപ്പിന്റെ നികുതി വര്‍ധിപ്പിക്കുന്നതും കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായേ അന്യസംസ്ഥാന ലോട്ടറി നടത്താവൂ എന്നു നിഷ്കര്‍ഷിക്കുന്നതുമായ ലോട്ടറിച്ചട്ടങ്ങള്‍ നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം ജസ്റിസ് സി കെ അബ്ദുള്‍റഹിം സ്റേചെയ്തു. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സും രണ്ട് വിതരണക്കാരും സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ലോട്ടറിനടത്തിപ്പുകാരില്‍നിന്ന് മുന്‍കൂര്‍നികുതി സ്വീകരിക്കാന്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കരുത്. ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ മുന്‍ ഉത്തരവുപ്രകാരം നികുതി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ലോട്ടറിനിയമത്തിന്റെ ലംഘനമുണ്ടെങ്കില്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ. ചട്ടലംഘനത്തിന് കേന്ദ്ര സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. 'ബിയാര്‍ എന്റര്‍പ്രൈസസ്' കേസിലേതടക്കമുള്ള സുപ്രീംകോടതി വിധികള്‍ കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന കേന്ദ്രസര്‍ക്കാരിന് നല്‍കിയ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് സംസ്ഥാനത്തിന്റെ പുതിയ നിയമമെന്ന മേഘയുടെ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ലെന്നുതന്നെയാണ് ഉത്തരം- കോടതി പറഞ്ഞു.

നികുതിച്ചട്ടങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി മറ്റ് സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും ലോട്ടറികള്‍ നിയന്ത്രിക്കാനും നിരോധിക്കാനും ലക്ഷ്യമിടുന്നതാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരും നിരക്ഷരരുമായ ജനവിഭാഗമാണ് ലോട്ടറികളുടെ ചൂഷണത്തിന് ഇരയാകുന്നത്. ഇതൊരു സാമൂഹ്യവിപത്തായി കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി എടുത്തതെങ്കില്‍, അത് ഭരണഘടന നല്‍കുന്ന അധികാരപരിധിയില്‍നിന്നാകണമായിരുന്നു. സംസ്ഥാനലോട്ടറികള്‍ക്ക് മറ്റ് ലോട്ടറികളെ അപേക്ഷിച്ച് പ്രത്യേക പരിഗണന നല്‍കാമെങ്കിലും അവയും ചൂഷണരഹിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയാനാകില്ല.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെങ്കില്‍ കേരളം ലോട്ടറിവിമുക്ത മേഖലയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിന് കേന്ദ്ര ലോട്ടറിനിയമത്തിലെ അഞ്ചാംവകുപ്പുപ്രകാരമുള്ള അധികാരം ഉപയോഗിക്കണം. സ്വന്തം ലോട്ടറി നടത്തുന്നിടത്തോളം കാലം മറ്റ് സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും ലോട്ടറികള്‍ക്ക് നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ല. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ കേരളവും ലോട്ടറിവിമുക്ത മേഖലയായി പ്രഖ്യാപിച്ച് രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്. ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവുണ്ടായിട്ടും പുതിയ ഓര്‍ഡിനന്‍സിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ നികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത് കണക്കിലെടുത്താണ് ചട്ടങ്ങള്‍ നടപ്പാക്കുന്നത് തടയുന്നതെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി വിശദവാദത്തിനായി ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു.
(പി പി താജുദ്ദീന്‍)

deshabhimani 220111

2 comments:

  1. അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നറുക്കെടുപ്പിന്റെ നികുതി വര്‍ധിപ്പിക്കുന്നതും കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായേ അന്യസംസ്ഥാന ലോട്ടറി നടത്താവൂ എന്നു നിഷ്കര്‍ഷിക്കുന്നതുമായ ലോട്ടറിച്ചട്ടങ്ങള്‍ നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം ജസ്റിസ് സി കെ അബ്ദുള്‍റഹിം സ്റേചെയ്തു. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സും രണ്ട് വിതരണക്കാരും സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

    ReplyDelete
  2. അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് വി ആര്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നേരത്തെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്യുകയും മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോട്ടറി സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് തടഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് മുന്‍കൂര്‍ നികുതി സര്‍ക്കാര്‍ വാങ്ങിയിരുന്നില്ല.

    ReplyDelete