Friday, January 28, 2011

ഒറ്റയാന്‍യാത്ര: ഘടകകക്ഷികള്‍ക്ക് പ്രതിഷേധം

നിയമസഭാതെരഞ്ഞെടുപ്പ് ലാക്കാക്കി ആരംഭിച്ച യുഡിഎഫ് ജാഥ ഉമ്മന്‍ചാണ്ടിയുടെ ഒറ്റയാള്‍പ്രകടനമാകുന്നുവെന്ന് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും പരാതി. മോചനയാത്ര തീര്‍ന്നാലുടന്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം ചേരണമെന്ന് ഘടകകക്ഷിനേതാക്കള്‍ മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചനോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം, മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കെല്ലാം ഉമ്മന്‍ചാണ്ടിയുടെ 'വണ്‍മാന്‍ ഷോ'യില്‍ അമര്‍ഷമുണ്ട്.

ഇതിനിടെ, കേന്ദ്രമന്ത്രിസഭാ പുനഃസംഘടന യുഡിഎഫിലെയും കോണ്‍ഗ്രസിലെയും പ്രശ്നങ്ങള്‍ മൂര്‍ച്ഛിപ്പിച്ചു. ഇ അഹമ്മദിന് ക്യാബിനറ്റ് പദവി കിട്ടിയില്ലെന്ന പരസ്യപരാതിയുമായി പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്ബഷീറും രംഗത്തുവന്നു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി ജോസ് കെ മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മാണിയുടെ ആവശ്യം നിരാകരിച്ചതില്‍ അവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. പക്ഷേ, പരസ്യമായി പ്രതികരിച്ചില്ലെന്നുമാത്രം.

ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് തങ്ങളുടെ പാര്‍ടി അധ്യക്ഷനായിരിക്കണമെന്ന് ലീഗും നിയമസഭയിലെ അംഗബലമനുസരിച്ച് യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാവായിരിക്കണമെന്ന് അവരും ആവശ്യപ്പെട്ടിരുന്നു. രണ്ടുകൂട്ടരുടെയും ആവശ്യം നിരാകരിച്ചാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെക്കൊണ്ട് ഉദ്ഘാടനംചെയ്യിച്ചത്. ജാഥയില്‍ യുഡിഎഫ് നേതാക്കളുടെ ആരുടെയും ചിത്രമില്ല.പ്രചാരണത്തിനുള്ള ഔദ്യോഗിക പോസ്ററിലും യുഡിഎഫ് നേതാക്കളുടെ ചിത്രമില്ല. ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ ചിത്രങ്ങളുള്ള പോസ്ററും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി സ്ഥാപിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍പ്പോലും ചെന്നിത്തലയില്ല. തുടര്‍ന്ന്, വിശാല 'ഐ'ക്കാര്‍ ചെന്നിത്തലയുടെ പടംവച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചു.

ഘടകകക്ഷികളെയും മറ്റു ഗ്രൂപ്പുകാരെയും തഴഞ്ഞ് ഉമ്മന്‍ചാണ്ടി നടത്തുന്ന 'മോചനയാത്ര' അതുകൊണ്ടുതന്നെ പലയിടത്തും സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. ജാഥ വിജയിപ്പിക്കാന്‍ ചേര്‍ന്ന യുഡിഎഫ്-കോണ്‍ഗ്രസ് യോഗങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ കൈയ്യാങ്കളിയിലാണ് കലാശിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കേണ്ടതാര് എന്ന വിഷയത്തില്‍ മോചനയാത്ര അവസാനവാക്കല്ല എന്നാണ് കോണ്‍ഗ്രസിലെ പല കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നയിക്കുന്നതുകൊണ്ട് യുഡിഎഫ് നിയമസഭാകക്ഷിനേതാവ് ഉമ്മന്‍ചാണ്ടി ആകണമെന്നില്ല. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു, ആവശ്യമെങ്കില്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രഖ്യാപനം.

ദേശാഭിമാനി 280111

1 comment:

  1. നിയമസഭാതെരഞ്ഞെടുപ്പ് ലാക്കാക്കി ആരംഭിച്ച യുഡിഎഫ് ജാഥ ഉമ്മന്‍ചാണ്ടിയുടെ ഒറ്റയാള്‍പ്രകടനമാകുന്നുവെന്ന് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും പരാതി. മോചനയാത്ര തീര്‍ന്നാലുടന്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം ചേരണമെന്ന് ഘടകകക്ഷിനേതാക്കള്‍ മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചനോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം, മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കെല്ലാം ഉമ്മന്‍ചാണ്ടിയുടെ 'വണ്‍മാന്‍ ഷോ'യില്‍ അമര്‍ഷമുണ്ട്.

    ReplyDelete