Friday, January 21, 2011

10 പാര്‍ടികള്‍ ദേശീയ പ്രക്ഷോഭത്തിന്

വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ ദേശവ്യാപക പ്രക്ഷോഭം നടത്താന്‍ ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഒരാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പിക്കറ്റിങ്ങും പ്രകടനവും ധര്‍ണയും നടത്താനും പത്തു കക്ഷികളുടെ നേതാക്കള്‍ ആഹ്വാനംചെയ്തു. വാരാചരണത്തിന്റെ അവസാനദിവസമായ ഫെബ്രുവരി ഒമ്പതിനു പത്തു പാര്‍ടികളുടെയും ദേശീയനേതാക്കള്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തും. എ കെ ജി ഭവനില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിനുശേഷം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. .

അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും അവധിവ്യാപാരം നിരോധിക്കുക . പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കി കെട്ടിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ബിപിഎല്‍ വിലയ്ക്ക് വിതരണം ചെയ്യുക . പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുക . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുക. . ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുത്. . പെട്രോളിയം ഉല്‍പ്പന്നങ്ങളും വിലനിയന്ത്രണം പുനഃസ്ഥാപിക്കുക. വര്‍ധിപ്പിച്ച വില പിന്‍വലിക്കുക. നികുതി ഘടന യുക്തിസഹമാക്കുക എന്നീ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. പൊള്ളുന്ന വിലക്കയറ്റം ജനജീവിതം കുടുതല്‍ ദുസ്സഹമാക്കിയിരിക്കയാണെന്ന് കാരാട്ട് പറഞ്ഞു. ഉള്ളിയ്ക്കും മറ്റു പച്ചക്കറികള്‍ക്കും താങ്ങാനാവാത്ത വിലയായി. പണപ്പെരുപ്പം എട്ടരശതമാനമെത്തി. വിലക്കയറ്റം കാരണം ജനങ്ങള്‍ വിഷമിക്കുമ്പോള്‍ അഴിമതിയിലൂടെ ദേശീയവിഭവങ്ങള്‍ കൊള്ളയടിക്കുന്നത് സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം ഒഴിവാക്കിയശേഷം പെട്രോളിന് ഏഴുതവണ വില കൂട്ടി. 20 ശതമാനം വിലവര്‍ധിച്ചു. ഒരു മാസത്തിനകം പെട്രോളിന് അഞ്ചരരൂപയാണ് കൂടിയത്. അവധിവ്യാപാരം അനുവദിച്ചതിലൂടെ അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടം ശക്തമായി. ഭക്ഷ്യവസ്തുക്കളുടെ വന്‍വിലക്കയറ്റം കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കയാണ്. അവര്‍ കൂട്ട ആത്മഹത്യ ചെയ്യുന്നു. ന്യായവിലയോ വിളനഷ്ടത്തിനു നഷ്ടപരിഹാരമോ കിട്ടുന്നില്ല. അസാധാരണ മഴമൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടയിലും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനാണ് നീക്കം. അവശ്യവസ്തുക്കളുടെ ലഭ്യത ഇതുവഴി വര്‍ധിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണ്. ലക്ഷക്കണക്കിന് ചില്ലറവില്‍പ്പനക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ- കാരാട്ട് പറഞ്ഞു.

പെട്രോളിന്റെ നികുതി കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെടുമോ എന്ന് ചോദ്യത്തിന് ആദ്യം കേന്ദ്രം മാതൃക കാട്ടട്ടെ എന്നായിരുന്നു കാരാട്ടിന്റെ ഉത്തരം. യോഗത്തില്‍ സീതാറാം യെച്ചൂരി (സിപിഐ എം), എ ബി ബര്‍ദന്‍, അതുല്‍കുമാര്‍ അഞ്ജാന്‍ (സിപിഐ), അബനിറോയ്(ആര്‍എസ്പി), ദേവബ്രത ബിശ്വാസ്, ജി ദേവരാജന്‍ (ഫോര്‍വേഡ്ബ്ളോക്ക്), അര്‍ജുന്‍ ചരസേഥി (ബിജെഡി), നമ്മ നാഗേശ്വരരാവു (ടിഡിപി), തമ്പിദുരൈ (എഐഎഡിഎംകെ), അജിത്സിങ് (ആര്‍എല്‍ഡി) എന്നിവര്‍ പങ്കെടുത്തു. ബംഗളൂരുവില്‍ ജെഡിഎസ് കവന്‍ഷന്‍ നടക്കുന്നതിനാല്‍ ദേവഗൌഡ എത്തിയിരുന്നില്ല.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 210111

1 comment:

  1. വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ ദേശവ്യാപക പ്രക്ഷോഭം നടത്താന്‍ ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ഒരാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പിക്കറ്റിങ്ങും പ്രകടനവും ധര്‍ണയും നടത്താനും പത്തു കക്ഷികളുടെ നേതാക്കള്‍ ആഹ്വാനംചെയ്തു. വാരാചരണത്തിന്റെ അവസാനദിവസമായ ഫെബ്രുവരി ഒമ്പതിനു പത്തു പാര്‍ടികളുടെയും ദേശീയനേതാക്കള്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തും. എ കെ ജി ഭവനില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിനുശേഷം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

    ReplyDelete