Sunday, January 23, 2011

പുതിയ നിലയങ്ങളില്‍നിന്ന് അര്‍ഹമായ വൈദ്യുതിവിഹിതമില്ല

ദക്ഷിണേന്ത്യയിലെ പുതിയ രണ്ടു കേന്ദ്രനിലയത്തില്‍നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതിവിഹിതം കേന്ദ്രം നിഷേധിച്ചു. തമിഴ്നാട്ടിലെ വള്ളൂര്‍, ആന്ധ്രപ്രദേശിലെ സിംഹാദ്രി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിവിഹിതത്തിലാണ് കേരളത്തിന് വന്‍ കുറവുണ്ടായത്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ വിവിധ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രവിഹിതത്തിലും കുറവുവരുത്തുന്നത് കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തിന് തിരിച്ചടിയാകും.

തമിഴ്നാട്ടിലെ വള്ളൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന വള്ളൂര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ നിലയത്തിന്റെ ശേഷി 1500 മെഗാവാട്ടാണ്. ഇതില്‍ 150 മെഗാവാട്ടാണ് കേരളം ആവശ്യപ്പെട്ടത്. അനുവദിച്ചത് വെറും 50 മെഗാവാട്ട്. നിലയം സ്ഥാപിച്ച സംസ്ഥാനമെന്ന നിലയില്‍ തമിഴ്നാടിന് 35 ശതമാനംവരെ വൈദ്യുതി നല്‍കാം. അതനുസരിച്ച് അവര്‍ക്ക് 525 മെഗാവാട്ടിനു മാത്രമേ അര്‍ഹതയുള്ളൂവെങ്കിലും നല്‍കിയിരിക്കുന്നത് 900 മെഗവാട്ടാണ്. ആന്ധ്രയിലെ പുതിയ നിലയമായ സിംഹാദ്രിയില്‍ 1000 മെഗവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍, അര്‍ഹതപ്പെട്ട 200 മെഗാവാട്ട് കേരളം ആവശ്യപ്പെട്ടെങ്കിലും 80 മെഗാവാട്ട് മാത്രമാണ് അനുവദിച്ചിത്. ഈ നിലയത്തില്‍നിന്നുള്ള വിഹിതത്തില്‍ വിലിയ പങ്ക് തമിഴ്നാടും ആന്ധ്രയും കൈക്കലാക്കി.

കേരളത്തിനുള്ള അണ്‍ അലോക്കേറ്റഡ് വൈദ്യുതിവിഹിതം നാലു വര്‍ഷമായി പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഉല്‍പ്പാദനരംഗത്തെ പ്രതീക്ഷയായ അതിരപ്പിള്ളി, പൂയംകുട്ടി അടക്കമുള്ള വിവിധ പദ്ധതികള്‍ പരിസ്ഥിതിപ്രശ്നത്തിന്റെ പേരില്‍ കേന്ദ്രം മുടക്കിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് അര്‍ഹതപ്പെട്ട വിഹിതം ലഭിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വള്ളൂരിലും സിംഹാദ്രിയിലും സ്ഥാപിക്കുന്നത് കല്‍ക്കരി നിലയങ്ങളാണ്. കല്‍ക്കരിനിലയങ്ങളായ ഒറീസയിലെ താല്‍ച്ചറില്‍നിന്ന് യൂണിറ്റിന് രണ്ടു രൂപയ്ക്കും ആന്ധ്രയിലെ രാമഗുണ്ടത്തുനിന്ന് 2.20 രൂപ നിരക്കിലുമാണ് കേരളത്തിന് ഇപ്പോള്‍ വൈദ്യുതി ലഭിക്കുന്നത്. ഏറെക്കുറെ ഇതേ നിരക്കുതന്നെയാകും പുതിയ നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്കും. അതേസമയം, നാഫ്ത നിലയങ്ങളില്‍നിന്നുള്ള കേന്ദ്ര വൈദ്യുതിക്ക് 8.66 രൂപ മുടക്കണം. കേരളത്തില്‍ത്തന്നെ എട്ടു രൂപയിലേറെയാണ് കായംകുളത്തെ ഉല്‍പ്പാദനച്ചെലവ്.
(ആര്‍ സാംബന്‍)

ദേശാഭിമാനി 230111

1 comment:

  1. ദക്ഷിണേന്ത്യയിലെ പുതിയ രണ്ടു കേന്ദ്രനിലയത്തില്‍നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട വൈദ്യുതിവിഹിതം കേന്ദ്രം നിഷേധിച്ചു. തമിഴ്നാട്ടിലെ വള്ളൂര്‍, ആന്ധ്രപ്രദേശിലെ സിംഹാദ്രി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിവിഹിതത്തിലാണ് കേരളത്തിന് വന്‍ കുറവുണ്ടായത്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരില്‍ വിവിധ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രവിഹിതത്തിലും കുറവുവരുത്തുന്നത് കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തിന് തിരിച്ചടിയാകും.

    ReplyDelete