Thursday, January 27, 2011

മുണ്ടശേരി സ്മാരകത്തിന് മുഖ്യമന്ത്രി ശിലയിട്ടു

പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരകത്തിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളചരിത്രത്തിലെ തന്നെ നാഴികക്കല്ലായ പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസബില്ലിനെയാണ് സര്‍വ പിന്തിരിപ്പന്മാരും ചേര്‍ന്ന് എതിര്‍ത്തതെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പട്ടം പിഎഫ് ക്വാര്‍ട്ടേഴ്സിനു സമീപത്ത് പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസബില്‍ ആധുനിക കേരളസൃഷ്ടിയുടെ അടിസ്ഥാനമാണ്. പുരോഗമനപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി നല്‍കിയ പങ്ക് നിസ്തുലമാണ്. പ്രൊഫ. ജോസഫ് മുണ്ടശേരി ഫൌണ്ടേഷന്‍ സ്മാരകനിര്‍മാണവുമായി മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ട്. വിദ്യാഭ്യാസമേഖലയിലെ പിന്നോട്ടടികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും പഠിക്കാന്‍ ഈ ഗവേഷണകേന്ദ്രത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒ എന്‍ വി കുറുപ്പ് അധ്യക്ഷനായി. മുണ്ടശേരി മാഷ് തന്റെ അനൌപചാരികഗുരുവാണെന്ന് ഒ എന്‍ വി പറഞ്ഞു. സാഹിത്യരംഗത്തും പ്രഭാഷണകലയിലും അഗ്രഗണ്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി മികച്ച സഹകാരി കൂടിയായിരുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി ഗോവിന്ദപ്പിള്ള പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ സ്മാരകം എത്രയുംവേഗം പൂര്‍ത്തിയാകട്ടെയെന്ന് മന്ത്രി എം എ ബേബി പറഞ്ഞു.

ഓര്‍മകളുടെ തിരത്തള്ളലില്‍ വിതുമ്പി ഡോ. മേരി സത്യദാസ്

വിമോചനകാലത്ത് അച്ഛന്‍ അനുഭവിച്ച അന്തഃസംഘര്‍ഷങ്ങളുടെ സ്മരണയില്‍ ഡോ. മേരി സത്യദാസ് വിതുമ്പി. പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ സ്മാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഡോ. മേരി സത്യദാസിന് ഓര്‍മകളുടെ തിരത്തള്ളലില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ പോയത്.

മന്ത്രിസ്ഥാനം രാജിവച്ച് 51വര്‍ഷത്തിനുശേഷവും മരണത്തിനു കീഴടങ്ങി 34 വര്‍ഷത്തിനും ശേഷമാണെങ്കിലും അച്ഛന് തലസ്ഥാനത്ത് ഒരു സ്മാരകം ഉണ്ടാകാന്‍ പോകുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് സ്ഥിരതയുണ്ടാകണമെന്നും ഒപ്പിടുന്ന പണം കൈയില്‍ കിട്ടണമെന്നുമുള്ളതായിരുന്നു വിവാദമായ ബില്ലിലുണ്ടായിരുന്നത്. വിഷയം വിവാദമായപ്പോള്‍ പ്രമുഖനായ വക്കീലിനെ കൊണ്ടുവന്ന് തേക്കടിയില്‍ വച്ച് വിഷയം ചര്‍ച്ചചെയ്തിരുന്നു. മന്ത്രിസ്ഥാനം രാജിവച്ചശേഷം അദ്ദേഹം ഔദ്യോഗികവസതി വിട്ട് തമിഴ്നാട്ടിലേക്കുപോയത് ഇന്നും വേദനയോടെ ഓര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ദേശാഭിമാനി 260111

1 comment:

  1. പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരകത്തിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളചരിത്രത്തിലെ തന്നെ നാഴികക്കല്ലായ പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസബില്ലിനെയാണ് സര്‍വ പിന്തിരിപ്പന്മാരും ചേര്‍ന്ന് എതിര്‍ത്തതെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പട്ടം പിഎഫ് ക്വാര്‍ട്ടേഴ്സിനു സമീപത്ത് പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരകത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete