Saturday, January 29, 2011

ഹിന്ദുത്വ ഭീകരവാദം പുതിയ പ്രതിഭാസമല്ല: യെച്ചൂരി

സ്വാതന്ത്ര്യപൂര്‍വഘട്ടത്തില്‍ത്തന്നെ ഹിന്ദുത്വ ഭീകരത ഇന്ത്യയിലുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദുത്വ ഭീകരതയെക്കുറിച്ച് അന്‍ഹദ് ഉള്‍പ്പെടെ ഏഴു സംഘടന സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഹിന്ദുത്വഭീകരത പുതിയ പ്രതിഭാസമല്ല. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റായ മുസ്സോളിനിയുമായി ചര്‍ച്ച നടത്തി ഇന്ത്യയില്‍ ഫാസിസം അതേപടി നടപ്പാക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസ് നേതാക്കള്‍. വിഭജനത്തിനുശേഷം മുസ്ളിങ്ങളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഈ തത്വശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ് 2006 മുതല്‍ 2008 വരെ നടന്ന വിവിധ സ്ഫോടനങ്ങളില്‍ തെളിയുന്നത്. ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്നു തെളിഞ്ഞ സ്ഫോടനക്കേസുകളില്‍ നിരവധി മുസ്ളിം യുവാക്കള്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം- യെച്ചൂരി പറഞ്ഞു. സെമിനാറില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ്, എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍, പത്രപ്രവര്‍ത്തകരായ സീമ മുസ്തഫ, ഇഫ്തികര്‍ ഗിലാനി തുടങ്ങിയവരും പങ്കെടുത്തു.

രണ്ടു ജനകീയ ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനംചെയ്തു. 'ഇന്ത്യയില്‍ മുസ്ളിങ്ങള്‍ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?' എന്ന പേരിലുള്ള റിപ്പോര്‍ട്ടുകളാണ് യെച്ചൂരിയും ദിഗ്വിജയ്സിങ്ങും രാംവിലാസ് പാസ്വാനും ഹിന്ദുത്വ ഭീകരതയുടെ ഇരകളും ചേര്‍ന്ന് പ്രകാശനംചെയ്തത്. ഹിന്ദുത്വ ഭീകരതയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രണ്ടു ദശാബ്ദത്തിനുള്ളില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്തണമെന്നും നിഷ്കളങ്കരായ മുസ്ളിം യുവാക്കളെ ജയില്‍മോചിതരാക്കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഭീകരവാദക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ നിരത്തുന്ന തെളിവുകള്‍ ധാര്‍മികതയോടെ പരിശോധിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 290111

1 comment:

  1. സ്വാതന്ത്ര്യപൂര്‍വഘട്ടത്തില്‍ത്തന്നെ ഹിന്ദുത്വ ഭീകരത ഇന്ത്യയിലുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദുത്വ ഭീകരതയെക്കുറിച്ച് അന്‍ഹദ് ഉള്‍പ്പെടെ ഏഴു സംഘടന സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

    ReplyDelete