Tuesday, January 25, 2011

സംസ്ഥാനത്തെ സഹകരണ മേഖല പ്രതിസന്ധിയിലാകും

രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുന്ന പ്രത്യക്ഷനികുതി ചട്ടം കേരളത്തിലെ സഹകരണമേഖലയെ പ്രതിസന്ധിയിലാക്കും. പ്രാഥമിക വായ്പാസംഘങ്ങള്‍ക്കും ആദായനികുതി ബാധകമാകുന്ന, പ്രത്യക്ഷനികുതി ചട്ടത്തിലെ (ഡയറക്ട് ടാക്സ് കോഡ് ബില്‍) വകുപ്പുകളാണ് സഹകരണമേഖലയ്ക്ക് വിനയാകുക. 30 ശതമാനം വരെ ആദായനികുതി നല്‍കേണ്ടിവന്നാല്‍ ഭൂരിപക്ഷം സംഘവും നഷ്ടത്തിലാകും. കേരളത്തിലെ സഹകരണമേഖലയില്‍ നിന്ന് പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ കേന്ദ്രത്തിലേക്ക് ചോര്‍ത്താനും ഇതിടയാക്കും.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആദായനികുതി വകുപ്പിന്റെ 80 പി വകുപ്പുപ്രകാരം സഹകരണമേഖലയെ പൂര്‍ണമായി ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, 2006ല്‍ സംസ്ഥാന-ജില്ലാ സഹകരണബാങ്കുകള്‍ക്ക് ആദായനികുതി ബാധകമാക്കി കേന്ദ്ര ഗവര്‍മെന്റ് നിയമം കൊണ്ടുവന്നു. പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ (ഭൂപണയ ബാങ്ക്) എന്നിവയ്ക്ക് നിലവില്‍ ലഭിച്ചു വന്ന ആനുകൂല്യമാണ് പ്രത്യക്ഷനികുതി ചട്ടത്തിന്റെ 85, 86 വകുപ്പുകളിലൂടെ ഇപ്പോള്‍ അട്ടിമറിക്കുന്നത്. സംസ്ഥാനത്തെ 1602 പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍, 47 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, എംപ്ളോയീസ് സഹകരണസംഘങ്ങള്‍ എന്നിവയടക്കം 3200 വായ്പാ സംഘങ്ങളുടെ നിലനില്‍പ്പാണ് ചട്ടം നിലവില്‍ വരുന്നതോടെ അവതാളത്തിലാകുക. ആറുകൊല്ലത്തിലേറെ കിട്ടാക്കടമായിട്ടുള്ള വായ്പകളുടെ മുതലിനും മൂന്നു മാസത്തിലേറെയുള്ള പലിശ കുടിശ്ശികയ്ക്കും ആദായനികുതി ഈടാക്കും. പിരിഞ്ഞുകിട്ടാത്ത സംഖ്യക്കും നികുതി ഒടുക്കേണ്ടി വരുന്നത് കനത്ത തിരിച്ചടിയാകും.

ആദായനികുതി ഇളവ് ഭാഗികമായി നല്‍കുമെന്ന് ബില്ലില്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഒറ്റസംഘത്തിനും അത് ലഭിക്കില്ല. ബാങ്കിങ് റെഗുലേഷന്‍ ആക്ട് നിഷ്കര്‍ഷിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രഥമിക വായ്പാ സംഘങ്ങള്‍ക്കേ ഇളവ് അനുവദിക്കൂ എന്നാണ് വ്യവസ്ഥ. പ്രാഥമികസംഘങ്ങളുടെ പ്രധാന ലക്ഷ്യം കാര്‍ഷിക വായ്പാ വിതരണമായിരിക്കണമെന്ന് ബാങ്കിങ് റെഗുലേഷന്‍ ആക്ട് നിഷ്കര്‍ഷിക്കുന്നു. കര്‍ഷകര്‍ മാത്രമായിരിക്കണം അംഗങ്ങള്‍, പ്രധാന പ്രവര്‍ത്തനം കാര്‍ഷികമേഖലയിലോ അനുബന്ധമേഖലയിലോ ആയിരിക്കണമെന്ന വ്യവസ്ഥകൂടി നടപ്പാക്കുമ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം സംഘത്തിനും ആദായനികുതി ആനുകൂല്യം ഇല്ലാതാകും. കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍ നല്‍കുന്ന വായ്പയില്‍ പ്രധാന പങ്കും കാര്‍ഷികേതരമാണ്. നീതീ മെഡിക്കല്‍ സ്റോര്‍, സഹകരണ വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനാല്‍ ആദായനികുതി കൊടുക്കേണ്ടി വരും. വോട്ടവകാശമുള്ള അംഗങ്ങള്‍ക്ക് നല്‍കുന്ന കാര്‍ഷികവായ്പക്കേ നികുതിയളവ് ലഭിക്കൂ. കേരളത്തിലെ സംഘങ്ങള്‍ നല്‍കുന്ന വായ്പകളില്‍ ഏറെയും പുറമേയുള്ളവര്‍ക്കാണ്.
(ആര്‍ സാംബന്‍)

ദേശാഭിമാനി 250111

1 comment:

  1. രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുന്ന പ്രത്യക്ഷനികുതി ചട്ടം കേരളത്തിലെ സഹകരണമേഖലയെ പ്രതിസന്ധിയിലാക്കും. പ്രാഥമിക വായ്പാസംഘങ്ങള്‍ക്കും ആദായനികുതി ബാധകമാകുന്ന, പ്രത്യക്ഷനികുതി ചട്ടത്തിലെ (ഡയറക്ട് ടാക്സ് കോഡ് ബില്‍) വകുപ്പുകളാണ് സഹകരണമേഖലയ്ക്ക് വിനയാകുക. 30 ശതമാനം വരെ ആദായനികുതി നല്‍കേണ്ടിവന്നാല്‍ ഭൂരിപക്ഷം സംഘവും നഷ്ടത്തിലാകും. കേരളത്തിലെ സഹകരണമേഖലയില്‍ നിന്ന് പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ കേന്ദ്രത്തിലേക്ക് ചോര്‍ത്താനും ഇതിടയാക്കും.

    ReplyDelete