Monday, January 31, 2011

'പുറത്തുവരുന്നത് രാഷ്ട്രീയത്തെ ബാധിച്ച ജീര്‍ണരോഗം'

കേരള രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനത്തെയും വര്‍ഷങ്ങളായി ബാധിച്ച ജീര്‍ണരോഗമാണ് കുഞ്ഞാലിക്കുട്ടി സംഭവത്തിലൂടെ ആവരണങ്ങള്‍ തകര്‍ത്ത് പ്രത്യക്ഷമാകുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സത്യങ്ങള്‍ മൂടിവച്ചാലും പിന്നില്‍നിന്ന് കുത്തും. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യം പരിശുദ്ധവും നിസ്വാര്‍ഥവുമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. നേതൃത്വം നല്‍കി വളര്‍ത്തിയ പാര്‍ടി അതില്‍നിന്നകലുന്നതു കണ്ടപ്പോള്‍ പാര്‍ടി പിരിച്ചുവിടാന്‍വരെ ഉപദേശിച്ചു. രക്തസാക്ഷിത്വത്തിന് 62 വര്‍ഷം പിന്നിട്ടപ്പോള്‍, അദ്ദേഹത്തിന് ആലോചിക്കാനും കണക്കുകൂട്ടാനും കഴിയുന്നതിനേക്കാള്‍ വലിയ തുകയുടെ കുംഭകോണങ്ങളാണ് നടക്കുന്നത്. സ്പെക്ട്രവും ആദര്‍ശും ഐപിഎല്ലും കോമവെല്‍ത്തും തുടങ്ങി നടുക്കുന്ന കുംഭകോണങ്ങള്‍. അതുമായി ബന്ധപ്പെട്ട മാഫിയാ പ്രവര്‍ത്തനങ്ങള്‍. സര്‍വത്ര മൂല്യച്യുതിയെന്ന് സുപ്രീംകോടതിപോലും പറയുന്നു. എക്സിക്യൂട്ടീവിനെപ്പോലെ ജുഡീഷ്യറിയും മാധ്യമങ്ങളും കടുത്ത ആരോപണത്തിനിരയാകുന്നു. മതമൈത്രിക്കും മാനവസാഹോദര്യത്തിനും വേണ്ടി ഉറച്ചു നിന്നതിനാലാണ് ഗാന്ധിജിയെ വര്‍ഗീയശക്തികള്‍ കൊന്നത്. ആ ദുഷ്ടശക്തികള്‍ ഇന്നും പല രൂപത്തില്‍ സ്പര്‍ധ വളര്‍ത്തുന്നു. രക്തസാക്ഷിത്വ ദിനം വര്‍ഗീയതക്കെതിരായ പ്രതിജ്ഞാദിനം കൂടിയായി കണക്കാക്കണം. അഹിംസയുടെയും സ്വാതന്ത്യ്രത്തിന്റെയും സ്വാശ്രയത്വത്തിന്റെയും മതസൌഹാര്‍ദത്തിന്റെയും പാഠമാണ് ഗാന്ധിജി പഠിപ്പിച്ചത്. വിദേശവസ്ത്ര ബഹിഷ്കരണവും ഖാദി പ്രചാരണവും സാമ്പത്തിക കോളനീകരണത്തിനെതിരെ ഏറ്റവും പ്രായോഗികമായ ചെറുത്തുനില്‍പ്പായി. ഖാദി-കൈത്തറി മേഖല തകര്‍ത്താണ് സാമ്രാജ്യത്വം ഇന്ത്യയെ അവരുടെ വിപണിയാക്കിയത്. രാഷ്ട്രീയ സ്വാതന്ത്യ്രത്തിന് സാമ്പത്തിക സമരത്തിന്റെകൂടി ഉള്ളടക്കമുണ്ടാക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.

പുറത്തുവരുന്നത് യുഡിഎഫിലെ ജീര്‍ണത: പിണറായി

നാദാപുരം: യുഡിഎഫ് അകപ്പെട്ട ജീര്‍ണതയുടെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരത്ത് സിപിഐ എം ഏരിയാകമ്മിറ്റിക്കുവേണ്ടി നിര്‍മിച്ച കേളുഏട്ടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കുഞ്ഞാലിക്കുട്ടിയെക്കുറിച്ചുള്ള കഥകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എം കെ മുനീറിന്റെ ചാനലിലൂടെയാണ്. മുനീറാകട്ടെ ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിലൊരാളും. ഞങ്ങള്‍ നയപരമായി തീരുമാനിച്ചിട്ടാണ് വാര്‍ത്തയും രേഖകളും പുറത്തുവരുന്നതെന്നാണ് ചാനല്‍ വക്താവ് പറഞ്ഞത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് നടക്കാന്‍ പാടില്ലാത്തത് ചിലതെല്ലാം നടന്നിട്ടുണ്ടെന്ന് മുനീറിനും ബോധ്യമുണ്ടെന്നാണ്. സമൂഹം അറിയേണ്ടതാണ് നടന്നതെന്ന് അദ്ദേഹത്തിനും അറിയാം. യുഡിഎഫിന്റെ ജീര്‍ണതയാണ് ഇതിലൂടെ തെളിയുന്നത്. അവര്‍ക്ക് ധാര്‍മികതയും നീതിബോധവുമില്ല. അവരുടേതായ കാര്യം നേടാന്‍ അവര്‍ എന്തുംചെയ്യും എന്നാണ് കൂടുതല്‍ തെളിയുന്നത്. ഒരുകാലത്ത് യുഡിഎഫിന്റെ പടക്കുതിരയായിരുന്നു റൌഫ്. അയാള്‍ കൊള്ളരുതാത്തവനാണെന്ന് ഇപ്പോഴാണല്ലോ പറയുന്നത്. എന്തേ അയാളെ അന്നേ അകറ്റിനിര്‍ത്തിയില്ല. കുഞ്ഞാലിക്കുട്ടിതന്നെ പറഞ്ഞിട്ടുണ്ട് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്ന്. പറഞ്ഞതെല്ലാം ശരിയാണോയെന്ന് കണ്ടെത്തണം. അതിനാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്. സര്‍ക്കാര്‍ അത് അന്വേഷണത്തിലൂടെ കണ്ടെത്തും.

കുഞ്ഞാലിക്കുട്ടിയും ബന്ധുവായ റൌഫും വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് നടക്കാന്‍ പാടില്ലാത്തത് പലതും നടന്നുവെന്നാണ്. കുഞ്ഞാലിക്കുട്ടി തെറ്റുപറ്റിയെന്ന് പറഞ്ഞപ്പോള്‍ ആവേശഭരിതനായ ഉമ്മന്‍ചാണ്ടി അതിനെ സ്വാഗതംചെയ്തു. എന്തോ നടക്കാന്‍ പാടില്ലാത്തത് ചിലത് നടന്നുവെന്ന് ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പനിപിടിച്ച് ജാഥ നിര്‍ത്തിവെച്ചിരിക്കുകയാണ്. പേടിപ്പനിയാണ് ഇത് എന്ന് പറയണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പനി കൂടുകയേയുള്ളു. മഞ്ചേശ്വരത്തുനിന്ന് യുഡിഎഫിന്റെ മോചനയാത്ര തുടങ്ങുമ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നാണ്് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ അതിനുമുമ്പുതന്നെ അത് സംഭവിച്ചു. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ദിവ്യശക്തി രമേശ് ചെന്നിത്തലയ്ക്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.

എന്തില്‍നിന്നുള്ള മോചനമാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടതെന്ന് അഴീക്കോട്

കോട്ടയം: വിമോചനമെന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ മുതിരരുതെന്നും എന്തില്‍നിന്നുള്ള മോചനത്തിനുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി യാത്ര നടത്തുന്നതെന്നും ഡോ. സുകുമാര്‍ അഴീക്കോട് ചോദിച്ചു. അഴിമതിയില്‍നിന്നും, അംബാനിമാരെ സൃഷ്ടിക്കുന്നതില്‍നിന്നുമെല്ലാം നാടിനെ സംരക്ഷിക്കാന്‍ മോചനയാത്രകൊണ്ട് സാധിക്കുമെന്ന് ഉറപ്പുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് നടക്കുന്ന ദര്‍ശന പുസ്തകോത്സവത്തിന്റെ ഭാഗമായി ഗാന്ധിജിഅനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തുകൊല്ലത്തിനുശേഷം തന്റെ കൊള്ളരുതായ്മ പുറത്തു പറഞ്ഞ ഒരു മന്ത്രിയെ അഭിനന്ദിക്കുന്ന സംസ്കാരമാണ് അദ്ദേഹത്തിന്റെ കൂട്ടുകാരനായ നേതാവിന്റേത്. കുറ്റം ചെയ്ത വ്യക്തിയുടെ ഭാഗത്തുനിന്ന് സംസാരിക്കാന്‍ ആളുണ്ടെന്നതാണ് ഇന്നത്തെ ദുരന്തം. നമ്മുടെ രാഷ്ട്രീയനേതൃത്വം അധഃപതിക്കുകയാണ്. അവരില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസമാണ് നശിക്കുന്നത്. ഇതെല്ലാം കണ്ടാണ് കുട്ടികള്‍ വളരുന്നതെന്നോര്‍ക്കണം. ഇത് അവരില്‍ മറ്റൊരു ചിത്രമാകും സമ്മാനിക്കുക. മതം ഭീകരതയുടെ മതമായി മാറുന്നു. മതനേതാക്കള്‍ യഥാര്‍ഥത്തില്‍ മതമാണ് പ്രചരിപ്പിക്കുന്നതെങ്കില്‍ എങ്ങനെ അതില്‍ ഭീകരത കടന്നുവന്നുവെന്ന് വ്യക്തമാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. നമ്മുടെ നാശത്തിന്റെ അവസാനദിനത്തിന്റെ തലേന്നാണ് നാമിപ്പോള്‍ ജീവിക്കുന്നത്. സ്വാതന്ത്യ്രം കിട്ടിയ കാലഘട്ടത്തില്‍ നടത്തിയതിനെക്കാള്‍ വലിയ സമരങ്ങളാണ് ഈ കാലഘട്ടത്തില്‍ ചെയ്യേണ്ടതെന്ന ബോധം സമൂഹത്തിനുണ്ടാവണം. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലോ കലണ്ടറിലോ അല്ല, ഹൃദയത്തിലാണ് ഗാന്ധിജിയെ സൂക്ഷിക്കേണ്ടതെന്നും അഴീക്കോട് പറഞ്ഞു. പോള്‍ മണലില്‍ അധ്യക്ഷനായി. 'ബഷീര്‍ എഴുതിയ കത്തുകള്‍' എന്ന ഗ്രന്ഥം ഡോ. സി ജെ റോയ് പ്രകാശിപ്പിച്ചു. ലതിക സുഭാഷ് ഏറ്റുവാങ്ങി. സി ജി വാസുദേവന്‍ നായര്‍, ഫാ. തോമസ് പുതുശേരി എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 310111

1 comment:

  1. കേരള രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനത്തെയും വര്‍ഷങ്ങളായി ബാധിച്ച ജീര്‍ണരോഗമാണ് കുഞ്ഞാലിക്കുട്ടി സംഭവത്തിലൂടെ ആവരണങ്ങള്‍ തകര്‍ത്ത് പ്രത്യക്ഷമാകുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സത്യങ്ങള്‍ മൂടിവച്ചാലും പിന്നില്‍നിന്ന് കുത്തും. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete