Monday, January 31, 2011

യു ഡി എഫിന് അടിതെറ്റുന്നു

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: യു ഡി എഫിന് അടിതെറ്റുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കേ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം വീണ്ടും യു ഡി എഫിനെ വേട്ടയാടുന്നു. ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ റജീനയുടെ വെളിപ്പെടുത്തലാണ് 2006 ല്‍ യു ഡി എഫിനെ ബാധിച്ചതെങ്കില്‍ ഇത്തവണ അത് കേസ് തേച്ചുമായ്ക്കാന്‍ കൂട്ടുനിന്ന റൗഫിന്റെ വെളിപ്പെടുത്തലാണെന്ന വ്യത്യാസം മാത്രം.

ഒഴിയാബാധപോലെ കുഞ്ഞാലിക്കുട്ടിയെ പിന്തുടരുന്ന കേസ് യു ഡി എഫിനകത്തും ലീഗിനകത്തും വീണ്ടും പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കയാണ്. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ പ്രചാരണത്തിന്റെ കെട്ടഴിച്ചുവിടാന്‍ മോചനയാത്രയുമായി പുറപ്പെട്ട ഉമ്മന്‍ചാണ്ടിയാവട്ടെ പുതിയ സംഭവവികാസങ്ങളോടെ പ്രതിരോധത്തിലുമായി.  ഇന്ന് മലപ്പുറത്ത് മോചനയാത്രക്ക് നല്‍കേണ്ടിയിരുന്ന  സ്വീകരണം  ഉമ്മന്‍ചാണ്ടി അസുഖബാധിതനായതിന്റെ പേരു പറഞ്ഞ്  മാറ്റിവച്ചിരിക്കയാണ്.  മലപ്പുറത്തെ പരിപാടി മാറ്റാന്‍ ലീഗും ആവശ്യപ്പെട്ടിരുന്നു.

പുറമേയ്ക്ക് കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രശ്‌നം കുഞ്ഞാലിക്കുട്ടിതന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ്  കോണ്‍ഗ്രസ്.
കുഞ്ഞാലിക്കുട്ടിതന്നെയാണ് വീണ്ടും പ്രശ്‌നം എടുത്തിട്ട് വഷളാക്കിയതെന്ന അഭിപ്രായം ലീഗിനകത്തും ശക്തമാണ്. റൗഫിനെതിരെ പത്രസമ്മേളനം നടത്താന്‍ പാര്‍ട്ടി അധ്യക്ഷനോട്  അനുവാദം ചേദിച്ചപ്പോള്‍ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു. റൗഫ് തിരിച്ചടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് മറുപടിയില്ലാതായി. മാത്രമല്ല, പറഞ്ഞതത്രയും പ്രശ്‌നമായി മാറുകയും ചെയ്തു. താന്‍ വ്യവസായ മന്തിയായിരുന്ന കാലത്ത് റൗഫിനു വേണ്ടി  വഴി വിട്ട്  പലതും ചെയ്തിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് സത്യപ്രതിജ്ഞാലംഘനമെന്ന ഗൗരവമായ കുറ്റം വിളിച്ചുപറയുന്നതിന് തുല്യമായി.

കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം പാര്‍ട്ടിക്കകത്ത് വിഭാഗീയതക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്.  പാര്‍ട്ടിയിലെ പ്രതിയോഗിയായ എം കെ മുനീറിനെതിരെ കുഞ്ഞാലിക്കുട്ടി കേസുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന റൗഫിന്റെ ആരോപണമാണ് ഇതിന് നിമിത്തമായത്.  തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ജമാ അത്തെ ഇസ്‌ലാമി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന് മുനീറിന്റെ പേരുപറയാതെ കുഞ്ഞാലിക്കുട്ടി ആക്ഷേപമുന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് അന്വേഷണം നടക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതും മുനീറിനെ ഉന്നം വെച്ചായിരുന്നു. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെന്ന പോലെ ഇപ്പോഴും ഐസ്‌ക്രീം കേസ് കുത്തിപ്പൊക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു.

റൗഫ് വ്യക്തിപരമായി  ഗൂഡാലോചന നടത്തുന്നത് പ്രതിരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനം പാര്‍ട്ടിക്കും മുന്നണിക്കും ക്ഷീണം വരുത്തിവച്ചിരിക്കുകയാണെന്ന്  ലീഗിലെ എതിര്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടി വീണ്ടും ജനവിധി തേടുന്നതുപോലും പാര്‍ട്ടിക്ക് ക്ഷീണമാവുമെന്ന് കരുതുന്നവരുമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് കേസുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് തലവേദനയാവുകയും ചെയ്യും. 

അതേസമയം, മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ സന്തോഷിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കൂടുതലായി വരുന്ന നാല് അസംബ്ലി മണ്ഡലങ്ങളും പിടിച്ചടക്കാന്‍ ലീഗ്  നടത്തുന്ന നീക്കങ്ങളെ ചെറുത്തുവരികയായിരുന്നു കോണ്‍ഗ്രസ്.  പുതിയസംഭവവികാസങ്ങള്‍ ലീഗിന്റെ അവകാശവാദത്തിന് ബലം കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.  യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും പുതിയ പ്രശ്‌നത്തെ ആകാംക്ഷയോടെയാണ് കാണുന്നത്. ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ പേരില്‍ മുന്നണിക്ക് സീറ്റ് കുറഞ്ഞാല്‍ അത് മലബാറിലായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയാവാന്‍ ജോസഫിനെയും കൂടെക്കൂട്ടി മാണി നടത്തുന്ന ശ്രമങ്ങള്‍ ഫലവത്താവുമെന്നാണ് അവരുടെ പ്രതീക്ഷ.

മുസ്‌ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ മൂന്നാംതവണയാണ് പരീക്ഷണവിധേയനാവുന്നത്. 1997 ലാണ് കോഴിക്കോട് നഗരത്തില്‍  ശ്രീദേവി എന്ന സ്ത്രീ നടത്തിയിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്നുവന്ന അനാശാസ്യപ്രവര്‍ത്തനം പുറത്തുവന്നത്. ആദ്യം ഈ കേസില്‍ ഉള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പേര് പിന്നീട് പ്രതിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. 2005ല്‍ കേസിലെ പ്രധാന സാക്ഷി റജീന, തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചിരുന്നുവെന്നും പിന്നീട് സമ്മര്‍ജം ചെലുത്തി  മൊഴി മാറ്റിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. പൊതുസമൂഹം മുഴുവന്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിക്കുവേണ്ടി മുറവിളികൂട്ടിയെങ്കിലും റജീനയുടെ വെളിപ്പെടുത്തല്‍ വന്ന് 67 ദിവസം കഴിഞ്ഞാണ് കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കാന്‍ തയ്യാറയത്. ലീഗിന്റെ ഇളകാത്ത കോട്ടയായിരുന്ന കുറ്റിപ്പുറത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. ലീഗിന്റെ നിയമസഭയിലെ അംഗസംഖ്യ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞുപോയതും ഈ തിരഞ്ഞെടുപ്പിലാണ്. 

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം: യു ഡി എഫിലും ഭിന്നത വളരുന്നു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ നേതൃനിരയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോവുന്നത് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെയും ലീഗ് ഇതരഘടകകക്ഷികളിലേയും അണികള്‍ക്കിടയില്‍  അഭിപ്രായം ശക്തം. ലീഗിന്റെ തട്ടകമായ മലപ്പുറത്താകില്ല കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ദോഷമുണ്ടാക്കുകയെന്നും മറ്റ് ജില്ലകളില്‍ ശക്തമായ വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ പോന്നതാണ് പുതിയ വിവാദങ്ങളെന്നുമാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പോലും വിലയിരുത്തുന്നത്. പെണ്‍വാണിഭ കേസൊതുക്കാന്‍ കോടതിയെ പോലും പണം നല്‍കി സ്വാധീനിക്കാന്‍  കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന ആരോപണം കേരളത്തിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് വിലയിരുത്തപ്പെട്ടുകഴിഞ്ഞതോടെ എത്രയും പെട്ടെന്ന് യു ഡി എഫ് നേതൃത്വം പക്വമായ നിലാപട് സ്വീകരിക്കാതിരുന്നാല്‍ അത് എല്ലാവരുടേയും പ്രതിച്ഛായയെ ബാധിക്കുമെന്ന് ചില ഘടകകക്ഷി നേതാക്കള്‍ അടക്കം പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. 

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയും എടുത്തുചാടി കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചതും അണികളില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.  എന്നാല്‍  ഒളിക്യാമറയില്‍ പകര്‍ത്തിയ മൊഴികള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടതോടെ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിനെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അപഹാസ്യരാവുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് പറഞ്ഞ കേരളകോണ്‍ഗ്രസ് നേതാവ് കെ എം മാണിയും കൂട്ടരും കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. യു ഡി എഫില്‍ രണ്ടാമത്തെ ഘടകകക്ഷിയാരെന്നുള്ള ചോദ്യം പുതിയ വിവാദത്തോടെ അപ്രസക്തമായെന്ന് മാണികോണ്‍ഗ്രസിന്റെ എന്‍ ജി ഒ സംഘടനയുടെ നേതാവ് മലപ്പുറത്ത് സൗഹൃദസംഭാഷത്തില്‍ പറഞ്ഞതും ഇതോടൊപ്പം വായിക്കേണ്ടതാണ്.

കെ എം  മാണിയുടെ വിശ്വസ്തനായ പീറ്ററില്‍ നിന്നാണ് ഒളിക്യാമറ ഉപയോഗിച്ച് ചാനല്‍ സംഘം ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചതെന്നതും ശ്രദ്ധേയമാണ്. ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീഴ്ച  യു ഡി എഫിലെ മിക്കഘടകകക്ഷികളെയും  സംബന്ധിച്ചിടത്തോളം സന്തോഷകരകമാണെങ്കിലും ആരും അത് പ്രകടമാക്കുന്നില്ലെന്നതാണ് സത്യം. മുസ്‌ലിംലീഗിനകത്തും  കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള അഭിപ്രായം ശക്തിപ്രാപിച്ചു വരുന്നതായാണ് ഇന്നലെ ലഭിച്ച സൂചനകള്‍.  വിവാദങ്ങള്‍ കൊഴുക്കുകയും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നതോടെ കുഞ്ഞാലിക്കുട്ടി  ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ്  വിരുദ്ധരുടെ കണക്കുകൂട്ടല്‍. പുതിയ സംഭവവികാസങ്ങളുടെ പേരില്‍ എം കെ മുനീറിനെ ബലിയാടാക്കുന്നതിനെതിരേയും ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി വ്യക്തി താല്‍പര്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെ ന്യായീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവരുതെന്നും മുനീറിനെപ്പോലെയുള്ള നേതാവിനെ ക്രൂശിക്കരുതെന്നും ഇക്കൂട്ടര്‍  വാദിക്കുന്നു. യു ഡി എഫില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിലപാടുവരുന്നതും കാത്തിരിക്കയാണ് കാലങ്ങളായി നാവടക്കി കഴിയുന്ന ലീഗിലെ കടുത്ത ഔദ്യോഗികപക്ഷ വിരോധികള്‍.

ജനയുഗം 310111

1 comment:

  1. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കേ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം വീണ്ടും യു ഡി എഫിനെ വേട്ടയാടുന്നു. ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ റജീനയുടെ വെളിപ്പെടുത്തലാണ് 2006 ല്‍ യു ഡി എഫിനെ ബാധിച്ചതെങ്കില്‍ ഇത്തവണ അത് കേസ് തേച്ചുമായ്ക്കാന്‍ കൂട്ടുനിന്ന റൗഫിന്റെ വെളിപ്പെടുത്തലാണെന്ന വ്യത്യാസം മാത്രം.

    ReplyDelete