Saturday, January 29, 2011

മുസ്ളിംലീഗ് എന്തുചെയ്യും

പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗിന് ഇനിയും മുന്നോട്ടുപോകാനാവുമോ? കുഞ്ഞാലിക്കുട്ടിയുടെ വലം കയ്യും അടുത്ത ബന്ധുവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയുള്ള ഒരു മറുപടിയും നല്‍കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരര്‍ഥത്തില്‍ താന്‍ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ബന്ധുവിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്ന വിശദീകരണം മാത്രമേ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുള്ളു. ഈ അവസ്ഥയില്‍ മറ്റൊരു നേതാവിനെ മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ മുസ്ലിം ലീഗ് വലിയ തകര്‍ച്ചയിലേക്ക് പോകുമെന്ന് ആ പാര്‍ടിയിലുള്ളവര്‍ പോലും സമ്മതിക്കുന്നു. അഴിമതി, സദാചാര വിരുദ്ധമായ പെരുമാറ്റം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുകയാണെങ്കിലും പാര്‍ടി ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് ഇപ്പോള്‍ കൈവിടുമെന്നോ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തുമെന്നോ ആരും കരുതുന്നില്ല. കാരണം, ഈ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി മാറണമെന്ന് പറയാന്‍ ആര്‍ജവമുള്ള നേതാക്കളാരും ഇപ്പോള്‍ ആ പാര്‍ടിയില്‍ ഇല്ല.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന റജീനയുടെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 2005-ല്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് അദ്ദേഹം പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബന്ധുവിന്റെ ആരോപണങ്ങള്‍ പഴയതാണെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി തള്ളിക്കളയാന്‍ ശ്രമിച്ചതില്‍ നിന്ന് വ്യക്തമായത് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുന്നില്ലെന്നാണ്. എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനൊ അണികള്‍ക്കോ ഇത് അവഗണിക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഗരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
മുസ്ലിം ലീഗിന്റെ ആദരണീയനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകനും പാര്‍ടിയുടെ സെക്രട്ടറിമാരില്‍ ഒരാളുമായ എം കെ മുനീറിനെ പെണ്ണ് കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ബന്ധുവിനെ ഏര്‍പ്പാടാക്കി എന്ന ആരോപണം ലീഗിനെ ഞെട്ടിച്ചിരിക്കയാണ്. പാണക്കാട് ശിഹാബ് തങ്ങളുടെ വസതിയിലടക്കം പണം കൊടുത്ത് ചാരന്മാരെ നിയോഗിച്ചു എന്നതാണ് മറ്റൊരു ആരോപണം.

കുഞ്ഞാലിക്കുട്ടി മാറുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് അണികളെങ്കിലും പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ കുഞ്ഞാലിക്കുട്ടി പിന്നീട് പാര്‍ടിയില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പാര്‍ടിയിലെ പ്രതിയോഗികളായ ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറിയതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും പാര്‍ടിയില്‍ ശക്തനായി. തദേശഭരണ തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് ഇടിത്തീപോലെ കുമ്പസാരവും വെളിപ്പെടുത്തലും. ഇതിനെ എങ്ങനെ നേരിടുമെന്നത് മുസ്ലിം ലീഗിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.

ദേശാഭിമാനി 290111

1 comment:

  1. പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗിന് ഇനിയും മുന്നോട്ടുപോകാനാവുമോ? കുഞ്ഞാലിക്കുട്ടിയുടെ വലം കയ്യും അടുത്ത ബന്ധുവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയുള്ള ഒരു മറുപടിയും നല്‍കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരര്‍ഥത്തില്‍ താന്‍ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ബന്ധുവിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്ന വിശദീകരണം മാത്രമേ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുള്ളു. ഈ അവസ്ഥയില്‍ മറ്റൊരു നേതാവിനെ മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ മുസ്ലിം ലീഗ് വലിയ തകര്‍ച്ചയിലേക്ക് പോകുമെന്ന് ആ പാര്‍ടിയിലുള്ളവര്‍ പോലും സമ്മതിക്കുന്നു. അഴിമതി, സദാചാര വിരുദ്ധമായ പെരുമാറ്റം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുകയാണെങ്കിലും പാര്‍ടി ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് ഇപ്പോള്‍ കൈവിടുമെന്നോ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തുമെന്നോ ആരും കരുതുന്നില്ല. കാരണം, ഈ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി മാറണമെന്ന് പറയാന്‍ ആര്‍ജവമുള്ള നേതാക്കളാരും ഇപ്പോള്‍ ആ പാര്‍ടിയില്‍ ഇല്ല.

    ReplyDelete