Tuesday, January 25, 2011

രാജ്യം നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകള്‍: പന്ഥെ

സിഐടിയു ജനറല്‍ കൌണ്‍സില്‍ തുടങ്ങി

രണ്ടുദിവസത്തെ സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗം തിരുവനന്തപുരം ബി ടി ആര്‍ മെമ്മോറിയലില്‍ തുടങ്ങി. അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. കെ എം സുധാകരന്‍ രക്തസാക്ഷിപ്രമേയവും പി നന്ദകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കൌണ്‍സിലിന് തുടക്കംകുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2010 ജനുവരി 21, 22, 23 തീയതികളില്‍ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനും ജനുവരി എട്ടുമുതല്‍ 11 വരെ നാസിക്കില്‍ ചേര്‍ന്ന അഖിലേന്ത്യാ ജനറല്‍ കൌസില്‍ യോഗത്തിനും ശേഷമാണ് സംസ്ഥാന ജനറല്‍ കൌണ്‍സില്‍ ചേരുന്നത്. ദേശീയ- സംസ്ഥാനതലങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വിലയിരുത്തുന്ന കൌണ്‍സില്‍ യുപിഎ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫെബ്രുവരിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യും.

യുപിഎ സര്‍ക്കാര്‍, ഭരണഘടനാ സ്ഥാപനംവരെ ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങളില്‍ മുങ്ങിപ്പൊങ്ങുകയാണെന്ന് ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലരവര്‍ഷംകൊണ്ട് അഭൂതപൂര്‍വമായ നേട്ടമാണ് ഉണ്ടാക്കിയത്. ബിപിഎല്‍-എപിഎല്‍ കാര്‍ഡുടമകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി 42 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി, കുറ്റമറ്റ പൊതുവിതരണം, കാര്‍ഷിക കടം എഴുതിത്തള്ളി കര്‍ഷക ആത്മഹത്യ അവസാനിപ്പിച്ചത്, നെല്ല് സംഭരണവില ഏഴില്‍ നിന്ന് 14 ആയി ഉയര്‍ത്തിയത്, ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 12ല്‍ നിന്ന് 32 ആക്കി ഉയര്‍ത്തിയത്, ക്ഷേമപദ്ധതി പരിഷ്കരിച്ച് കുടിശ്ശിക കൊടുത്തുതീര്‍ത്തത്, ടൂറിസത്തില്‍നിന്നുള്ള റെക്കോഡ് ലാഭം, വല്ലാര്‍പാടം പദ്ധതി തടസ്സം നീക്കി പുനരധിവാസം മാതൃകാപരമാക്കിയത്, മത്സ്യത്തൊഴിലാളികടത്തിന് മൊറട്ടോറിയം, പലിശരഹിത വായ്പ, കടാശ്വാസ നിയമം, ട്രോളിങ് കാലത്ത് സൌജന്യറേഷന്‍, സമ്പൂര്‍ണ ഭവനപദ്ധതി, അസംഘടിത മേഖലയിലെ പെന്‍ഷനും ചികിത്സാസഹായവും ക്രമസമാധാനപാലന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത്, ജനമൈത്രി പൊലീസ് പദ്ധതി തുടങ്ങി ഭരണനേട്ടങ്ങളുടെ നീണ്ട പട്ടികയാണ് ഈ സര്‍ക്കാരിന് നിരത്താനുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍മൂലം വിലക്കയറ്റം രൂക്ഷമാണ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പെട്രോള്‍വില വീണ്ടും ഉയര്‍ത്തിയത്. ഭക്ഷ്യവില നിയന്ത്രിക്കണമെങ്കില്‍ ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും ശക്തിപ്പെടുത്തണം. എഫ്സിഐ ഗോഡൌണുകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയ യുപിഎ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അവധിവ്യാപാരം അനുവദിച്ചതും വിലക്കയറ്റത്തിന് കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ചയും തുടരും. ചൊവ്വാഴ്ച വൈകിട്ട് ജനറല്‍ കൌസില്‍ യോഗം സമാപിക്കും.

കേന്ദ്രനയത്തിനെതിരെ സമരൈക്യം വിപുലമാക്കും: എ കെ പത്മനാഭന്‍


യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ സമരൈക്യം വിപുലപ്പെടുത്തുമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഐഎന്‍ടിയുസി ഉള്‍പ്പെടെ പങ്കെടുത്ത സെപ്തംബര്‍ ഏഴിന്റെ ദേശീയ പണിമുടക്കായിരുന്നു സമരൈക്യത്തിന്റെ തുടക്കം. അടുത്ത മാസം 23ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും ഈ ഐക്യം ചരിത്രസംഭവമാകും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ് തുടങ്ങി എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും യോജിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 22, 24 തീയതികളിലും ഡല്‍ഹി കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമുണ്ടാകും.
മുതലാളിത്ത രാജ്യങ്ങളില്‍ 2007ല്‍ തുടക്കമിട്ട സാമ്പത്തിക പ്രതിസന്ധി 2011ലും രൂക്ഷമായി തുടരുകയാണ്. ഇത് തൊഴില്‍മേഖലയില്‍ കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായി. യൂറോപ്പിലും സ്ഥിതി ഇതുതന്നെ. അയര്‍ലന്‍ഡ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച തൊഴിലാളികളുടെമേല്‍ വച്ചുകെട്ടുകയും ഇതുവരെ തൊഴിലാളികള്‍ അനുഭവിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ്. ഇതിനെതിരായ ശക്തമായ സമരത്തിന്റെ ദൃശ്യമാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും കാണുന്നത്. അവരുടെ പാപങ്ങള്‍ക്ക് ഞങ്ങള്‍ പണം നല്‍കില്ല എന്ന ബാനറുമായാണ് തൊഴിലാളികള്‍ പ്രകടനം നടത്തിയത്.

ഇവിടെ ഒരു ദിവസത്തെ പണിമുടക്കിനെപ്പറ്റി വ്യാപകമായി വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ ലോകരാജ്യങ്ങളിലെ ഈ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. മൂലധനം തൊഴിലാളിവര്‍ഗത്തെ കടന്നാക്രമിക്കുന്ന സ്ഥിതിവിശേഷമാണ് പല വികസിത രാജ്യങ്ങളിലും. ഇംഗ്ളണ്ടില്‍ വിദ്യാര്‍ഥികളടക്കം ഇതിനെതിരെ സമരരംഗത്താണ്. സാമ്പത്തികമായി ഉയരുന്നു എന്ന പുതിയ വിശേഷണം അടുത്ത കാലത്ത് ചില രാജ്യങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഒബാമയുടെ സന്ദര്‍ശനകാലത്ത് സാമ്പത്തികമായി ഉയര്‍ന്ന രാജ്യമാണ് ഇന്ത്യയെന്നാണ് പറഞ്ഞത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കണക്കാക്കിയുള്ള ഈ വിശേഷണം വാസ്തവത്തില്‍ ഉപരിവര്‍ഗത്തിന്റെ ഉയര്‍ച്ചമാത്രം കണക്കിലെടുത്താണ്. പട്ടിണിരാജ്യങ്ങളുടെ കണക്കെടുപ്പില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണെന്ന് ഇവര്‍ പറയുന്നില്ല. ഇന്ത്യയിലെ 83 കോടി ജനങ്ങള്‍ക്കും 20 രൂപ പ്രതിദിന വരുമാനമില്ല. സ്വകാര്യ കമ്പനികളില്‍ ലാഭം കൂടുമ്പോഴും തൊഴിലാളിയുടെ കൂലി കുറയുന്ന സാഹചര്യമാണ് ഇവിടെ. അതിനിടെയാണ് വിലക്കയറ്റം മുതലാക്കി സാധാരണക്കാരുടെ ചില്ലിക്കാശും തട്ടിയെടുക്കുന്നത്. ഭക്ഷ്യധാന്യവില ആഗോളതലത്തില്‍ ഇനിയും കൂടാനാണ് സാധ്യത. അസംഘടിതമേഖലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ 1000 കോടി അനുവദിച്ചെങ്കിലും ഇതുവരെ പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നും എ കെ പി പറഞ്ഞു.

രാജ്യം നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകള്‍: പന്ഥെ

രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു നേതാവുമായ എം കെ പന്ഥെ പറഞ്ഞു. സിഐടിയു സംസ്ഥാന കമ്മിറ്റിക്കു വേണ്ടി നിര്‍മിച്ച ഇ ബാലാനന്ദന്‍ സ്മാരകമന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോര്‍പറേറ്റുകളും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയ നേതൃത്വവും അടങ്ങുന്ന അവിശുദ്ധ സഖ്യം രാജ്യത്തെ കൊള്ളയടിക്കുകയാണ്. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്തവിധം അഴിമതി രാജ്യത്തെ കാര്‍ന്നുതിന്നുകയാണ്. കാര്‍ഗില്‍ ധീരന്മാര്‍ക്കു വേണ്ടി പണിത ആദര്‍ശ് ഫ്ളാറ്റില്‍ ഒന്നുപോലും രക്തസാക്ഷി കുടുംബത്തിനു ലഭിച്ചില്ല. മന്ത്രിമാരും ഉദ്യോഗസ്ഥമേധാവികളും കോര്‍പറേറ്റുകളും പങ്കിട്ടെടുത്തു. സ്വിസ്ബാങ്കിലെ ശതകോടി വരുന്ന കൊള്ളമുതലിന് കേന്ദ്രം കാവല്‍ നില്‍ക്കുന്നു. ഈ തുക ലഭിച്ചാല്‍ രാജ്യത്തെ പൌരന്മാരുടെ ജീവിതം സുഗമമാക്കാന്‍ കഴിയും. അഴിമതി പെരുകാന്‍ കാരണം ആഗോളവല്‍ക്കരണ നയങ്ങളാണ്. വന്‍കിട സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും നികുതിയിളവ് ചെയ്യുന്നതിലൂടെയും മറ്റുമായി ഭരണനേതൃത്വവും ഉദ്യോഗസ്ഥമേധാവികളും കോടികളുടെ അഴിമതി നടത്തുന്നു. രാജ്യത്ത് മന്ത്രി ആരായിരിക്കണമെന്ന് കോര്‍പറേറ്റുകള്‍ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്നും പന്ഥെ ഓര്‍മിപ്പിച്ചു.

സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എ എ അസീസ് എംഎല്‍എ (യുടിയുസി), വി ജയകുമാര്‍ (ബിഎംഎസ്), അഹമ്മദുകുട്ടി ഉണ്ണികുളം (എസ്ടിയു), ടോം തോമസ് (എച്ച്എംഎസ്) എന്നിവര്‍ സംസാരിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് സ്വാഗതവും ട്രഷറര്‍ കെ എം സുധാകരന്‍ നന്ദിയും പറഞ്ഞു.

നോക്കുകൂലി സിഐടിയു അതിശക്തമായി എതിര്‍ക്കും

നോക്കുകൂലിയെ സിഐടിയു അതിശക്തമായി എതിര്‍ക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സിലില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ചെയ്യാത്ത ജോലിക്ക് കൂലി ചോദിക്കുന്നത് അതിക്രമമാണ്. ഇത് സിഐടിയു അംഗീകരിക്കുന്നില്ല. ഈ നിലപാട് പരസ്യമായി പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ ഇതൊരവസരമാക്കി ബിഎംഎസും മറ്റ് ചില സംഘടനകളും നോക്കുകൂലി അവകാശമാണെന്ന് പറഞ്ഞ് തൊഴിലാളിസ്നേഹം നടിച്ച് രംഗത്തു വന്നിട്ടുണ്ട്. സാങ്കേതിക പുരോഗതി എല്ലാ മേഖലയിലും ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുണ്ടാകുന്ന തൊഴില്‍നഷ്ടം പരിഹരിക്കാന്‍ നോക്കുകൂലി അവകാശമായി ഉന്നയിക്കുന്നത് ന്യായീകരിക്കാനാവില്ല. കൂട്ടായി ആലോചിച്ച് ഈ സ്ഥിതിവിശേഷത്തിന് പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. തൊഴിലാളിയുടെ കുറ്റം കൊണ്ടല്ലാതെ തൊഴില്‍ നഷ്ടപ്പെടുക മുതലാളിത്ത വ്യവസ്ഥയിലെ പ്രക്രിയയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 250111

1 comment:

  1. രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു നേതാവുമായ എം കെ പന്ഥെ പറഞ്ഞു. സിഐടിയു സംസ്ഥാന കമ്മിറ്റിക്കു വേണ്ടി നിര്‍മിച്ച ഇ ബാലാനന്ദന്‍ സ്മാരകമന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    കോര്‍പറേറ്റുകളും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയ നേതൃത്വവും അടങ്ങുന്ന അവിശുദ്ധ സഖ്യം രാജ്യത്തെ കൊള്ളയടിക്കുകയാണ്. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്തവിധം അഴിമതി രാജ്യത്തെ കാര്‍ന്നുതിന്നുകയാണ്.

    ReplyDelete