Friday, January 21, 2011

കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷികമേഖലയെ ചൂഴ്ന്ന് നിന്നിരുന്ന വലിയൊരു ദുരന്തം കര്‍ഷക ആത്മഹത്യകളുടെ അവസാനിക്കാത്ത ദുരന്തകഥകളായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും കര്‍ഷക പക്ഷ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തതുവഴി നമ്മുടെ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുകയും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. സംസ്ഥാനത്ത് മുന്‍കാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നിരക്കില്‍ സമാശ്വാസ സഹായം നല്‍കിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്.

കടക്കെണിമൂലമുള്ള കര്‍ഷക ആത്മഹത്യകളെ നേരിടുകയെന്നതിന് പ്രഥമ പരിഗണന നല്‍കി കൊണ്ടാണ് രാജ്യത്ത് ആദ്യമായി കേരളത്തില്‍ കര്‍ഷക കടാശ്വാസ കമ്മിഷന്‍ സ്ഥാപിച്ചത്. വയനാട്ടില്‍ 25,000 രൂപയ്ക്കു താഴെയുള്ള എല്ലാ കാര്‍ഷികകടങ്ങളും കമ്മിഷന്റെ ശുപാര്‍ശയനുസരിച്ച് എഴുതിത്തള്ളി. ഈ ഒരൊറ്റ നടപടികൊണ്ടു തന്നെ 42,113 കര്‍ഷകര്‍ കടക്കെണിയില്‍നിന്നും മുക്തരായി. ഓരോ ജില്ലയിലും പരിശോധന നടത്തി കൂടുതല്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള നടപടികള്‍ കമ്മിഷന്‍ തുടര്‍ന്നുവരുന്നു.

കിസാന്‍ശ്രീ പദ്ധതിയും കര്‍ഷകരെ സഹായിക്കുന്നതിനായിരുന്നു. രാജ്യത്താദ്യമായി നടപ്പാക്കപ്പെട്ടതും മൗലിക സ്വഭാവമുള്ളതുമായ ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് കിസാന്‍ശ്രീ. ഈ പദ്ധതിയില്‍ അംഗമാകുന്ന കര്‍ഷകന്‍ ഒരു പ്രീമിയവും അടക്കേണ്ടതില്ല. അവരുടെ അപകടങ്ങള്‍, അംഗഭംഗം, മരണം എന്നീ സന്ദര്‍ഭങ്ങളിലെ കര്‍ഷകനോ അവകാശിക്കോ ഒരു ലക്ഷം രൂപ വരെയുള്ള സഹായം ലഭ്യമാകുന്നു. അഞ്ചു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

കര്‍ഷകരുടെ നഷ്ടപ്പെട്ട ശുഭാപ്തി വിശ്വാസം വീണ്ടെടുക്കേണ്ട നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആദ്യമായി കൈകൊണ്ടത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കര്‍ഷക സംഗമങ്ങള്‍, കര്‍ഷക അദാലത്തുകള്‍ എന്നിവ സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുവാന്‍ ഒരു ടോള്‍ ഫ്രീ ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ കര്‍ഷകര്‍ കൂട്ടമായി പങ്കെടുക്കുന്ന നാട്ടുകൂട്ടങ്ങള്‍ നടന്നുവരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കര്‍ഷക സമൂഹത്തിന് വര്‍ധിച്ച ആത്മവിശ്വാസം പകര്‍ന്നു നല്‍കി.

രാജ്യത്താദ്യമായി കര്‍ഷകര്‍ക്ക് ഈ സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതും. 15,000 ത്തോളം കര്‍ഷകര്‍ ഇപ്പോള്‍ ബാങ്ക് എ ടി എം സംവിധാനത്തിലൂടെ പ്രതിമാസം 300 രൂപ പെന്‍ഷന്‍ വാങ്ങുന്നുണ്ട്.

പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സബ്‌സിഡിയോടുകൂടി പച്ചക്കറി ലഭ്യമാക്കുന്ന മേളകളും പച്ചക്കറി കിറ്റുകളുടെ വിതരണവും വ്യാപകമായി സംഘടിപ്പിച്ചു.

മലയാളിയുടെ ഹൃദയത്തുടിപ്പുകളിലെല്ലാം നെല്ലിന്റെ മണവും വയല്‍ പച്ചയുടെ സൗന്ദര്യവും നിറഞ്ഞുനിന്ന ഒരു കാലമുണ്ടായിരുന്നു. നാം നഷ്ടപ്പെടുത്തിയ സമൃദ്ധമായ ഈ ഗതകാലത്തിലേക്ക് ജനകീയ കൂട്ടായ്മയിലൂടെ സ്വാര്‍ഥകമായ ഒരു മടക്കയാത്ര സാധ്യമാക്കി എന്നതു ഈ ഗവണ്‍മെന്റിന്റെ മുന്‍കൈയ്യില്‍ സാധ്യമാക്കിയ വലിയ നേട്ടമാണ്.

ജനകീയ കൂട്ടായ്മയിലൂടെ സംസ്ഥാനത്തിലെ നെല്ലുല്‍പാദനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം നേടാനുള്ള തീവ്രയത്‌നത്തിന്റെ ഭാഗമായി തരിശുനിലകൃഷിയും കരനെല്‍കൃഷിയുമുള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ നെല്‍കൃഷി മേഖലയില്‍ ഈ ഗവണ്‍മെന്റ് നടപ്പാക്കുകയുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി 15,000 ഹെക്ടര്‍ തരിശുനിലത്തിലാണ് നെല്‍കൃഷി അധികമായി വ്യാപിച്ചത്. ഈ നിലങ്ങളില്‍ 40 വര്‍ഷം വരെ തരിശിട്ടിരുന്നവയുമുണ്ടായിരുന്നു. രണ്ടു വര്‍ഷങ്ങളിലായി 950 ഹെക്ടറില്‍ പുതുതായി കരനെല്‍കൃഷിയും ചെയ്യാനായി. 25 ശതമാനത്തോളം ഒരിപ്പൂ നിലങ്ങള്‍ ഇരുപ്പൂ നിലങ്ങളാക്കി മാറ്റുകയും ചെയ്തു.

ഇതിനുപുറമേ കരനെല്‍ കൃഷി വ്യാപിപ്പിക്കുവാനും നടപടികളെടുത്തു. വിദ്യാലയങ്ങളില്‍ നെല്‍കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 55 സ്‌കൂളുകളില്‍ നെല്‍കൃഷിക്കു തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഇവയുടെ ഫലമായി നെല്ലുല്‍പ്പാദനത്തില്‍ 1.25 ലക്ഷം ടണ്ണിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും കൂടിയ സംഭരണവിലയായ കിലോയ്ക്ക് 13 രൂപയ്ക്ക് നെല്‍ സംഭരണമേര്‍പ്പെടുത്തി. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ഇത് ഏഴ് രൂപയായിരുന്നു 13 രൂപ 14 രൂപയായി വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ നെല്‍കൃഷി പദ്ധതികളുടെ ആനുകൂല്യം നെല്‍കര്‍ഷകര്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിന് ഗ്രീന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാന നെല്‍കൃഷിമേഖലകളില്‍ നടപ്പിലാക്കിവരുന്ന ഈ പദ്ധതി ക്രമേണ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുവാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.

തൃശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളില്‍ 6 കോടി രൂപയുടെ നെല്ലുല്‍പ്പാദന പദ്ധതികള്‍ നടപ്പാക്കി. 5000 ഹെക്ടറിലെ കൃഷിക്കുള്ള വിത്തിന്റെ വിതരണം, 5600 ഹെക്ടറില്‍ കുമ്മായപ്രയോഗത്തിന് 75% സബ്‌സിഡി നിരക്കില്‍ ധനസഹായം, കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കല്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. കൂടാതെ പവര്‍ ടില്ലര്‍, കമ്പയിന്‍ ഹാര്‍വെസ്റ്റര്‍, ട്രാന്‍സ്പ്ലാന്റര്‍ എന്നിവ പാടശേഖരങ്ങള്‍ക്ക് നല്‍കുന്നതിന് 203.36 ലക്ഷം രൂപയും അനുവദിച്ചു. കേരള ഭൂവികസന കോര്‍പ്പറേഷന്‍ മുഖേന 213.36 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളും ഈ പ്രദേശങ്ങളില്‍ ചെയ്തുവരുന്നു.

പൊക്കാളി നെല്‍കൃഷി മേഖലയില്‍ രണ്ട് കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കി. 1280 ഹെക്ടറില്‍ പൊക്കാളി കൃഷി ചെയ്യുന്നതിന് 3500 രൂപ ഓരോ ഹെക്ടറിന് ധനസഹായവും സര്‍ട്ടിഫൈ ചെയ്ത 300 ടണ്‍ ജൈവ പൊക്കാളി അരിയുടെ സംഭരണത്തിന് കിലോഗ്രാമിന് 5 രൂപ വീതം ധനസഹായവും 355 ഹെക്ടറില്‍ തരിശുനിലകൃഷിക്ക് ഹെക്ടറിന് 9000 രൂപ വീതം ധനസഹായവും നല്‍കി. വയനാടന്‍ സുഗന്ധ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കയമ എന്നിവയുടെയും ബസുമതി, ഞവര എന്നീ നെല്ലിനങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇതുപ്രകാരം സുനന്ധനെല്ലിനങ്ങളുടെ ജൈവ കൃഷി, സുഗന്ധ നെല്ലിനങ്ങള്‍ക്കായുള്ള പ്രത്യേക സംസ്‌കരണശാലയും ആധുനിക പായ്ക്കിംഗ് യൂണിറ്റും സ്ഥാപിക്കല്‍, ഭൂപ്രദേശ സൂചികാംഗികാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കല്‍, വയനാട് ജില്ലാ സുഗന്ധ നെല്ലുല്‍പ്പാദക സമിതി പുനരുദ്ധാരണം, കര്‍ഷക പരിശീലനം എന്നിവയും നടപ്പിലാക്കും.

കേരളത്തിലെ പരമ്പരാഗത നെല്ലുല്‍പ്പാദനമേഖലയായ കുട്ടനാട്ടിലെ നെല്ലുല്‍പ്പാദനത്തിനായി 2.5 കോടി രൂപയുടെ പദ്ധതികളും യന്ത്രവല്‍ക്കരണത്തിനായി 1.8 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കിവരുന്നു. കമ്പയിന്‍ ഹാര്‍വസ്റ്റര്‍, ട്രാക്ടര്‍, പവര്‍ടില്ലര്‍, റീപ്പര്‍, പവര്‍ സ്‌പ്രേയര്‍ തുടങ്ങിയ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നുണ്ട്.

തിരുവിതാംകൂറിന്റെ ഓണമൂട്ടുകരയായ ഓണാട്ടുകരയിലെ നെല്‍കൃഷി സമൃദ്ധി വീണ്ടെടുക്കുന്നതിനായി 4 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. ഈ മേഖലയിലെ നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായകരമായി.

ഇന്ത്യയിലാദ്യമായി കേരളത്തില്‍ നെല്‍കൃഷിക്കാര്‍ക്കുള്ള കിസാന്‍ അഭിമാന്‍ പെന്‍ഷന്‍ പദ്ധതി. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ, അഞ്ചരലക്ഷം കര്‍ഷകരെ പങ്കാളികളാക്കി പ്രീമിയം സര്‍ക്കാര്‍തന്നെ വഹിച്ചുകൊണ്ടുള്ള കിസാന്‍ശ്രീ കര്‍ഷക സുരക്ഷാപദ്ധതി, കിലോയ്ക്ക് 13 രൂപയ്ക്ക് നെല്‍സംഭരണം, നെല്‍കൃഷിക്കാര്‍ക്കുള്ള ഗ്രീന്‍കാര്‍ഡ്, നെല്‍പാടങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, പ്രത്യേക നെല്ലുല്‍പാദന മേഖലയ്ക്കായുള്ള പദ്ധതികള്‍, നെല്‍കര്‍ഷകര്‍ക്ക് അധികവരുമാന വര്‍ധനവിന് കന്നുകാലി, കോഴിവളര്‍ത്തല്‍ എന്നിവ തുടങ്ങുന്നതിനുള്ള സഹായം, ആധുനിക റൈസ് മില്ലുകളുടെ സ്ഥാപനം, പ്രകൃതിക്ഷോഭം മൂലം നെല്‍കൃഷിക്കുണ്ടായ നാശത്തിന് സത്വരസാമ്പത്തിക സഹായം തുടങ്ങി ഒട്ടേറെ നടപടികള്‍ ധാരാളം കര്‍ഷകരെ നെല്‍കൃഷിയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചിട്ടുണ്ട്. വരുന്ന വര്‍ഷം 20,000 ഹെക്ടറിലേക്ക് തരിശുനിലകൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി ഊര്‍ജിതമായി നടന്നുവരുന്നു. കേരളസര്‍ക്കാര്‍ കാര്‍ഷികരംഗത്ത് രാജ്യത്തിനാകെ മാതൃകയാവുന്ന നടപടികളായിരുന്നു ഇവയില്‍ പലതും.

മുല്ലക്കര രത്‌നാകരന്‍ ജനയുഗം 200111

രണ്ടാം ഭാഗം സമഗ്ര വികസന പദ്ധതിയിലൂടെ പച്ചക്കറി സ്വയംപര്യാപ്തതയിലേയ്ക്ക്

1 comment:

  1. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷികമേഖലയെ ചൂഴ്ന്ന് നിന്നിരുന്ന വലിയൊരു ദുരന്തം കര്‍ഷക ആത്മഹത്യകളുടെ അവസാനിക്കാത്ത ദുരന്തകഥകളായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും കര്‍ഷക പക്ഷ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തതുവഴി നമ്മുടെ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുകയും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. സംസ്ഥാനത്ത് മുന്‍കാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നിരക്കില്‍ സമാശ്വാസ സഹായം നല്‍കിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്.

    ReplyDelete