Sunday, January 23, 2011

ആന്ധ്രയില്‍ കൃഷിക്കാരുടെ ആത്മഹത്യ കുതിച്ചുയരുന്നു

ആന്ധ്രപ്രദേശിലെ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ദുരിതാശ്വാസ പാക്കേജ്, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മെച്ചപ്പെട്ടതാണെന്നും അതില്‍ വര്‍ദ്ധന വരുത്താന്‍ ഉദ്ദേശമില്ലെന്നും ഡിസംബര്‍ 16ന് മുഖ്യമന്ത്രി അസംബ്ളിയില്‍ പ്രസ്താവിക്കുകയുണ്ടായി. അതിനെതുടര്‍ന്ന് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കുത്തനെ ഉയര്‍ന്നു. നെല്‍കൃഷിക്കാര്‍ക്ക് ഏക്കറിന് 2400 രൂപയുടെ സബ്സിഡിയും ഖാരിഫ് വിളയ്ക്കുവേണ്ടി എടുത്ത വായ്പയുടെ പലിശ ഇളവും ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്.

    സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ വിളകൊയ്യാറായ സന്ദര്‍ഭത്തിലാണ് അകാലത്ത് അഭൂതപൂര്‍വ്വമായ പേമാരി ഉണ്ടായത്. കൃഷിക്കാരുടെ വിളവെല്ലാം നശിച്ചു. 20 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ നെല്‍ക്കൃഷിയെ അത് ബാധിച്ചു. ഏതാനും ലക്ഷം ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറികളും പരുത്തികൃഷിയും പഴക്കൃഷിയും മറ്റും നശിച്ചുവെങ്കിലും ഏറ്റവും കൂടുതല്‍ ദുരിതം സംഭവിച്ചത് നെല്‍ക്കൃഷിക്കാര്‍ക്കാണ്-പ്രത്യേകിച്ചും പാട്ടകൃഷിക്കാര്‍ക്ക്. അവരില്‍ ഭൂരിഭാഗവും പട്ടികജാതിക്കാരും പിന്നോക്കവിഭാഗങ്ങളുമാണുതാനും. അവരുടെപേരില്‍ വായ്പകളൊന്നും എടുത്തിട്ടില്ല എന്നതിനാല്‍ പലിശ ഒഴിവാക്കിയതിന്റെയോ വായ്പകളുടെ നിബന്ധനകളില്‍ മാറ്റം വരുത്തിയതിന്റെയോ ഗുണം അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.

    അസംബ്ളിയില്‍ മുഖ്യമന്ത്രി മേല്‍പ്പറഞ്ഞ പ്രഖ്യാപനം നടത്തിയ 2010 ഡിസംബര്‍ 16നും 2011 ജനുവരി 1നും ഇടയില്‍ സംസ്ഥാനത്ത് 275 കൃഷിക്കാര്‍ മരണപ്പെട്ടുവെന്നാണ് ആന്ധ്രപ്രദേശ് റയത്ത് സംഘത്തിന് ലഭിച്ച വിവരം. അതായത് ദിവസേന 16 കൃഷിക്കാര്‍വീതം ഒന്നുകില്‍ ആത്മഹത്യചെയ്തു; അല്ലെങ്കില്‍ ഹൃദയസ്തംഭനംമൂലം മരിച്ചു. ആത്മഹത്യ അവിരാമം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കാര്‍ഷിക ജനസാമാന്യത്തെ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുടെ ഒരു ബഹിര്‍പ്രകടനം മാത്രമാണ് ആത്മഹത്യകളുടെ ഈ കുതിച്ചുകയറ്റം. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ച നാശം അതിനേക്കാളൊക്കെ എത്രയോ വിപുലവും അഗാധവുമാണ്.

    ഈ വിളവെടുപ്പുകാലത്ത്, പ്രത്യേകിച്ചും നെല്ല് കൊയ്തുകൊണ്ടിരിക്കുമ്പോള്‍, അഥവാ കൊയ്യാറായ സമയത്ത്, ഡിസംബര്‍ ആദ്യവാരത്തില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴ കാരണം കൃഷിക്കാര്‍ക്ക് വമ്പിച്ച നഷ്ടം സംഭവിച്ചു. എല്ലാ വിധത്തിലുള്ള കൃഷിച്ചെലവുകളും കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ആ ഇനത്തില്‍ ഗവണ്‍മെന്റ് അനുവദിച്ച സബ്സിഡി എത്രയോ തുച്ഛമാണ്. ഏക്കറിന് 10,000 രൂപ എന്ന നിരക്കിലെങ്കിലും സബ്സിഡി കിട്ടണം എന്നാണ് കൃഷിക്കാരുടെ ആവശ്യം. കൊയ്തെടുത്ത നെല്ല് നനഞ്ഞ് നിറംമാറി; ഗുണം കുറഞ്ഞു. ചീത്തയായി, സാധാരണ നിലയില്‍ത്തന്നെ മിനിമം താങ്ങുവില കൃഷിക്കാര്‍ക്ക് ലഭിക്കാറില്ല. മഴയില്‍ കുതിര്‍ന്ന് ചീത്തയായ നെല്ലിന്റെ കാര്യം പിന്നെ പറയാനില്ലല്ലോ. വളരെ വില കുറച്ചാണ് കച്ചവടക്കാര്‍ അത് വാങ്ങുന്നത്. ചീത്തയായ നെല്ല് (20 ശതമാനംവരെ കേടുവന്ന നെല്ല്) മിനിമം താങ്ങുവിലയ്ക്കുതന്നെ സര്‍ക്കാര്‍ വാങ്ങുമെന്നും അതിനുവേണ്ടി നിരവധി സംഭരണ കേന്ദ്രങ്ങള്‍ തുറക്കുമെന്നും കൃഷിക്കാര്‍ക്കുള്ള പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നുവെങ്കിലും, കൃഷിക്കാരില്‍നിന്ന് സര്‍ക്കാര്‍ സംഭരിച്ചത് വളരെ കുറച്ച് നെല്ലുമാത്രമാണ്. ദുരിതബാധിതരായ കൃഷിക്കാരില്‍ മിക്കവരും കൃഷിയിറക്കിയിരുന്നത് വലിയ സംഖ്യ വായ്പ വാങ്ങിയിട്ടായിരുന്നു; അതില്‍ ഭൂരിഭാഗവും ഹുണ്ടികക്കാരില്‍നിന്നും. അതിന്റെ പലിശയാകട്ടെ, വളരെ വളരെ ഉയര്‍ന്നതും. പാട്ടകൃഷിക്കാര്‍ക്ക് ഇതിനുപുറമെ പാട്ടത്തിന്റെ ഭാരംകൂടി വഹിക്കേണ്ടതുണ്ട്. ഏക്കറിന് 8,000 രൂപതൊട്ട് 20,000 രൂപവരെ വരും അത്. ഭൂമിയുടെയും വിളയുടെയും തരവും കൃഷിഭൂമി സ്ഥിതിചെയ്യുന്ന പ്രദേശവും അനുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. ഈ പശ്ചാത്തലത്തിലാണ് കൃഷിക്കാരുടെ ആത്മഹത്യകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചത്. എന്താണതിന്റെ കാരണം? എന്താണത് നല്‍കുന്ന സൂചന?

    പുത്തന്‍ സാമ്പത്തികനയങ്ങള്‍

    കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ - സാമ്പത്തികനയങ്ങളാണ് കൃഷിക്കാരെ തകര്‍ത്തതും വിളവിറക്കുന്നതിനുമാത്രമല്ല കുടുംബത്തെ തീറ്റിപ്പോറ്റുന്നതിനുപോലും വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചതും. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ കാലയളവില്‍ പ്രഖ്യാപിച്ച വായ്പാ ആശ്വാസ നടപടികളൊന്നുംതന്നെ അവര്‍ക്ക് ആശ്വാസമായിത്തീര്‍ന്നില്ല. കാരണം ഇത്തരം ആശ്വാസങ്ങള്‍ പൊതു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എടുത്ത വായ്പകള്‍ക്കുമാത്രമെ ബാധകമായിരുന്നുള്ളു. കൃഷിക്കാരുടെ മൊത്തം വായ്പകളില്‍ 20 ശതമാനം മുതല്‍ 32 ശതമാനംവരെ മാത്രമേ ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചതായിരുന്നുള്ളു. ബാക്കി മുഴുവനും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍നിന്ന് വമ്പിച്ച പലിശയ്ക്ക് എടുത്ത കടങ്ങളായിരുന്നു. മറ്റൊരു ജീവനോപാധി മുന്നില്‍ ഇല്ലായിരുന്നതുകൊണ്ട് കൃഷി ഒട്ടും ലാഭകരമല്ലാതിരുന്നിട്ടും കൃഷിക്കാര്‍ അതുതന്നെ തുടരാന്‍ നിര്‍ബന്ധിതരായി. കൃഷി ലാഭകരമല്ലാത്തതുകൊണ്ട് ധനിക കൃഷിക്കാര്‍ കൃഷി ഉപേക്ഷിച്ചുപോയി. എന്നാല്‍ പിന്നോക്ക വിഭാഗക്കാരും പട്ടികജാതിക്കാരുമായ കൃഷിക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതുകാരണം, കൃഷിപ്പണിയില്‍തന്നെ തുടര്‍ന്നും പിടിച്ചുനിന്നു. അവര്‍, ധനിക കൃഷിക്കാരുടെ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തു. രേഖയൊന്നുമില്ലാതെയാണ് ഇങ്ങനെ പാട്ടത്തിനെടുത്തിരുന്നത്. പാട്ടക്കൃഷിക്കാരുടെ സംഖ്യ സംസ്ഥാനത്ത്, പ്രത്യേകിച്ചും തീരദേശമേഖലകളില്‍ പെട്ടെന്ന് വര്‍ദ്ധിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാവും. പൊതു ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയൊന്നും ലഭ്യമല്ലാത്തതിനാല്‍ അവര്‍ക്ക് സ്വകാര്യ പണമിടപാടുകാരേയും ഹുണ്ടികക്കാരേയും സമീപിക്കേണ്ടിവരുന്നു. കൃഷിപ്പണിയില്‍ സ്വയം പങ്കുചേര്‍ന്നാല്‍പോലും അവര്‍ക്ക് മുടക്കിയ പണം തിരിച്ചുലഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

    പാട്ടക്കൃഷിക്കാര്‍ക്ക് രേഖയൊന്നുമില്ലാത്തതിനാല്‍ ഗവണ്‍മെന്റില്‍നിന്ന് സഹായമൊന്നും ലഭിക്കുന്നില്ല. പ്രകൃതിദുരന്തംകൊണ്ട് നഷ്ടമുണ്ടാകുമ്പോള്‍, കൃഷിപ്പണിക്കുള്ള ചെലവിനുള്ള സബ്സിഡിയും അവര്‍ക്ക് ലഭിക്കുന്നില്ല. അവരുടെ മുന്‍കാല അനുഭവങ്ങള്‍ വെച്ചു നോക്കുമ്പോള്‍ പാട്ട കൃഷിക്കാര്‍ക്കും കൃഷിച്ചെലവിന് സബ്സിഡി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അവര്‍ക്ക് ഒരു വിശ്വാസവുമില്ലെന്ന് വ്യക്തമാണ്. ഇവരും ഇവരെപ്പോലെയുള്ള ചെറുകിട (ഭൂവുടമസ്ഥരാണെങ്കിലും) കൃഷിക്കാരും ആണ്, ദുരിതം സഹിക്കാനാവാതെ, ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്.

    തീയാളിക്കത്തുമ്പോള്‍ അല്‍പം വെള്ളമൊഴിക്കുന്ന സര്‍ക്കാര്‍

    പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. തെരഞ്ഞെടുപ്പിനെ അവര്‍ക്ക് നേരിടേണ്ടതുണ്ടല്ലോ. കൃഷിക്കാരുടെ പശ്ചാത്തല കൃഷിച്ചെലവിന്റെ വര്‍ദ്ധനയുടെ തോതുവെച്ചല്ലെങ്കിലും, പതിനായിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ചെലവിടുന്നുണ്ട്. വായ്പ എഴുതിത്തള്ളുന്നതിനായി ആന്ധ്രാപ്രദേശ് സംസ്ഥാന ഗവണ്‍മെന്റ് 5000 കോടി രൂപയും കേന്ദ്രഗവണ്‍മെന്റ് 13,000 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് എല്ലാ കൃഷിക്കാര്‍ക്കും ആശ്വാസം ലഭിച്ചിട്ടില്ല-പ്രത്യേകിച്ചും ചെറുകിട കൃഷിക്കാര്‍ക്കും പാട്ട കൃഷിക്കാര്‍ക്കും. എന്നുതന്നെയല്ല, ഇത്തരം താല്‍ക്കാലിക നടപടികള്‍കൊണ്ട്, കൃഷിക്കാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതുമില്ല. ഇതൊക്കെ തെരഞ്ഞെടുപ്പിന്റെ ആവശ്യം പരിഗണിച്ചുള്ള താല്‍ക്കാലികമായ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ സമഗ്രമായി കണ്ടുകൊണ്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങളല്ല. ഇപ്പോഴത്തേതുപോലെയുള്ള കൃഷിക്കാരുടെ കടുത്ത ദുരിതങ്ങള്‍ കാണിക്കുന്നത് സര്‍ക്കാരിന്റെ നടപടികള്‍ തീയാളിക്കത്തിപ്പടരുമ്പോള്‍ അല്‍പം വെള്ളമൊഴിക്കുന്ന നയമാണ്.

    കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ച സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും കൃഷിക്കാരുടെ ക്ഷേമത്തെക്കുറിച്ച് പഠിക്കുന്നതിന് ആന്ധ്രാപ്രദേശ് സംസ്ഥാന ഗവണ്‍മെന്റ് നിയോഗിച്ച പ്രൊഫസര്‍ ജയതിഘോഷ് കമ്മീഷന്റെ റിപ്പോര്‍ട്ടും ഈ ഗവണ്‍മെന്റുകള്‍ നടപ്പാക്കാന്‍ തയ്യാറില്ല. ഈ രണ്ടു ഗവണ്‍മെന്റുകളുടെയും ഈ വിസമ്മതത്തില്‍നിന്ന് ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥ ഉദ്ദേശം, കൃഷിയെ ആഗോളവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ്വല്‍ക്കരിക്കുകയും ചെയ്യുക എന്ന അജണ്ട, വ്യക്തമാകുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ കൃഷിക്കാരുടെ ഉപജീവനമാര്‍ഗ്ഗത്തിനുമേല്‍ വരുത്തിവെയ്ക്കുന്ന വിനാശകരമായ ആഘാതത്തിന്റെ അനുഭവംവെച്ച്, തങ്ങളുടെ നയങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്നുപോലും ഗവണ്‍മെന്റിന് തോന്നുന്നില്ല. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന വിഭാഗത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പരമാധികാരത്തേയും തങ്ങളുടെ നയങ്ങള്‍ എങ്ങനെ ബാധിക്കും എന്ന ചിന്തപോലുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ തുടര്‍ന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള ആത്മഹത്യകളുടെ കുതിച്ചുകയറ്റത്തോട് സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും കൈക്കൊള്ളുന്ന അലസ മനോഭാവം അതു വ്യക്തമാക്കുന്നുണ്ട്.

    വരാന്‍പോകുന്ന അത്യാപത്ത്


    വിത്തുബില്‍, ജൈവ സാങ്കേതികവിദ്യാ നിയന്ത്രണ അതോറിറ്റിബില്‍, പൊതു ഫണ്ടുകൊണ്ട് നടത്തുന്ന ഗവേഷണത്തിന് പാറ്റന്റ് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ എന്നിങ്ങനെയുള്ള നിയമനിര്‍മ്മാണങ്ങളും ഗവണ്‍മെന്റിന്റെ മറ്റ് വിവിധ നടപടികളും കൊണ്ടുള്ള ആഘാതംമൂലം ഉണ്ടാകാന്‍പോകുന്ന ആപത്ത് വളരെ കടുത്തതായിരിക്കും. ഇതിനകം ഒപ്പുവെയ്ക്കപ്പെട്ടുകഴിഞ്ഞതോ ഒപ്പുവെയ്ക്കാന്‍വേണ്ടി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ സ്വതന്ത്രവ്യാപാര കരാറുകള്‍, പല ബ്രാന്‍ഡുകളുടെ ചില്ലറ വ്യാപാരത്തിലേക്കുള്ള വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ കടന്നുകയറ്റം, രാസവളങ്ങള്‍ക്കുള്ള സബ്സിഡികള്‍ പൂര്‍ണമായും പിന്‍വലിക്കല്‍ (സാമ്പത്തിക പരിഷ്കാരങ്ങളുടെ കൂട്ടത്തില്‍ ഇതിന് മുന്തിയ മുന്‍ഗണനയാണ് നല്‍കപ്പെട്ടിട്ടുള്ളത്, കൃഷി വ്യാപന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണം തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍, ഇതിനകംതന്നെ കടുത്ത ദുരിതത്തിലായിക്കഴിഞ്ഞിട്ടുള്ള കൃഷിക്കാരെ തികഞ്ഞ വിഷമവൃത്തത്തിലാഴ്ത്തും. അത് കൃഷിയുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം ദ്രുതഗതിയിലാക്കും; ചെറുകിട കൃഷിക്കാര്‍ക്ക് എന്തെങ്കിലും അവകാശങ്ങളോ കൈവശഭൂമിയോ ഉണ്ടെങ്കില്‍, അതും കൂടി അവരില്‍നിന്ന് തട്ടിപ്പറിച്ചെടുക്കും. പണിചെയ്യുന്ന കൃഷിക്കാരനെ കൃഷിയില്‍നിന്ന് ആട്ടിയകറ്റിക്കൊണ്ട് സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ ഇത് വഴിവെയ്ക്കും.

    കോര്‍പ്പറേറ്റ് കൃഷി യാഥാര്‍ത്ഥ്യമാകുന്നതോടെ കൃഷിക്കാരുടെ മുന്നിലുള്ള എല്ലാ പോംവഴികളും അദൃശ്യമായി ഭവിക്കും-കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ കനിഞ്ഞനുവദിക്കുന്ന അവകാശങ്ങള്‍ മാത്രമേ അവരുടെ കയ്യില്‍ അവശേഷിക്കുകയുള്ളു. കരാര്‍ കൃഷി സമ്പ്രദായത്തിന്‍കീഴില്‍ വായ്പയെ ആശ്രയിച്ചുകൊണ്ടുള്ള കൃഷിപ്പണി, കോര്‍പ്പറേറ്റുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാങ്കേതികവിദ്യകളും വില/വിപണി പ്രവര്‍ത്തനങ്ങളും തുടങ്ങിയവ, കൃഷിക്കാരെ അടിമകളാക്കുന്നതിനുള്ള ആയുധങ്ങളാണ്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളെയാകെ അത് കോര്‍പ്പറേറ്റുകളുടെ ആവശ്യങ്ങള്‍ക്കും അത്യാര്‍ത്തികള്‍ക്കും ഇരകളാക്കിത്തീര്‍ക്കുന്നു. കൃഷിഭൂമിയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പിന്നെ, കടപ്പാടുകളും ബാധ്യതകളും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; അടിമകള്‍ക്കുള്ളതുപോലെയുള്ള അവകാശങ്ങളും ആസ്തികളും മാത്രമേ അവര്‍ക്കുണ്ടായിരിക്കുകയുള്ളൂ. കോര്‍പ്പറേറ്റുകള്‍ തമ്മില്‍ത്തമ്മില്‍ ലയിക്കുമ്പോള്‍, അല്ലെങ്കില്‍ ഒന്ന് മറ്റേതിനെ വിഴുങ്ങുമ്പോള്‍, കൃഷിപ്പണിയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങള്‍ വില്‍ക്കപ്പെടാവുന്ന ചരക്കായിത്തീരുന്നു. അങ്ങനെ വില്‍ക്കപ്പെടുന്നതിനെക്കുറിച്ച് അവര്‍ അറിയണമെന്നില്ല. എന്നിട്ടല്ലേ വില്‍ക്കപ്പെടുന്നതിന് അവരുടെ സമ്മതം! ആഗോളവല്‍ക്കരണത്തിന്‍കീഴില്‍, 21-ാം നൂറ്റാണ്ടിലെ കൃഷിയിലെ അടിമകളുടെ, അടിമസമാനമായ ഉല്‍പാദന പ്രക്രിയയുടെ നിര്‍വചനം ഇതില്‍നിന്ന് ലഭിക്കും.

    എന്നാല്‍ ഇത് ഒരിക്കലും സംഭവിക്കാന്‍ അനുവദിച്ചുകൂട. നമ്മുടെ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനവും പരമാധികാരവും എത്രതന്നെ പരിമിതമാണെങ്കിലും ശരി, അവയെ സംരക്ഷിക്കണം; അവയ്ക്കുമേല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ അനുവദിച്ചുകൂട. ഇത്തരം വിനാശകരമായ ആഘാതങ്ങളില്‍നിന്ന് നമ്മുടെ ഭക്ഷ്യ സുരക്ഷിതത്വത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പരമാധികാരത്തേയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങളേയും സംരക്ഷിക്കേണ്ടതുണ്ട്. അതിനായി ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഭാവി തലമുറകള്‍ നമുക്ക് മാപ്പുനല്‍കുകയില്ല.

  പി പ്രസാദറാവു ചിന്ത വാരിക 210111

1 comment:

  1. ആന്ധ്രപ്രദേശിലെ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ദുരിതാശ്വാസ പാക്കേജ്, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മെച്ചപ്പെട്ടതാണെന്നും അതില്‍ വര്‍ദ്ധന വരുത്താന്‍ ഉദ്ദേശമില്ലെന്നും ഡിസംബര്‍ 16ന് മുഖ്യമന്ത്രി അസംബ്ളിയില്‍ പ്രസ്താവിക്കുകയുണ്ടായി. അതിനെതുടര്‍ന്ന് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ കുത്തനെ ഉയര്‍ന്നു. നെല്‍കൃഷിക്കാര്‍ക്ക് ഏക്കറിന് 2400 രൂപയുടെ സബ്സിഡിയും ഖാരിഫ് വിളയ്ക്കുവേണ്ടി എടുത്ത വായ്പയുടെ പലിശ ഇളവും ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്.

    ReplyDelete