Sunday, February 13, 2011

ടെര്‍മിനല്‍ ഉദ്ഘാടനത്തിലും സംസ്ഥാനത്തിന് അവഗണന

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങുപോലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ രാജ്യാന്തര ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങും കേന്ദ്ര സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയവേദിയാക്കി. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതരത്തിലാണ് രണ്ടു ചടങ്ങും സംഘടിപ്പിച്ചത്. തുടര്‍ച്ചയായി നടത്തിയ ഈ അവഹേളനത്തിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രതികരിച്ചു.

ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വല്ലാര്‍പാടം കമീഷനിങ് ചടങ്ങിലെന്നപോലെത്തന്നെ സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചെന്ന് വി എസ് പറഞ്ഞു. അവഗണന സാരമില്ല, പദ്ധതി യാഥാര്‍ഥ്യമാകലാണ് പ്രധാനമെന്നും വി എസ് പറഞ്ഞു. രാജ്യാന്തര ടെര്‍മിനലിന്റെ ഉദ്ഘാടനഫലകത്തിലും മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കി. പ്രധാനമന്ത്രിയുടെ പേരുമാത്രം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ളീഷിലും എഴുതിയിട്ടുണ്ട്. ചടങ്ങില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും മുന്തിയ പരിഗണന ലഭിക്കേണ്ടത് ഭരണഘടനാപരമായി മുഖ്യമന്ത്രിക്കാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന സമാനമായ ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ പേരുമാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫലകത്തില്‍ മറ്റാരുടെയും പേര് ഉള്‍പ്പെടുത്താതിരുന്നതെന്നാണ് വിമാനത്താവളം അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ പേര് ഫലകത്തില്‍ ഉള്‍പ്പെടുത്തുകയോ മന്ത്രിമാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയോ ചെയ്തില്ലെന്നുമാത്രമല്ല, പുതിയ രാജ്യാന്തര ടെര്‍മിനലിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്ത സഹായങ്ങളെയോ സേവനങ്ങളെയോ സംബന്ധിച്ച് എന്തെങ്കിലും സൂചന നല്‍കാന്‍പോലും കൂട്ടാക്കിയില്ല.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിലും കുറ്റമറ്റ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ പ്രതിജ്ഞാബദ്ധത തിരുവനന്തപുരം വിമാനത്താവളവികസനത്തിന്റെ കാര്യത്തിലും പ്രകടിപ്പിച്ചത് വസ്തുതയും ചരിത്രവുമാണ്. പുതിയ രാജ്യാന്തര ടെര്‍മിനലിനുവേണ്ടി തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുകയും പുതിയ ചാക്ക മേല്‍പ്പാലം സമയബന്ധിതമായി നിര്‍മിച്ചുനല്‍കി പുതിയ ടെര്‍മിനലിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്തതും സംസ്ഥാന സര്‍ക്കാരാണ്. ഇതൊക്കെ വസ്തുതയായിട്ടും പ്രധാനമന്ത്രിയോ ചടങ്ങില്‍ അധ്യക്ഷനായ വ്യോമയാന മന്ത്രി വയലാര്‍ രവിയോ പ്രസംഗത്തിലൊരിടത്തും ഇതൊന്ന് സൂചിപ്പിക്കുകപോലും ചെയ്തില്ല. തുറമുഖമന്ത്രി വി സുരേന്ദ്രന്‍പിള്ള ഇതിലുള്ള പ്രതിഷേധം വയലാര്‍ രവിയെ നേരിട്ട് അറിയിക്കുകയും ചെയ്തു. പ്രതിഷേധിച്ച് എ സമ്പത്ത് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവഹേളിച്ച കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കുന്നതിന് അങ്ങേയറ്റം ആത്മാര്‍ഥമായ പരിശ്രമമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ സ്വാര്‍ഥലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന കോണ്‍ഗ്രസിന്റെ തരംതാണ തറവേലകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വല്ലാര്‍പാടം ടെര്‍മിനലിനു മുന്നില്‍ പ്രതീകാത്മക ശിലാഫലകം നാട്ടി

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിനു മുന്നില്‍ ശനിയാഴ്ച യുവജനങ്ങള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരുകൂടി ഉള്‍പ്പെടുത്തിയ പ്രതീകാത്മക ശിലാഫലകം നാട്ടി. ടെര്‍മിനല്‍ ഉദ്ഘാടനംചെയ്ത് സ്ഥാപിച്ച ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെയും പോര്‍ട്ട് ട്രസ്റ്റിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ടെര്‍മിലിനു മുന്നില്‍ ഡിവൈഎഫ്ഐ സ്ഥിരമായ ശിലാഫലകം സ്ഥാപിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനംചെയ്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി ബി ദേവദര്‍ശനന്‍ പറഞ്ഞു. ഹൈക്കോടതി കവലയില്‍നിന്ന് പ്രകടനമായാണ് യുവാക്കള്‍ ടെര്‍മിനലിനു മുന്നിലേക്ക് എത്തിയത്. സംസ്ഥാനകമ്മിറ്റി അംഗം വി വി പ്രവീ, പി ആര്‍ റെനീഷ്, എ ജി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 130211

3 comments:

  1. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങുപോലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ രാജ്യാന്തര ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങും കേന്ദ്ര സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയവേദിയാക്കി. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതരത്തിലാണ് രണ്ടു ചടങ്ങും സംഘടിപ്പിച്ചത്. തുടര്‍ച്ചയായി നടത്തിയ ഈ അവഹേളനത്തിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രതികരിച്ചു.

    ReplyDelete
  2. കേരളത്തെയും ജനങ്ങളെയും അവഹേളിച്ച കേന്ദ്ര യുപിഎ സര്‍ക്കാര്‍ നിലപാടിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധമാര്‍ച്ച് നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കും എറണാകുളത്ത് വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ ആസ്ഥാനത്തേക്കാണു മാര്‍ച്ചുനടത്തിയത്. വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേന്ദ്രസര്‍ക്കാര്‍ അവഹേളിച്ചിരുന്നു. ഇതിനു തൊട്ടുപുറകെയാണ് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടന ഫലകത്തില്‍നിന്ന് സംസ്ഥാന മുഖ്യമന്ത്രിയുടെ പേരുവീണ്ടും ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അവഹേളിച്ചതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. വിമാനത്താവളത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ശേഷം പ്രതീകാത്മക ശിലാഫലകം സ്ഥാപിച്ച് യുവജനങ്ങള്‍ പ്രതിഷേധ ധര്‍ണനടത്തി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്തു.

    ReplyDelete
  3. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനത്തിന് ജനപ്രതിനിധികള്‍ക്ക് ക്ഷണക്കത്തുപോലും നല്‍കാതിരുന്നതില്‍ പ്രതിഷേധമുണ്ടെന്ന് വി ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തരംതാണ രാഷ്ട്രീയക്കളിക്കാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഔദ്യോഗിക പരിപാടികളിലെല്ലാം പ്രതിപക്ഷനേതാവിനെയോ പ്രതിപക്ഷ ഉപനേതാവിനെയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളെയോ ക്ഷണിക്കാറുണ്ട്. വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് പോലും എംഎല്‍എമാര്‍ക്ക് നല്‍കിയില്ല. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete