Monday, February 14, 2011

കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തു; കൈക്കൂലിക്കേസ് വിജിലന്‍സിന്

ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തു. തിരുവനന്തപുരത്ത് വെള്ളി, ശനി ദിവസങ്ങളില്‍ അതീവ രഹസ്യമായായിരുന്നു ചോദ്യംചെയ്യല്‍. പ്രത്യേക അന്വേഷണസംഘത്തലവന്‍ വിന്‍സന്‍ എം പോള്‍ നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തത്. വ്യാഴാഴ്ച വൈകിട്ട് തലസ്ഥാനത്ത് എത്തിയ കുഞ്ഞാലിക്കുട്ടി രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിട്ടത്. അതേസമയം, തന്റെ ബന്ധുകൂടിയായ കെ എ റൌഫ് ബ്ളാക്ക്മെയില്‍ ചെയ്തതിന്റെയും തനിക്കെതിരെ നടത്തിയ വധശ്രമത്തിന്റെയും തെളിവുകള്‍ കൈമാറാന്‍ എത്തിയതാണെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.

ഐസ്ക്രീം കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ കെ എ റൌഫിനെ അന്വേഷണസംഘം നാലുതവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം സുപ്രീംകോടതിയില്‍നിന്ന് കേസ് ഡയറിയുടെ പകര്‍പ്പ് വാങ്ങി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തത്. പ്രത്യേക ദൂതന്‍വശം നോട്ടീസ് കൊടുത്തയച്ചാണ് കുഞ്ഞാലിക്കുട്ടിയെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്.
അതിനിടെ, കേസ് അട്ടിമറിക്കാന്‍ രണ്ട് ന്യായാധിപര്‍ക്ക് കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ചെയ്യാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ കെ പി സോമരാജന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആരോപണവിധേയരായവര്‍ക്കെതിരെ അഴിമതിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാനാണ് ഉത്തരവ്. കേസില്‍ ജസ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി, അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരായ പി സി ഐപ്പ്, കെ സി പീറ്റര്‍ എന്നിവര്‍ക്കെതിരെ ഉടന്‍ വിജിലന്‍സ് അന്വേഷണം തുടങ്ങും. കേസന്വേഷണം സംബന്ധിച്ച് സുപ്രധാനനടപടികള്‍ ഈയാഴ്ച അവസാനത്തോടെയുണ്ടാകുമെന്ന് സൂചനയുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ആക്ഷേപം നേരിടുന്ന ചിലരെക്കൂടി ഈയാഴ്ച അന്വേഷകസംഘം ചോദ്യംചെയ്തേക്കും.

ദേശാഭിമാനി 140211

3 comments:

  1. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തു. തിരുവനന്തപുരത്ത് വെള്ളി, ശനി ദിവസങ്ങളില്‍ അതീവ രഹസ്യമായായിരുന്നു ചോദ്യംചെയ്യല്‍. പ്രത്യേക അന്വേഷണസംഘത്തലവന്‍ വിന്‍സന്‍ എം പോള്‍ നേരിട്ടാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്തത്. വ്യാഴാഴ്ച വൈകിട്ട് തലസ്ഥാനത്ത് എത്തിയ കുഞ്ഞാലിക്കുട്ടി രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിട്ടത്. അതേസമയം, തന്റെ ബന്ധുകൂടിയായ കെ എ റൌഫ് ബ്ളാക്ക്മെയില്‍ ചെയ്തതിന്റെയും തനിക്കെതിരെ നടത്തിയ വധശ്രമത്തിന്റെയും തെളിവുകള്‍ കൈമാറാന്‍ എത്തിയതാണെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.

    ReplyDelete
  2. കോഴിക്കോട്: മുസ്ളിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ് തങ്ങളെ ബ്ളാക്ക്മെയില്‍ ചെയ്തിരുന്നതായി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായിരുന്ന കെ എ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എന്നാല്‍ അത് എന്താണെന്ന് വിശദീകരിക്കാന്‍ റൌഫ് തയാറായില്ല. ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് റൌഫ് പറഞ്ഞു.

    ReplyDelete
  3. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ കെ എ റൗഫിന്റെ ഫാക്ടറിക്കുനേരെ ആക്രമണം. മലപ്പുറത്തുള്ള ഫാക്ടറിയിലാണ് ആക്രമണമുണ്ടായത്.(janayugom news)

    ReplyDelete