റോഡ്, ക്ഷേമം
റോഡുവികസനത്തിന് 40,000 കോടി രൂപയുടെ സമഗ്ര പദ്ധതി, സാമൂഹ്യസുരക്ഷയ്ക്കും അടിസ്ഥാന സൌകര്യവികസനത്തിനും പ്രത്യേക ഊന്നല്‍-ഇതാണ് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്റെ സവിശേഷതകള്‍. സാമ്പത്തികരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ സമാനതകളില്ലാത്ത വളര്‍ച്ച അഭിമാനത്തോടെ വരച്ചുകാട്ടിയ ധനമന്ത്രി, ഇന്ത്യയില്‍ ഏറ്റവും വേഗം വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
കിലോക്ക് രണ്ടുരൂപയ്ക്ക് നല്കുന്ന അരി 40 ലക്ഷം കുടുംബത്തിലേക്ക് വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചാണ് വിലക്കയറ്റം തടയുന്നതിനുള്ള പ്രതിരോധ പരിപാടികള്‍ അദ്ദേഹം വിവരിച്ചത്. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 20 രൂപ സബ്സിഡി നല്‍കും. ചികിത്സ, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതി ബജറ്റിലുണ്ട്. 38,547 കോടി രൂപ റവന്യൂ വരവും 44,566 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്നതാണ് 2011-12ലെ ബജറ്റ്. വര്‍ഷാവസാനം പ്രതീക്ഷിക്കുന്ന കമ്മി 730 കോടി രൂപ. 2010-11ലെ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 946 കോടി രൂപ റവന്യൂ വരുമാനം കൂടുതല്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി റവന്യൂ കമ്മി ആഭ്യന്തര വരുമാനത്തിന്റെ 1.48 ശതമാനത്തില്‍ നിന്ന് 1.41 ശതമാനമായി കുറയും. പുതുക്കിയ കണക്കുപ്രകാരം ധനകമ്മി 3.49 ശതമാനത്തില്‍ നിന്ന് 2.89 ശതമാനമായി കുറയും.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരുദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവന്നില്ല. ഒരുദിവസം പോലും റിസര്‍വ് ബാങ്കില്‍ നിന്ന് കൈ വായ്പ (വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്) വാങ്ങേണ്ടിവന്നില്ല. മൂന്നു പതിറ്റാണ്ടിനിടെ കേരളത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാനകാരണം സ്വന്തം വരുമാനത്തിലുണ്ടായ ഗണ്യമായ വര്‍ധനയാണ്. നികുതിവരുമാനം 2005-06ല്‍ 7,000 കോടി രൂപയായിരുന്നെങ്കില്‍2010-11ല്‍ അത് 16,000 കോടിയായി ഉയര്‍ന്നെന്ന് ഐസക് വിശദീകരിച്ചു.
അടിസ്ഥാന സൌകര്യ വികസനത്തിന് വന്‍ പദ്ധതി
അടിസ്ഥാനസൌകര്യ വികസനം വര്‍ധിപ്പിക്കുന്നതിനായി റോഡ്, വ്യോമ, ജലഗതാഗത മേഖലകളില്‍ ബജറ്റില്‍ കനത്ത വകയിരുത്തല്‍. ദേശീയപാതാ വികസനത്തിന് 25 കോടി, വിഴിഞ്ഞത്ത് അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന് 150 കോടി, തങ്കശേരി തുറമുഖത്തിന് 18 കോടി, തീരദേശ ഗതാഗതത്തിന് കപ്പല്‍ വാങ്ങുന്നതിന് രണ്ടു കോടി, കോഴിക്കോട് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25 കോടി, കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുബന്ധ സൌകര്യമൊരുക്കുന്നതിന് 10 കോടി, തെക്കുവടക്ക് അതിവേഗ റെയില്‍പ്പാതയ്ക്കുള്ള വിശദമായ സാധ്യതാപഠനത്തിന് 20 കോടി, ജലഗതാഗതത്തിന് 94 കോടി എന്നിങ്ങനെയാണ് ബജറ്റിലെ വകയിരുത്തല്‍.
ദേശീയപാത 47, 17 എന്നിവ നാലുവരിയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ വ്യാപാരികളുടെ പുനരധിവാസത്തിനായി 25 കോടി നീക്കിവച്ചു. രണ്ടുഘട്ടമായി പൂര്‍ത്തിയാക്കുന്ന വിഴിഞ്ഞം അന്തര്‍ദേശീയ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന് 2500 കോടി ചെലവു വരും. ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ഇതിലേക്ക് 150 കോടി വകയിരുത്തിയത്. ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതോടെ രണ്ടാംഘട്ടം കൂടുതല്‍ ആകര്‍ഷകമാകും. മത്സരാടിസ്ഥാനത്തില്‍ അനുയോജ്യ പങ്കാളിയെ ഉറപ്പാക്കാനും കഴിയും. ചെറുകിട തുറമുഖങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തങ്കശേരി തുറമുഖത്തിന് പോര്‍ട്ടിന് 18 കോടി രൂപ വകയിരുത്തിയത്. നേരത്തെ തങ്കശേരി വികസനത്തിന് 160 കോടി നീക്കിവച്ചിരുന്നു. അഴീക്കല്‍ പോര്‍ട്ടിന് 3000 കോടി രൂപയുടെ സംയുക്ത വികസന പരിപാടിക്ക് ഗുജറാത്തിലെ മുദ്ര പോര്‍ട്ട്സുമായി ധാരണയിലെത്തി. 177 കോടി ചെലവഴിക്കുന്ന ആലപ്പുഴ മറീന കം കാര്‍ഗോ, ബേപ്പൂര്‍ തുറമുഖങ്ങളുടെയും 763 കോടി ചെലവഴിക്കുന്ന പൊന്നാനി തുറമുഖത്തിന്റെയും ടെന്‍ഡര്‍ ആരംഭിച്ചു.
കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുക്കാനുളള നടപടി ദ്രുതഗതിയില്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇതിനായി 25 കോടി വകയിരുത്തുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനുളള ഭൂമി ഏറ്റെടുത്ത് കമ്പനി രൂപീകരിച്ച് ഓഹരി സമാഹരണം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷത്തിനുളളില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകും. ഇതിന്റെ അനുബന്ധ പ്രവര്‍ത്തനത്തിനാണ് ബജറ്റില്‍ 10 കോടി വകയിരുത്തുന്നത്. ദില്ലി മെട്രോയാണ് തെക്കുവടക്ക് അതിവേഗ റെയില്പ്പാതയ്ക്കുളള സാധ്യതാപഠനം നടത്തുന്നത്. ഇതിനായി 20 കോടി അവര്‍ക്കു കൈമാറി. ഇതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് 20 കോടി വകയിരുത്തുന്നത്. ദേശീയ ജലപാതകളുടെ വികസനത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനുമായി 94 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. കടല്‍ഭിത്തി നിര്‍മാണത്തിനുള്ള തുകയും ഇതിലുള്‍പ്പെടും.
ഉന്നതവിദ്യാഭ്യാസം 2296 കോടിയുടെ പദ്ധതിയിതര ഗ്രാന്റ്
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കുന്ന പദ്ധതിയിതര ഗ്രാന്റ് 2296.54 കോടിരൂപ ഉയര്‍ത്തി. 1573.76 കോടിരൂപയാണ് ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് അനുവദിച്ച പദ്ധതിയിതര ഗ്രാന്റ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണ കാലത്ത് ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് അനുവദിച്ചത് വെറും 80 കോടി മാത്രമായിരുന്നു. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ സൌകര്യങ്ങള്‍ വിപുലപ്പെടുത്തേണ്ടത്.
എന്നാല്‍, 2001-06 കാലയളവ് വലിയ തിരിച്ചടിയുടെ കാലമായിരുന്നു. സാധാരണഗതിയില്‍ എല്ലാ വകുപ്പുകളുടെയും ഗ്രാന്റുകള്‍ വര്‍ഷം തോറും പത്തുശതമാനംവീതം വര്‍ദ്ധിക്കുകയാണ് പതിവ്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പദ്ധതിയിതര ഗ്രാന്റ് 2001-02ല്‍ 710.28 കോടിരൂപ ആയിരുന്നത് 2005-06ല്‍ 790.34 കോടി മാത്രമായിരുന്നു. ഇതിന്റെ ഫലമായി അത്യാവശ്യം ഒഴിവുകള്‍ പോലും നികത്താനാവാത്ത നില സര്വകലാശാലകള്ക്കുവന്നു ചേര്‍ന്നു.
എന്നാല്‍, ഈ സ്ഥിതി വിശേഷം ഇന്ന് പാടേ മാറി. 2005-06ല്‍ എല്ലാ സര്‍വകലാശാലകള്‍ക്കുമായി പദ്ധതിയില്‍ വകയിരുത്തിയിരുന്നത് 51.23 കോടിരൂപയായിരുന്നു. 2010-11ല്‍ ഇത് 129.08 കോടിരൂപയായി. ഇപ്പോഴിത് 144.75 കോടിരൂപയായി ഉയര്‍ത്തി. കേരള, എംജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 15 കോടിരൂപ വീതവും സംസ്കൃത സര്‍വകലാശാലയ്ക്ക് 10 കോടിരൂപയും വകയിരുത്തി. പുതുതായി ആരംഭിച്ച വെറ്റിനറി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, ആരോഗ്യസര്‍വകലാശാല 30 കോടിരൂപ വകയിരുത്തി. കാര്‍ഷിക സര്‍വകലാശാലയുടെ പദ്ധതിവിഹിതമായി 45 കോടിയും കൊച്ചി സര്‍വകലാശാലയ്ക്ക് 12 കോടിരൂപയും വകയിരുത്തി. 50 സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ഓരോ പുതിയ കോഴ്സുകള്‍ ആരംഭിക്കും. സര്വകലാശാലാത്തലത്തില് മലയാള ഭാഷാപഠനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടിരൂപ വകയിരുത്തും. കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഒരു ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ ഈ തുക വിനിയോഗിക്കും. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റഡീസിനും നാലു ലോ കോളേജുകള്‍ക്കും 6 കോടിരൂപ വകയിരുത്തി.
കെസിഎച്ച്ആറിന് മൂന്നു കോടിരൂപയും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകള്‍ക്ക് രണ്ടു കോടിരൂപയും ഹയര്‍ എഡ്യൂക്കേഷന്‍ സെന്ററിന് അഞ്ചു കോടിരൂപയും വകയിരുത്തി. റീജണല്‍ കാന്‍സര്‍ സെന്ററിന് 25 കോടിരൂപ അനുവദിച്ചു. ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തും. ഇതിനായി ഓരോ സ്ഥാപനത്തിനും സ്വതന്ത്ര പെന്ഷന് ഫണ്ട് രൂപീകരിക്കും. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് ക്യാമ്പസിനോടു ബന്ധപ്പെട്ട് സയന്‍സ് ആന്‍ഡ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കും.
പട്ടികവിഭാഗ ക്ഷേമത്തിന് 897.80 കോടി
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനായി 897.80 കോടി ബജറ്റില്‍ വകയിരുത്തി. പട്ടികജാതി ഘടക പദ്ധതിയില്‍ 647.42 കോടിയും പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 250.38 കോടിയുമാണ് അനുവദിച്ചത്. പട്ടികജാതി ഘടകപദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 433 കോടിയാണ് ബാക്കിയുള്ളത്. ഇതില്‍ 125 കോടി പാര്‍പ്പിടത്തിനും 80 കോടി പൊന്നുംവിലയ്ക്കു ഭൂമി വാങ്ങി നല്‍കുന്നതിനും വകയിരുത്തി. മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും ഈ വര്‍ഷത്തോടെ വീട് ഉറപ്പുവരുത്തും. വിദ്യാഭ്യാസത്തിന്് 48 കോടി നീക്കിവച്ചു. കുഴല്‍മന്ദം, ചേലക്കര, മഞ്ചേശ്വരം, പെരിങ്ങോം എന്നിവിടങ്ങളില്‍ പുതിയ മോഡല്‍ സ്കൂള്‍ ആരംഭിക്കും. ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ പ്ളസ് ടു ബാച്ച് ആരംഭിക്കും. നന്ദാവനത്ത് പുതിയ വര്‍ക്കിങ് വിമെന്‍സ് ഹോസ്റല്‍ പണിയും.
പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 167 കോടിയാണ് പട്ടികവര്‍ഗ വകുപ്പ് നേരിട്ടു ചെലവഴിക്കുന്നത്. 35 കോടി പാര്‍പ്പിടത്തിനും ഭൂരഹിതരുടെ പുനരധിവാസത്തിനും വകയിരുത്തി. 37 കോടി വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ്. ഭൂരഹിതര്‍ക്ക് വയനാട്ടില്‍ പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുത്തുകൊടുക്കുന്ന പദ്ധതി തുടരും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മെസ് ചാര്‍ജ് ഒഴികെയുളള അലവന്‍സുകള്‍ വര്‍ധിപ്പിക്കും. എല്ലാ ക്ളാസുകളിലെയും കുട്ടികള്‍ക്കുള്ള യൂണിഫോം അലവന്‍സ് പ്രതിവര്‍ഷം 3000 രൂപയാക്കി. ബുക്കും സ്റേഷനറികളും വാങ്ങാനുള്ള അലവന്‍സ് 60 ശതമാനവും മറ്റ് അലവന്‍സുകള്‍ 50 ശതമാനവും വര്‍ധിപ്പിച്ചു. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നതിന് മാസം 1500 രൂപ വീതം അനുവദിക്കും. കായിക ഉപകരണം വാങ്ങാനുളള ധനസഹായം വര്‍ഷം 10,000 രൂപയാക്കി.
എസ്സി എസ്ടി പ്രൊമോട്ടര്‍മാരുടെ അലവന്‍സ് 2500 രൂപയില്‍നിന്ന് 4000 ആയും റെസിഡന്റ് ട്യൂട്ടര്മാരുടേത് 3000 രൂപയില്‍നിന്ന് 4500 ആയും ഉയര്‍ത്തി. വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ ഗ്രീന്‍ ആര്‍മിയുടെ മാതൃകയില്‍ എല്ലാ ജില്ലയിലും അംബേദ്കര്‍ ഗ്രീന്‍ ആര്‍മി രൂപീകരിക്കും. 70 ശതമാനം പേര് പട്ടികവിഭാഗക്കാരായിരിക്കും. കാര്‍ഷിക യന്ത്രസാമഗ്രി വാങ്ങാനും യൂണിഫോമിനും മറ്റുമായി സംയോജിത നിധിയില്‍നിന്ന് 28 കോടി അനുവദിച്ചു.
ആരോഗ്യമേഖലയ്ക്ക് 252 കോടി
സ്റ്റേറ്റ് ലബോറട്ടറികളിലെയും ജില്ലാ താലൂക്ക് ആശുപത്രികളിലെയും ഡയഗ്നോസ്റിക് സൌകര്യം വര്‍ധിപ്പിക്കുന്നതിന് 18 കോടി രൂപയും പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ പദവി ഉയര്‍ത്തുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 48 കോടി രൂപയും നല്‍കും. ആരോഗ്യമേഖലയ്ക്ക് ആകെ 252 കോടി രൂപ വകയിരുത്തി. ദേശീയ ആരോഗ്യമിഷനില്നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 508 കോടി രൂപയ്ക്ക് പുറമെയാണിത്. അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്കും കണ്ണാശുപത്രിക്കും ഫാര്‍മസ്യൂട്ടിക്കല്‍ കോളേജിനുമായി 52 കോടിയും ദന്തല്‍ കോളേജുകള്‍ക്ക് 3.9 കോടിയും നേഴ്സിങ് കോളേജുകള്‍ക്ക് 6.7 കോടിയും വകയിരുത്തി. റീജണല്‍ ക്യാന്‍സര്‍ സെന്ററിന്് 25 കോടിയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പ്രത്യേക ധനസഹായമായി 12 കോടിയും അനുവദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയോനേറ്റോളജി ഇന്റന്‍സീവ് കെയര്‍ യൂണിറ്റും പുതിയ മോര്‍ച്ചറിയും സ്ഥാപിക്കും. കോഴിക്കോട്, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതിയ എംആര്‍ഐ സ്കാനറുകളും സ്ഥാപിക്കും. ഡയബെറ്റിക് ഇന്‍സ്റിറ്റ്യൂട്ടിനെ വയോജന പഠനകേന്ദ്രമായി വികസിപ്പിക്കുന്നതിന് 6 കോടി രൂപ വകയിരുത്തി.
മെഡിക്കല്‍ കോളേജുകളില്‍ റെസിഡന്റ്സിന്റെ പ്രതിമാസ സ്റൈപെന്ഡ്് 2011 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യത്തോടെ വര്‍ധിപ്പിക്കും. ജൂനിയര്‍ റെസിഡന്റ്സിന്റെ സ്റൈപെന്‍ഡ് ഒന്നാംവര്‍ഷം 23,000 രൂപയായും രണ്ടാംവര്‍ഷം 24,000 രൂപയായും മൂന്നാംവര്‍ഷം 25,000 രൂപയായും ഉയര്‍ത്തി. സീനിയര്‍ റെസിഡന്റ്സിന്റേത് ഒന്നാംവര്‍ഷം 28,000 രൂപയായും രണ്ടാംവര്‍ഷം 29,000 രൂപയായും മൂന്നാംവര്‍ഷം 30,000 രൂപയായും വര്‍ധിപ്പിച്ചു. ദന്തല്‍, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളിലെ റെസിഡന്റ്സിനും ഇതനുസരിച്ചുളള വര്‍ധന വരുത്തും. ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ് വൈഫറി വിദ്യാര്‍ഥികള്‍ക്കുളള പ്രതിമാസ സ്റൈപെന്‍ഡ് 300 രൂപയില്‍നിന്ന് 700 രൂപയാക്കി .
ആയുര്‍വേദത്തിന് 27 കോടിയും ഹോമിയോപ്പതിക്ക് 25 കോടി യും വകയിരുത്തി. ജില്ലാ താലൂക്ക് ആയുര്‍വേദ ആശുപത്രികളില്‍ വയോജനങ്ങള്‍ക്കായുളള പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 50ല്‍ നിന്ന് 100 ആയി ഉയര്‍ത്തും. ഔഷധിക്ക് 4 കോടി രൂപ വകയിരുത്തി. ഹോംകോയ്ക്ക് 4 കോടി അനുവദിച്ചു. വിശപ്പില്ലാ നഗര പദ്ധതിക്ക് 2 കോടി വകയിരുത്തി.
വനിതാക്ഷേമത്തിന് 770 കോടി
സ്ത്രീകള്‍ക്കായുളള പ്രത്യേക ക്ഷേമപദ്ധതികള്‍ക്ക് 770 കോടി വകയിരുത്തി. പദ്ധതി അടങ്കലിന്റെ 9.4 ശതമാനമാണിത്. അതേസമയം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതി ഇതില്‍ ഉള്‍പ്പെടുന്നില്ല. 200 ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ബോട്ട് ജെട്ടി, ബസ് സ്റാന്‍ഡ്, പൊതു കെട്ടിടം, കമ്പോളം എന്നിവിടങ്ങളില്‍ മൂത്രപ്പുര നിര്‍മിക്കുന്നതിന് 17.5 കോടി വകയിരുത്തി. പൊലീസ് സേനയില്‍ ജെന്‍ഡര്‍ അവബോധം വളര്‍ത്തുന്നതിനും പൊലീസ് സ്റേഷന് സ്ത്രീ സൌഹൃദമാക്കുന്നതിനും നാലു കോടി നീക്കിവച്ചു. വനിതാ ഹോസ്റല്‍, വര്‍ക്കിങ് വിമന്‍സ് ഹോസ്റല്‍ എന്നിവയ്ക്ക് 17.5 കോടിരൂപ വകയിരുത്തി. വനിതാ പോളിടെക്നിക്ക്, നേഴ്സിങ് കോളേജ് എന്നിവയ്ക്ക് 18 കോടി വകയിരുത്തും. വനിതാ ഐടിഐകള്‍ക്ക് ഏഴു കോടി വകയിരുത്തി. ഫിനിഷിങ് സ്കൂളിന് 1.9 കോടി അനുവദിച്ചു.
വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ സഞ്ചാരത്തിന് ബസ് വാങ്ങാന്‍ 6 കോടി വിനിയോഗിക്കും. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സ്വയം തൊഴിലിനുവേണ്ടി 1.5 കോടിയും പീഡിതരുടെ ധനസഹായത്തിന് ഒരുകോടിയും വകയിരുത്തി. അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിന് ഒരുകോടി വകയിരുത്തി. ധനസഹായം 400 രൂപയായി ഉയര്‍ത്തി. എല്ലാ സമുദായങ്ങളിലുളളവര്ക്കും സഹായം ലഭ്യമാക്കും. 50 വയസ്സിനുമുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍പദ്ധതി പ്രായപരിധി 40 വയസ്സാക്കി. തുക 400 രൂപയാക്കി. ബോധവല്‍ക്കരണം, കൌണ്‍സിലിങ് തുടങ്ങിയവയ്ക്കായി 6.5 കോടി നീക്കിവച്ചു. തുറമുഖങ്ങളിലും മറ്റും മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് രാത്രി താമസത്തിനുളള സൌകര്യമൊരുക്കാന്‍ ഒരുകോടിരൂപ വകയിരുത്തി. കോഴിക്കോട് 10 കോടി അടങ്കലില്‍ 'തന്റേടം' ജെന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കും. സാംസ്കാരിക സേവനമേഖലകളിലെ സ്ത്രീ സംരംഭകര്‍ക്കുളള കെട്ടിടസൌകര്യം, സര്‍വകലാശാലാ വനിതാപഠനകേന്ദ്രം, വിപുലമായ ലൈബ്രറി, സാംസ്കാരിക സമുച്ചയം, ഗസ്റ് ഹൌസ് തുടങ്ങിയവ അടങ്ങുന്നതായിരിക്കും പാര്‍ക്ക്.
പൊതുമേഖലയില്‍ 5 പുതിയ വ്യവസായം കൂടി
സംസ്ഥാനത്ത് ഒരുവര്‍ഷത്തിനുളളില്‍ അഞ്ചു പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കും. ഇവയ്ക്കും മറ്റു പൊതുമേഖലാസ്ഥാപനങ്ങള്ക്കുമായി 65 കോടിരൂപയാണ് ബജറ്റിലെ വകയിരുത്തല്‍. ബാക്കി ആവശ്യമായ പണം മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭത്തില്‍നിന്ന് വായ്പയായും കണ്ടെത്തും. മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍ 15 കോടി മുടക്കി നെയ്ത്തുശാല, 20 കോടി മുടക്കി തൃശൂരിലെ സീതാറാം ടെക്സ്റൈല്‍സ് മില്ലിന്റെ ആധുനീകരണം എന്നിവയോടൊപ്പം കെല്‍ട്രോ നവീകരണത്തിന് 50 കോടിയും വകയിരുത്തുന്നുണ്ട്. കെല്ലില്‍ 20 കോടിമുതല്‍മുടക്കില്‍ മാനുഫാക്ചറിങ് പവര്‍ ട്രാന്‍സ്ഫോമറുകള്‍ ഉല്പാദിപ്പിക്കാനുളള പുതിയ പ്രൊഡക്ട് ലൈന്‍ സ്ഥാപിക്കും. കേരള സ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ജിഎംപി നിലവാരം പുലര്‍ത്തുന്ന 10 കോടിരൂപയുടെ പുതിയ ബീറ്റാലാക്ടം ഫാക്ടറി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ ബജറ്റ് പാസാകുന്നതിനുമുമ്പ് 33 കോടിരൂപയുടെ നോ ബീറ്റാലാക്ടം ഫാക്ടറിയ്ക്ക് തറക്കല്ലിടും.
ആലപ്പുഴയിലെ ദേശസാല്‍ക്കരിച്ച കേരള സ്പിന്നേഴ്സില്‍ 36 കോടിമുതല്‍മുടക്കില്‍ സ്ഥാപിച്ച പുതിയ സ്പിന്നിങ് ആന്‍ഡ് വീവിങ് 15 ന് ഉദ്ഘാടനംചെയ്യും. ഈ ഫാക്ടറി വളപ്പില്‍ 30 കോടി ചെലവഴിച്ച് ഹോസിയറി നിര്‍മാണ ഫാക്ടറി ആരംഭിക്കും. പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോസ്, കുറയിലെ അലിന്‍ഡ്, കോഴിക്കോട് കോംട്രസ്റ് (ടെക്സ്റൈല്‍സ്) എന്നിവ ദേശസാല്ക്കരിക്കാന് നിയമനിര്‍മാണത്തിന് രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുവാദത്തിന് അയച്ചിരിക്കുകയാണ്. പെരുമ്പാവൂരില്‍ നൂതന വൈജ്ഞാനികവ്യവസായങ്ങളുടെ ഒരുഹബ്ബും കുറയില് അത്യാധുനിക ഇലക്ട്രിക്കല്‍ വ്യവസായവും ആരംഭിക്കും. കോംട്രസ്റിന്റെ ടെക്സ്റൈല്‍ ഡിവിഷന് ആധുനികവല്‍ക്കരിക്കുന്നതോടൊപ്പം ആസ്ഥാനമന്ദിരം പൈതൃക മന്ദിരമായി സംരക്ഷിക്കും.
തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്ക്കിന് അഞ്ചു കോടി, കൊച്ചിയിലെ ഇലക്ട്രോണിക് ഹാര്ഡ്വെയര് പാര്ക്കിന് ഒമ്പതു കോടി, കൊച്ചി കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന് അഞ്ചുകോടി, കണ്ണൂരിലെ ഐജിസിയ്ക്ക് ആറു കോടി, കുറ്റ്യാടിയിലെ കോക്കനട്ട് ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് അഞ്ചുകോടി, കൊടുങ്ങല്ലൂരിലെ ഓര്‍ഗാനിക് ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് മൂന്ന് കോടിയുമാണ് ബജറ്റിലെ വകയിരുത്തല്‍. നാദാപുരത്ത് പുതുതായി ആരോഗ്യവ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ 3 കോടിയും ബജറ്റിലുണ്ട്. കുറ്റിപ്പുറത്തും കൊല്ലം പിറവന്തൂറും പുതിയ കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് 11 കോടി, അപ്പാരല്‍ പാര്ക്കിന് അഞ്ചു കോടി, കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിക്ക് 17 കോടി, ഫിലിം ആന്‍ഡ് വീഡിയോ പാര്ക്കിന് മൂന്ന് കോടി, അടൂര്‍ ഭക്ഷ്യപാര്‍ക്കിന് രണ്ടു കോടി, കൊച്ചി ബയോടെക്നോളജി പാര്‍ക്കിനു രണ്ടു കോടി, കിന്ഫ്രാപാര്ക്കുകള്ക്കു വേണ്ടി മൊത്തം 67 കോടി എന്നിങ്ങനെയും ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്.
നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
നെല്ലിന്റെ സംഭരണവില 14 രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് ഏഴ് രൂപയായിരുന്നു. അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാക്കി. നിലവില്‍ 13 രൂപയാണ് സംഭരണവില. കുട്ടനാട് പാടശേഖരങ്ങളിലെ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി വകയിരുത്തി. നീര്‍ത്തട വികസനത്തിന് 33 കോടിയും ജലാശയങ്ങളുടെയും കുളങ്ങളുടെയും പുനരുദ്ധാരണത്തിന് 34 കോടിയും നീക്കിവച്ചു. നെല്‍കൃഷി വികസനത്തിന് 29 കോടിയും നീക്കിവച്ചു. ഇതിനു പുറമെ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ 225 കോടി അടങ്കലില്‍ ഗണ്യമായ പങ്കും നെല്‍കൃഷിക്ക് വിനിയോഗിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. മൃഗസംരക്ഷണത്തിന്റെ അടങ്കല്‍ 118 കോടിയില്‍നിന്ന് 150 കോടി രൂപയായി ഉയര്‍ത്തും. നാളികേര കൃഷിക്ക് 30 കോടി രൂപ വകയിരുത്തി. പുരയിടക്കൃഷി വികസനത്തിനായുളള പദ്ധതികള്‍ക്കു പുറമെയാണിത്. പച്ചക്കറിക്കൃഷി വികസനത്തിന് 6.6 കോടി രൂപയും വയനാട്ടിലെ കുരുമുളകു കൃഷിയുടെ പുനരധിവാസത്തിന് 6.5 കോടി രൂപയുംവകയിരുത്തി.
ജനിക്കുന്ന ഓരോ കുഞ്ഞിനും 10000
കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റെ പേരിലും 10,000 രൂപയുടെ സ്ഥിരനിക്ഷേപം എന്‍ഡോവ്മെന്റ് സര്‍ക്കാര്‍ നല്‍കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. കുട്ടി പ്ളസ് ടു പൂര്‍ത്തിയാക്കുമ്പോള്‍ ബാങ്കുവായ്പാ പദ്ധതികളുമായി ബന്ധപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിനോ സ്വയംതൊഴിലിനോ വിദഗ്ധ പരിശീലനത്തിനോ പലിശയടക്കമുള്ള ഈ തുക ലഭ്യമാക്കും. ബിപിഎല്‍ കുടുംബം അല്ലാത്തവര്‍ നിക്ഷേപത്തിന്റെ പകുതി സ്വയം വഹിക്കണം.
ദേശാഭിമാനി 110211
റോഡുവികസനത്തിന് 40,000 കോടി രൂപയുടെ സമഗ്ര പദ്ധതി, സാമൂഹ്യസുരക്ഷയ്ക്കും അടിസ്ഥാന സൌകര്യവികസനത്തിനും പ്രത്യേക ഊന്നല്‍-ഇതാണ് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്റെ സവിശേഷതകള്‍. സാമ്പത്തികരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ സമാനതകളില്ലാത്ത വളര്‍ച്ച അഭിമാനത്തോടെ വരച്ചുകാട്ടിയ ധനമന്ത്രി, ഇന്ത്യയില്‍ ഏറ്റവും വേഗം വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
ReplyDelete