Sunday, February 13, 2011

മാണിക്കും ഘടകകക്ഷികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി കെ.എസ്.യു

തൊടുപുഴ: മാണിക്കും ഘടകകക്ഷികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി കെ.എസ്.യു. കേരളാ കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരേപിച്ചതിന് പിന്നാലെയാണ് കെ.എസ്.യു ഒരു പടികൂടിക്കടന്ന് ജോസഫിനും കേരളാ കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. തൊടുപുഴ അസംബ്ളി സീറ്റില്‍ കണ്ണുവെച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ അറിവോടെയാണ് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ ജോസഫിനെതിരായ പടപ്പുറപ്പാട്. കെ.എസ്.യു ജില്ലാ പഠനക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ജോസഫിനെയും കേരളാ കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുള്ളത്. തൊടുപുഴയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗസും തമ്മില്‍ നിലനില്‍ക്കുന്ന വൈരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പ്രമേയത്തിലെ പരാമര്‍ശങ്ങള്‍.

യുഡിഎഫില്‍ അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് അപനിര്‍മിതിയാണെന്ന ആക്ഷേപമാണ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി അവതരിപ്പിച്ച പ്രമേയത്തിലുള്ളത്. മുന്നണി സംവിധാനത്തെ അംഗീകരിക്കുമ്പോള്‍തന്നെ അപനിര്‍മിതിയെ കെ.എസ്.യു ചോദ്യം ചെയ്യും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കോണ്‍ഗ്രസ് നേതാക്കളെയും യുഡിഎഫിനെയും പുറംകാല്‍കൊണ്ട് തട്ടിയെറിഞ്ഞ് ഇറങ്ങിപ്പോയ പി ജെ ജോസഫും കൂട്ടരും പിന്‍വാതിലിലൂടെ യുഡിഎഫില്‍ തിരിച്ചുകയറിയിരിക്കുകയാണ്. ജോസഫിന്റെ അഴിമതിയുടെയും അസാന്മാര്‍ഗികതയുടെയും ദുര്‍ഗന്ധം യുഡിഎഫിനെ ആകെ ദുഷിപ്പിച്ചിരിക്കുകയാണ്. കേരളംകണ്ട ഏറ്റവും വലിയ വിദ്യാഭ്യാസകച്ചവടമായ പ്ളസ്ടു അഴിമതി നടത്തുകയും സമരത്തിനിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും ചെയ്ത പി ജെ ജോസഫിന്റെ കൊടുംപാതകങ്ങള്‍ ആര് മറന്നാലും കെ.എസ്.യു മറക്കില്ല. കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തിന്റെ ആത്മാഭിമാനത്തില്‍ കാര്‍ക്കിച്ചുതുപ്പാന്‍ പി ജെ ജോസഫിനെയെന്നല്ല ആരെയും അനുവദിക്കുകയില്ല. എല്‍ഡിഎഫിന് വിടുപണിചെയ്ത് ഭരണത്തിലേറിയ ജോസഫ് ഇപ്പോര്‍ നടത്തുന്നത് രാഷ്ട്രിയ വ്യഭിചാരമാണ്. സ്വന്തം കസേര ഉറപ്പിക്കാന്‍ മാണി നടത്തിയ അവിശുദ്ധബാന്ധവം ജനാധിപത്യസമൂഹത്തിനുനേരെയുള്ള കൊടിയ വഞ്ചനയാണ്. പി ജെ ജോസഫിനെ മത്സരിപ്പിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന താക്കീതും നല്‍കുന്നുണ്ട്.

ജോലി ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നയിക്കാനും നായകരാകാനും ഘടകകക്ഷിനേതാക്കളും എന്ന സ്ഥിതി അംഗീകരിക്കാനാവുകയില്ല. കരയിലിരുന്ന് കപ്പലോടിക്കുന്ന രീതി ഘടകകക്ഷിനേതാക്കള്‍ നിര്‍ത്തണം. 'പക്ഷിയുടെ കണ്ണുകള്‍ മാത്രമല്ല മരവും മരക്കൊമ്പും മരക്കൊമ്പിലെ ഇലകളും ഇലകളിലെ ഞരമ്പുകള്‍ വരെയും ഞങ്ങള്‍ കാണുന്നു. തൊടുക്കുന്ന അമ്പുകള്‍ എവിടെയാണ് തറയ്ക്കേണ്ടതെന്നും ഞങ്ങള്‍ക്കറിയാം' എന്ന പരാമര്‍ശത്തോടെയാണ് പ്രമേയം അവസാനിക്കുന്നത്. പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചവര്‍ കേരളാ കോണ്‍ഗ്രസിനെതിരെ മാത്രമല്ല കുഞ്ഞാലിക്കുട്ടിക്കെതിരെയും ഒളിയമ്പുകളെയ്തു. ഇരട്ടയാറില്‍നിന്നുള്ള പ്രതിനിധി ഷെല്ലി മാത്യു ആരോപണിവിധേയരായവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നാവശ്യപ്പട്ടു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍ തെരഞ്ഞെടുപ്പില്‍ സംശുദ്ധരെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്നതാണ് നിലപാടെന്ന് പറഞ്ഞു. ഡിസിസി പ്രസിഡന്റ് റോയി കെ പീലോസ് പ്രസംഗിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു പ്രമേയാവതരണം നടന്നത്.
(പി ഐ സാബു)

യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി മാണിഗ്രൂപ്പിനെതിരെ കോണ്‍ഗ്രസിന്റെ പടയൊരുക്കം

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസിന്റെ പടയൊരുക്കം. സിപിഐ എമ്മുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാണിഗ്രൂപ്പിനെതിരെ തിരിഞ്ഞത്. കേരളാ കോണ്‍ഗ്രസ് നേതാക്കളെ ചതിയന്മാരെന്ന് വിശേഷിപ്പിച്ച യൂത്ത് നേതാക്കള്‍ ഇപ്പോഴും അവര്‍ സ്ഥാനങ്ങളില്‍ തുടരുന്നത് മാണിയും ജോസഫും അറിഞ്ഞാണെന്നും ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലിന്റെയും സ്ഥാനങ്ങള്‍ വീതംവെയ്ക്കുന്നതിന്റെയും ഭാഗമായി ഇടുക്കി ജില്ലയില്‍ പൊതുവിലും തൊടുപുഴ മേഖലയില്‍ പ്രത്യേകിച്ചും രണ്ട് പാര്‍ടികളും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആക്ഷേപവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ശക്തി തകര്‍ക്കുകയെന്ന ലക്ഷ്യമാണ് യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തിയുള്ള നീക്കത്തിനുപിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. തൊടുപുഴ സീറ്റിലടക്കം കണ്ണുള്ള ചില നേതാക്കളുടെ മുന്‍കൂട്ടിയുള്ള നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സീറ്റാണ് തൊടുപുഴയെന്ന് യൂത്ത് നേതാക്കളെക്കൊണ്ട് പറയിപ്പിച്ചതിനുപിന്നിലും ഈ നീക്കമാണുള്ളത്.

സ്ഥാനങ്ങള്‍ രാജിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേരളാ കോണ്‍ഗ്രസ് നിലപാട് യുഡിഎഫിനെ വീണ്ടും ചതിക്കുഴിയിലാക്കാനുദ്ദേശിച്ചുള്ളതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രിയനെറികേട് കാണിച്ച മാണിഗ്രൂപ്പ് അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇടവെട്ടി, ബൈസണ്‍വാലി, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ മാണിഗ്രൂപ്പ് ബിജെപിയുമായി പോലും ബന്ധമുണ്ടാക്കി. പി ജെ ജോസഫിന്റെ സ്വന്തം പഞ്ചായത്തായ പുറപ്പുഴയില്‍ മാണിഗ്രൂപ്പ് നടത്തിയ നീക്കം അവരുടെ ധാര്‍മികാധ:പതനമാണ് വ്യക്തമാക്കുന്നത്. മാണിഗ്രൂപ്പിന്റെ സംസ്ഥാനസെക്രട്ടറിയുടെ കുടുംബക്കാരനെ കോണ്‍ഗ്രസിനെതിരെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും അദ്ദേഹത്തെ ഉപയോഗിച്ച് പുറപ്പുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥനം പിടിച്ചെടുക്കുകയും ചെയ്തു. കേരളാ കോണ്‍ഗ്രസിന് വര്‍ക്കിങ് ചെയര്‍മാനും ഒരു ഡസന്‍ സെക്രട്ടറിമാരുമുള്ള ജില്ലയാണ് ഇടുക്കി. അവരുടെയെല്ലാം അറിവോടും സമ്മതത്തോടുമാണ് എല്ലാം നടക്കുന്നതെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ചോറ് ഇവിടെയും കൂറ് അവിടെയുമെന്നതാണ് മാണിഗ്രൂപ്പിന്റെ നിലപാട്. ഇത് മാറ്റുന്നില്ലെങ്കില്‍ യുഡിഎഫ് നേതൃയോഗങ്ങളിലോ പൊതുയോഗങ്ങളിലോ കേരളാ കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കുകയില്ല.

ഉമ്മന്‍ചാണ്ടിയുടെ ജാഥയുടെ സ്വീകരണത്തില്‍ നീളമുള്ള കമ്പില്‍ കെടിയും കെട്ടി മുന്‍നിരയില്‍ നിന്നവര്‍ സ്വീകരണത്തിന് ഒരിടത്തും 100 പേരെ പോലും പങ്കെടുപ്പിച്ചില്ലെന്ന് ജേക്കബ് ഗ്രൂപ്പിനെ പേരെടുത്ത് പറയാതെ യൂത്ത് നേതാക്കള്‍ വിമര്‍ശിച്ചു. തൊടുപുഴയില്‍ ജാഥാസ്വീകരണത്തില്‍ ഇത്തരത്തിലെത്തിയ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പുകാരെ ടി എം ജേക്കബ് വേദിയിലിരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്തത് വാര്‍ത്തയായിരുന്നു. മുന്നണിബന്ധത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസിനുവേണ്ടി ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും രക്തം വിയര്‍പ്പാക്കുകയില്ലെന്ന പ്രഖ്യാപനവും നേതാക്കള്‍ നടത്തി.

ദേശാഭിമാനി ഇടുക്കി ജില്ലാ വാര്‍ത്തകള്‍

6 comments:

  1. മാണിക്കും ഘടകകക്ഷികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി കെ.എസ്.യു. കേരളാ കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരേപിച്ചതിന് പിന്നാലെയാണ് കെ.എസ്.യു ഒരു പടികൂടിക്കടന്ന് ജോസഫിനും കേരളാ കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. തൊടുപുഴ അസംബ്ളി സീറ്റില്‍ കണ്ണുവെച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ അറിവോടെയാണ് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ ജോസഫിനെതിരായ പടപ്പുറപ്പാട്. കെ.എസ്.യു ജില്ലാ പഠനക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ജോസഫിനെയും കേരളാ കോണ്‍ഗ്രസിനെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുള്ളത്. തൊടുപുഴയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗസും തമ്മില്‍ നിലനില്‍ക്കുന്ന വൈരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പ്രമേയത്തിലെ പരാമര്‍ശങ്ങള്‍.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കുട്ടിക്കരിങ്കാലിപ്പടയ്ക്ക് ക്യാമ്പസില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി മുന്നണിയിലെ വല്ല്യേട്ടന്‍ തന്നെ ചെയ്ത്തിട്ടുണ്ടല്ലോ, അതാരിക്കും ഇത്ര വിഷമം. വല്ല്യേട്ടന്റെ നെഞ്ചത്ത് കേറാനറയ്ക്കും അവര്‍!

    ReplyDelete
  4. ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര അവസാനിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പ്രമുഖനേതാക്കളെല്ലാം ജയിലിലേക്കുള്ള യാത്ര തുടങ്ങിയെന്ന് കെ കെ ജയചന്ദ്രന്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്ണപിള്ള, ടി എം ജേക്കബ് എന്നിവര്‍ക്ക് പിന്നാലെ ടി എച്ച് മുസ്തഫയും കേരളമോചനത്തിന് പുറപ്പെട്ട ഉമ്മന്‍ചാണ്ടിയും അഴിമതിക്കേസില്‍ കുടുങ്ങുമെന്ന സ്ഥിതിയിലെത്തി. മലനാട് പ്ളാന്റേഷന്‍ എംപ്ളോയീസ് യൂണിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയചന്ദ്രന്‍. മുമ്പ് നാടുഭരിച്ച കോണ്‍ഗ്രസ് നേതാക്കളുടെ കപടമുഖമാണ് തുടര്‍ക്കഥകള്‍പോലെ പുറത്തുവരുന്നത്. തെളിവുസഹിതം പുറത്തുവന്ന നേതാക്കളുടെ അഴിമതിയെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. അഴിമതിയെ ന്യായീകരിച്ച് ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫിന്റെ കപടത ജനം തിരിച്ചറിയും. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമത്തിന് ഇടതുപക്ഷംതന്നെ അധികാരത്തില്‍ വരണമെന്നും കെ കെ ജയചന്ദ്രന്‍ പറഞ്ഞു.

    ReplyDelete
  5. കടുത്തുരുത്തി: പെണ്ണുപിടിയന്‍മാര്‍ക്കും കാലുമാറ്റക്കാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുനല്‍കരുതെന്ന് യൂത്ത്കോണ്‍ഗ്രസ് കെപിസിസി നേതൃത്വത്തോടാവശ്യപ്പെട്ടു. യൂത്ത്കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. എല്‍ഡിഎഫിനൊപ്പം നിന്നശേഷം പീഡനക്കേസില്‍ പ്രതിയായി എല്‍ഡിഎഫ് പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്‍വാതിലൂടെ യുഡിഎഫില്‍ എത്തിയ എംഎല്‍എക്കും കക്ഷിക്കും സീറ്റനുവദിക്കരുതെന്ന് യൂത്ത്കോണ്‍ഗ്രസ് ഇടുക്കി ജില്ലാകണ്‍വന്‍ഷന്‍ പാസാക്കിയ പ്രമേയത്തിനും നിയോജകമണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഇത്തരക്കാര്‍ക്ക് സീറ്റ് നല്‍കിയാല്‍ സഹിഷ്ണുതയുടെയും സഹനത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ യൂത്ത്കോണ്‍ഗ്രസ് തയ്യാറാകുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ പി ജെ ജോസഫിനെതിരെ പ്രമേയം പാസാക്കിയതിന്റെ ചുവട്പിടിച്ചാണ് യൂത്ത്കോണ്‍ഗ്രസ് നേതൃത്വം കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ രംഗത്തുവന്നത്.

    ഉമ്മന്‍ചാണ്ടി നയിച്ച ജാഥക്ക് കടുത്തുരുത്തിയില്‍ നല്‍കിയ സ്വീകരണം ഹൈജാക്ക് ചെയ്യാന്‍ മോന്‍സ് ശ്രമിച്ചത് കോണ്‍ഗ്രസിലും മറ്റ് ഘടകകക്ഷികളിലും എതിര്‍പ്പിനിടയാക്കിയിരുന്നു. ജാഥയുടെ പ്രചാരണബോര്‍ഡുകളില്‍നിന്നും രമേശ് ചെന്നിത്തലയുടെയും കെ എം മാണിയുടെയും ചിത്രങ്ങള്‍ ഒഴിവാക്കി എംഎല്‍എ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.ബേര്‍ഡുകളില്‍നിന്ന് മോന്‍സിന്റെ തല വെട്ടിമാറ്റിയാണ് കോണ്‍ഗ്രസ്പ്രവര്‍ത്തകരും മാണിവിഭാഗവും ഇതിനോട് പ്രതികരിച്ചത്. പി സി വിഷ്ണുനാഥ് എംഎല്‍എയുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോര്‍ഡ് വെച്ചപ്പോള്‍ എംഎല്‍എയുടെ ചിത്രം ഇല്ലെന്നുപറഞ്ഞ് പ്രതിഷേധിക്കാനൊരുങ്ങിയ മോന്‍സിനുനേരെ കൈയേറ്റശ്രമം ഉണ്ടായി.

    ReplyDelete
  6. യൂത്ത് കോണ്‍ഗ്രസ് ചുടുചോറ് വാരരുത്: യൂത്ത്ഫ്രണ്ട്

    നെടുങ്കണ്ടം: കേരള കോണ്‍ഗ്രസ് പാര്‍ടിയെയും നേതാക്കളെയും താറടിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംഘടനകളുടെ വിലകുറഞ്ഞ പ്രചാരണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നേതൃത്വം നിലപാട് വ്യക്തമാക്കണം. ലയനം മൂലം ശക്തിപ്രാപിച്ച കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ ഉണ്ടായ അസൂയയും അസഹിഷ്ണുതയുമാണ് ഇവരുടെ വിലകുറഞ്ഞ പ്രസ്താവനകളെന്ന് നേതാക്കള്‍ പറഞ്ഞു. ചൂടുചോറു വാരുന്ന ഈ കുട്ടിക്കുരങ്ങന്‍മാര്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്ന് ഓര്‍മിക്കണമെന്ന് യൂത്ത് പ്രഫണ്ട് ജില്ലാ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, സെക്രട്ടറി നൌഷാദ്, ആലുംമൂട്ടില്‍, ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റ് സിജോ നടയ്ക്കല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസിനെതിരെ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും പ്രമേയമടക്കം പാസാക്കി പ്രതികരിച്ചതിന് മറുപടിയാണ് യൂത്ത് ഫ്രണ്ടിന്റെ ഈ പ്രസ്താവന.

    ReplyDelete