Monday, March 7, 2011

ഇടതുപക്ഷ ഭരണത്തുടര്‍ച്ച ഉറപ്പാക്കുക

ഏപ്രില്‍ 13ന് കേരളം വീണ്ടും വിധിയെഴുതുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള വിധിയെഴുത്ത്. രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലാത്ത, നേരും നെറിയുമുള്ള ഏതൊരു മലയാളിക്കും ഈ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒട്ടേറെ പറയാനുണ്ടാകും. സമാധാനത്തിന്റെ, ശാന്തിയുടെ, വികസനത്തിന്റെ, ക്ഷേമപദ്ധതികളുടെ സുവര്‍ണകാലമാണ് പിന്നിട്ട അഞ്ചു വര്‍ഷം എന്ന് ആരും തലകുലുക്കി സമ്മതിക്കും.

    2001 - 2006ലെ യുഡിഎഫ് ഭരണകാലം കേരളം കര്‍ഷക ആത്മഹത്യകളുടെ നാടെന്ന കുപ്രസിദ്ധി ആര്‍ജിച്ചതായിരുന്നു. കടക്കെണിയില്‍നിന്ന് കര്‍ഷകനെ രക്ഷിച്ച് കൂട്ട ആത്മഹത്യകളുടെ ആ ദുരിതകാലത്തിന് അറുതി വരുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍, നെല്ലിന്റെ സംഭരണ വില 7 രൂപയില്‍നിന്ന് 14 രൂപയായി ഉയര്‍ത്തുകയും കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഏത് കര്‍ഷകനാണ് വിസ്മരിക്കാനാവുക.

    കേരളത്തിലെ വ്യവസായരംഗവും എല്‍ഡിഎഫ് ഭരണത്തില്‍ തളര്‍ച്ചയില്‍നിന്നും തകര്‍ച്ചയില്‍നിന്നും കരകയറി വളര്‍ച്ചയുടെ കുതിപ്പിലാണ്. യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്ന് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നു. നഷ്ടത്തിന്റെ കണക്കുപറഞ്ഞ് വില്‍പനയ്ക്കായി മാറ്റിവെച്ചിരുന്നവ ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് ലാഭത്തിന്റെ കഥയാണ് പറയാനുള്ളത്. മാത്രമോ? പൊതുമേഖലയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വാളോങ്ങി നില്‍ക്കുന്ന ഈ നവലിബറല്‍ കാലത്ത് പുതുതായി 10 പൊതുമേഖലാ യൂണിറ്റുകള്‍കൂടി, നിലവിലുള്ളവയുടെ ലാഭം ഉപയോഗിച്ച്, തുടങ്ങാന്‍ കഴിഞ്ഞതും അഭിമാനപൂര്‍വമല്ലാതെ ആര്‍ക്കെങ്കിലും ഓര്‍ക്കാനാകുമോ? സ്വകാര്യമേഖലയില്‍ അടച്ചിട്ട സ്ഥാപനങ്ങള്‍പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാനോ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താനോ തുടങ്ങിയതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ നിദര്‍ശനമാണല്ലോ. പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ജീവിതത്തിലും പ്രതീക്ഷയുടെയും ഉന്മേഷത്തിന്റെയും വെളിച്ചം പകര്‍ന്നതും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ ആയിരുന്നല്ലോ.

    കേരളത്തിന്റെ താല്‍പര്യങ്ങള്‍ അടിയറവെയ്ക്കാതെ, ഒരിഞ്ച് മണ്ണ് പോലും നഷ്ടപ്പെടുത്താതെ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഒരു സ്മാര്‍ട് സിറ്റി മാത്രമല്ല, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ, എറണാകുളത്ത് ഉള്‍പ്പെടെ ചെറുതും വലുതുമായ ഒട്ടേറെ ഐടി പാര്‍ക്കുകളും ടെക്നോസിറ്റികളും ഇന്‍ഫോ പാര്‍ക്കുകളും ഈ കാലത്ത് പടുത്തുയര്‍ത്തപ്പെട്ടു. കേരളത്തിന്റെ ചിരകാല സ്വപ്നമായിരുന്ന വല്ലാര്‍പ്പാടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അക്ഷീണപ്രയത്നം കാണാം. കടമ്പകള്‍ പലതും മറികടന്ന് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉറച്ച അടിത്തറയും പാകിക്കഴിഞ്ഞു. റോഡുകളും പാലങ്ങളും അടക്കമുള്ള പശ്ചാത്തല വികസനത്തിന്റെ കാര്യത്തിലും കേരളം എല്‍ഡിഎഫ് ഭരണത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ധനവിഭവങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കിക്കൊണ്ട് പ്രാദേശിക വികസനത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും കാര്യത്തിലും വി എസ് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിച്ചിരിക്കുന്നു.

    യുഡിഎഫ് ഭരണകാലത്തെ നിയമനനിരോധനത്തോട് വിട പറഞ്ഞ് ഒഴിവുള്ള എല്ലാ തസ്തികകളിലേക്കും നിയമനം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അഭ്യസ്തവിദ്യരായ നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് പകര്‍ന്നിരിക്കുന്നു. യുഡിഎഫ് 17,000 തസ്തിക സിവില്‍ സര്‍വീസില്‍നിന്നും വെട്ടിക്കുറച്ചപ്പോള്‍ എല്‍ഡിഎഫ് ഭരണത്തില്‍ 30,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അതിലും നിയമനം നടത്തിക്കഴിഞ്ഞു.

    കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഭക്ഷ്യസാധനങ്ങളുടെ ഉള്‍പ്പെടെയുള്ള വിലകള്‍ കുതിച്ചുയരുന്ന ഈ കാലത്ത് റേഷന്‍കടകളിലൂടെയും മാവേലിസ്റ്റോറുകളിലൂടെയും നീതി സ്റ്റോറുകളിലൂടെയും മറ്റും നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കാകെ ആശ്വാസമെത്തിക്കുകയാണ്. എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാനുള്ള തീരുമാനം തന്നെ വിലക്കയറ്റപ്പൊരിവെയിലില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ നല്‍കുന്നതാണ്.

    ക്ഷേമപെന്‍ഷനുകളെല്ലാം 100 രൂപയില്‍നിന്ന് 400 രൂപയായി വര്‍ദ്ധിപ്പിച്ച് കുടിശ്ശിക കൂടാതെ കൃത്യമായി നല്‍കുന്ന സര്‍ക്കാരിനെതിരെ, പുതിയ പല വിഭാഗങ്ങള്‍ക്കുംകൂടി പെന്‍ഷന്‍ ഉറപ്പാക്കിയ സര്‍ക്കാരിനെതിരെ ആര്‍ക്കാണ് വിധിയെഴുതാനാവുക? കയറിക്കിടക്കാന്‍ ഒരു കൂരയോ പുരകെട്ടാന്‍ ഒരു തുണ്ട് ഭൂമിയോ ഇല്ലാതിരുന്ന ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കിയ സര്‍ക്കാരിനുനേരെ വിരല്‍ ചൂണ്ടാന്‍ അവര്‍ക്കാവുമോ? മല്‍സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നടപ്പാക്കിയതും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാതൃകാപരമായി നടപ്പിലാക്കിയതും വി എസ് സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്.

    യുഡിഎഫ് ഭരണകാലത്തെ ഇരുട്ടില്‍നിന്നും ലോഡ്ഷെഡ്ഡിങ്ങില്‍നിന്നും കേരളത്തിന് മോചനമേകി, കേരളത്തെ സമ്പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന് ത്വരിതഗതിയില്‍ നടപടിയെടുത്തതും എല്‍ഡിഎഫിന്റെ നേട്ടമാണ്. എല്ലാപേര്‍ക്കും ശുദ്ധജലം എത്തിക്കാനും ഗതാഗത സൌകര്യങ്ങള്‍ വികസിപ്പിക്കാനും നടപടി സ്വീകരിച്ചതും ഈ സര്‍ക്കാര്‍ തന്നെ. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ആര്‍ക്കാണ് മറക്കാനാവുക.

    സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും ക്ഷാമബത്തയും പെന്‍ഷനും മറ്റാനുകൂല്യങ്ങളും പ്രക്ഷോഭങ്ങളൊന്നുമില്ലാതെ യഥാകാലം വര്‍ദ്ധിപ്പിച്ചതും ഈ ഭരണകാലത്ത് തന്നെ. ഇങ്ങനെ എണ്ണി എണ്ണി പറയാന്‍ നേട്ടങ്ങളുടെ പട്ടിക ഇനിയും ഒട്ടേറെയുണ്ട്.

    എന്നാല്‍, ട്രഷറി നിയന്ത്രണമോ ട്രഷറി പൂട്ടലോ ഓവര്‍ഡ്രാഫ്ടോ ഈ അഞ്ച് വര്‍ഷക്കാലവും ഉണ്ടായിട്ടില്ല എന്നതും അഭിമാനാര്‍ഹമാണ്. മാത്രമോ? ഒരു ചില്ലിക്കാശ് പോലും ഈ 5 വര്‍ഷത്തിനിടയില്‍ നികുതി വര്‍ദ്ധന ഉണ്ടായിട്ടുമില്ല.

    വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത, മാഫിയാസംഘങ്ങളുടെ അഴിഞ്ഞാട്ടങ്ങളില്‍നിന്ന് മുക്തമായ, ക്രമസമാധാനപാലനത്തില്‍ ഇന്ത്യക്കാകെ മാതൃകയായി കേരളത്തെ മാറ്റിയതും എല്‍ഡിഎഫ് ഭരണകാലത്താണ്. അഴിമതിയുടെ കറപുരളാത്ത ഭരണമാണിത് എന്ന് എതിരാളികള്‍ക്കുപോലും തലകുലുക്കി സമ്മതിക്കേണ്ടിവരുന്ന കാലവുമാണിത്.

    ഏതു തെരഞ്ഞെടുപ്പിലും അപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ഗുണദോഷവിചിന്തനമാണ് നടക്കുന്നതെങ്കില്‍ ഇന്ന് അതുമാത്രമല്ല; അതിനുമുമ്പത്തെ അഞ്ച് വര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തില്‍ നടമാടിയിരുന്ന അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്ത്രീപീഡനങ്ങളുടെയും ജനവിരുദ്ധ നടപടികളുടെയും കണക്കെടുപ്പ് വേള കൂടിയാണ്. തമ്മിലടിയുടെയും തൊഴിത്തില്‍ക്കുത്തിന്റെയും ഭരണസ്തംഭനത്തിന്റെയും നാളുകളുമായിരുന്നു അത്. യുഡിഎഫ് ഭരണകാലത്തെ ജീര്‍ണതകളുടെ ദുര്‍ഗന്ധം ഇന്നും കേരളക്കരയെയാകെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. കാട്ടുകള്ളന്മാരുടേതും പെണ്‍വാണിഭസംഘങ്ങളുടേതും മാഫിയകളുടേതും ആയ കെട്ട കാലത്തിലേക്ക് തിരിച്ചുപോകാന്‍ മലയാളി തയ്യാറല്ല എന്നതിന്റെ ഉദ്ഘോഷണമാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന വികസന മുന്നേറ്റ ജാഥയ്ക്ക് കേരളത്തില്‍ ഉടനീളം ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതികളും ഈ വിധിയെഴുത്തില്‍ ജനങ്ങള്‍ കണക്കിലെടുക്കും എന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

    1957 മുതല്‍ കേരളത്തില്‍ ഇടവേളകളില്‍ അധികാരത്തിലെത്തുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പദ്ധതികള്‍ എല്ലാം തുടര്‍ന്നുവരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അട്ടിമറിച്ച അനുഭവമാണുള്ളത്. ഇതിന്റെ ഏറ്റവും വലിയ ദുരന്തം കേരളം അനുഭവിച്ചത് 2001-06 കാലത്താണ്. ഇന്ന് വികസനരംഗത്തും ക്ഷേമ - സേവനരംഗങ്ങളിലും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണ്. അതിനായി കേരളം ഒരു മനസ്സോടെ ഏപ്രില്‍ 13ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല.

ചിന്ത മുഖപ്രസംഗം 110311

1 comment:

  1. 1957 മുതല്‍ കേരളത്തില്‍ ഇടവേളകളില്‍ അധികാരത്തിലെത്തുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പദ്ധതികള്‍ എല്ലാം തുടര്‍ന്നുവരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അട്ടിമറിച്ച അനുഭവമാണുള്ളത്. ഇതിന്റെ ഏറ്റവും വലിയ ദുരന്തം കേരളം അനുഭവിച്ചത് 2001-06 കാലത്താണ്. ഇന്ന് വികസനരംഗത്തും ക്ഷേമ - സേവനരംഗങ്ങളിലും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണ്. അതിനായി കേരളം ഒരു മനസ്സോടെ ഏപ്രില്‍ 13ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല.

    ReplyDelete