Tuesday, September 27, 2011

പി സി ജോര്‍ജിനെ അയോഗ്യനാക്കാം

ഇരട്ടപ്പദവി വഹിക്കുന്ന ചീഫ്വിപ്പ് പി സി ജോര്‍ജിനെ അയോഗ്യനാക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ഗവര്‍ണറുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ജയ്ജു ബാബുവാണ് }നിയമോപദേശം നല്‍കിയത്. വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു നല്‍കിയ ഹര്‍ജിക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. അതേസമയം പി സി ജോര്‍ജിന്റെ ചീഫ്വിപ്പ് സ്ഥാനം ഇരട്ടപദവിയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട്കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പരാതിക്കാരനായ സെബാസ്റ്റ്യന്‍ പോളിന് കത്തയച്ചു.

ജോര്‍ജിനെ ചീഫ്വിപ്പായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് അടക്കം ഹാജരാക്കാനാണ് കത്തിലെ നിര്‍ദേശം. സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച പരാതി സംസ്ഥാന ഗവര്‍ണറാണ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയത്. പരാതി പരിശോധിച്ച് കമീഷന്‍ നല്‍കുന്ന ഉപദേശമനുസരിച്ചായിരിക്കും ഗവര്‍ണറുടെ അന്തിമ തീരുമാനം. ഭരണഘടനാ അനുഛേദം 191 (1) (എ)യിലാണ് എംഎല്‍എ സ്ഥാനത്തിനൊപ്പം പ്രതിഫലം പറ്റുന്ന മറ്റൊരു പദവികൂടി വഹിച്ചാല്‍ അയോഗ്യനാക്കാമെന്നു വ്യവസ്ഥ ചെയ്തിട്ടുള്ളത്. രണ്ടു പദവികളും ഒരേസമയം വഹിക്കുകയും പ്രതിഫലം പറ്റുകയും ചെയ്യുന്നെന്നു ബോധ്യപ്പെട്ടാല്‍ അയോഗ്യനാക്കുന്നതു സംബന്ധിച്ചു ഗവര്‍ണര്‍ക്കു തീരുമാനമെടുക്കാം. അതേസമയം, അന്തിമ തീരുമാനം എടുക്കുംമുന്‍പ് തെരഞ്ഞെടുപ്പു കമീഷന്റെ അഭിപ്രായം ആരായാം. ഗവര്‍ണര്‍ക്ക് പരാതി ബോധ്യമായാല്‍ മാത്രമേ അദ്ദേഹം പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അഭിപ്രായത്തിന് വിടാറുള്ളു. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയിലെ നിയമവശം പൂര്‍ണമായും ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പാലിച്ച നടപടിക്രമം സൂചിപ്പിക്കുന്നത്.

പരാതി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിനും പി സി ജോര്‍ജിനുംകേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അവസരം നല്‍കുന്നതാണ് അടുത്തഘട്ടം. അതിന് ശേഷമാണ് ജോര്‍ജിനെ അയോഗ്യനാക്കുന്ന പ്രഖ്യാപനം ഉണ്ടാകുക. ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചത്, ഇത് സംബന്ധിച്ച് എന്തെങ്കിലും നിയമോപദേശം അദ്ദേഹം തേടുകയുണ്ടായോ?, പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് രാജ്ഭഭവനിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമോപദേശത്തിന്റെ വിവരവും അനുബന്ധ രേഖകളും അഡ്വ. ബിനുവിന് നല്‍കിയത്. പരാതിയിന്മേലുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ താനും ജോര്‍ജും വിശദീകരണം നല്‍കിയാല്‍ നടപടിക്രമമനുസരിച്ച് ഗവര്‍ണറുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന നിയമോപദേശം ലഭിച്ചതോടെയാണ് ഗവര്‍ണര്‍ പരാതി കേന്ദ്രതെരഞ്ഞെടുപ്പു കമീഷന് കൈമാറിയത്. ഭരണഘടനയുടെ 192-ാം അനുഛേദപ്രകാരമാണ് ഗവര്‍ണര്‍ ഇത് ചെയ്തതെന്നും ഇത് സാധാരണ നടപടിക്രമമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

ദേശാഭിമാനി 270911

1 comment:

  1. ഇരട്ടപ്പദവി വഹിക്കുന്ന ചീഫ്വിപ്പ് പി സി ജോര്‍ജിനെ അയോഗ്യനാക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ഗവര്‍ണറുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ജയ്ജു ബാബുവാണ് }നിയമോപദേശം നല്‍കിയത്. വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു നല്‍കിയ ഹര്‍ജിക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. അതേസമയം പി സി ജോര്‍ജിന്റെ ചീഫ്വിപ്പ് സ്ഥാനം ഇരട്ടപദവിയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട്കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പരാതിക്കാരനായ സെബാസ്റ്റ്യന്‍ പോളിന് കത്തയച്ചു.

    ReplyDelete