Friday, September 30, 2011

നൂറ്ദിനം കഴിഞ്ഞു; മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ പാഴ്വാക്ക്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറുദിവസത്തിനകം പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പുകളും മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും പാഴ്വാക്കാവുന്നു. ഗൈനക്കോളജി, കാര്‍ഡിയോളജി എന്നിവയ്ക്കുള്ള പുതിയ ബ്ലോക്കാണ് നൂറുദിവസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. ഇരുനൂറു ദിവസം കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇന്ന് ആര്‍ക്കും സാധിക്കുന്നില്ല. ഗൈനക്കോളജിയുടെ ഒപി മാത്രമാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് പണം ഇല്ലാത്തത് കൊണ്ടാണ് എന്ന പരാതിയെ തുടര്‍ന്ന് പണം നല്‍കിയെങ്കിലും കണക്ഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. സിവില്‍ ജോലികള്‍ തീരാത്തതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതെന്ന് വൈദ്യുതി വിഭാഗവും വൈദ്യുതി ബോര്‍ഡിന്റെ നിസ്സഹകരണമാണ് പണി നീളാന്‍ ഇടയാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പും പരസ്പരം കുറ്റപ്പെടുത്തുന്നു.

കാര്‍ഡിയോളജി വിഭാഗത്തിന്റെ ഒപി ഇവിടേക്ക് മാറ്റണമെങ്കില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ വാങ്ങാന്‍ ഇതുവരെയും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല. ഏകദേശം ഒന്നരക്കോടി രൂപ ഇതിന് വേണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൊത്തം 10 കോടി രൂപ ചെലവ് വരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരം പഴിചാരി നിര്‍മാണം നീട്ടുന്ന അവസ്ഥയാണ്. ജൂലായ് 31നകം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷനും നല്‍കുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും നടപ്പായില്ല. ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ കെട്ടിടം സജ്ജമായാലും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമോയെന്നത് സംശയകരമാണ്.

deshabhimani 300911

1 comment:

  1. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറുദിവസത്തിനകം പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പുകളും മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും പാഴ്വാക്കാവുന്നു. ഗൈനക്കോളജി, കാര്‍ഡിയോളജി എന്നിവയ്ക്കുള്ള പുതിയ ബ്ലോക്കാണ് നൂറുദിവസത്തിനകം പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. ഇരുനൂറു ദിവസം കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇന്ന് ആര്‍ക്കും സാധിക്കുന്നില്ല.

    ReplyDelete