Friday, September 30, 2011

കല്‍പ്പറ്റയില്‍ യൂത്ത്ലീഗ്-എംഎസ്എഫ് അക്രമം

കല്‍പ്പറ്റ: കോളേജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയം നേടിയതില്‍ വിറളിപൂണ്ട എംഎസ്എഫ്-യൂത്ത് ലീഗ് സംഘം നഗരത്തില്‍ അഴിഞ്ഞാടി. അക്രമത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവം ഉണ്ടായില്ല. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജില്‍ വിജയിച്ചതോടെയാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമം ആരംഭിച്ചത്. ഇവിടെ കെഎസ്യുവും എംഎസ്എഫും തനിച്ചാണ് മത്സരിച്ചത്. വോട്ടെടുപ്പ് അവസാനിച്ചയുടന്‍ തന്നെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ കാമ്പസിനകത്തിട്ട് മര്‍ദിച്ചു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെയും മര്‍ദിച്ചു. ഇതിന് ശേഷം കല്‍പ്പറ്റയിലെത്തിയ ഈ സംഘമാണ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം അക്രമം നടത്തിയത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന കല്‍പ്പറ്റയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തടഞ്ഞുനിര്‍ത്തി അകാരണമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ടൗണില്‍ നടന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിന് നേരെയും അക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ സിപിഐ എം-ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.

ഇതിന് അര മണിക്കൂറിന് ശേഷം എസ്എഫ്ഐ പ്രവര്‍ത്തകരായ പി ജെ വാസുദേവന്‍ , പി രഞ്ജിത്, എ കെ ശരത് എന്നിവര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ടൗണില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഈ സമയം നിരവധി പൊലീസുകാര്‍ പരിസരത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാനോ അക്രമം തടയാനോ ശ്രമിച്ചില്ല. സാരമായി പരിക്കേറ്റ ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂത്ത്ലീഗ്-എംഎസ്എഫ് അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി.

deshabhimani 300911

1 comment:

  1. കോളേജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയം നേടിയതില്‍ വിറളിപൂണ്ട എംഎസ്എഫ്-യൂത്ത് ലീഗ് സംഘം നഗരത്തില്‍ അഴിഞ്ഞാടി. അക്രമത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവം ഉണ്ടായില്ല.

    ReplyDelete