Monday, September 26, 2011

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി പണം ഒഴുക്കി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്കും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കോഴ നല്‍കിയതായി ബന്ധു റൗഫ് മജിസ്ട്രേറ്റിനുമുന്നില്‍ മൊഴി നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(അഞ്ച്) എന്‍ ആര്‍ കൃഷ്ണകുമാര്‍ മുമ്പാകെ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ഫെബ്രുവരി 25-നാണ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. ക്രിമിനല്‍ നടപടി നിയമം 164-ാംവകുപ്പ് പ്രകാരം മജിസ്ടേറ്റിനു മുന്നില്‍ നല്‍കുന്ന മൊഴി മാറ്റാന്‍ പാടില്ലാത്തതിനാല്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന തെളിവാണിത്. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ റൗഫ് ആവര്‍ത്തിച്ചതായി മൊഴിപ്പകര്‍പ്പ് വ്യക്തമാക്കുന്നു.

ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന് അഞ്ചുകോടി രൂപ വരെ നല്‍കാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ , ഈ ആവശ്യത്തിനായി ജസ്റ്റിസിന്റെ മരുമകന്‍ അഞ്ചുലക്ഷമേ ആവശ്യപ്പെട്ടുള്ളു. കേസ് പരിഗണിക്കുന്ന ജഡ്ജിയെ മാറ്റുന്ന ഹര്‍ജിയിലെ അനുകൂലവിധിക്കായാണ് ജസ്റ്റിസ് തങ്കപ്പനെ സ്വാധീനിച്ചത്. ഇതുസംബന്ധിച്ച അനുകൂലവിധി തയ്യാറാക്കിയത് എറണാകുളത്തെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ്. സീനിയര്‍ ഗവ. പ്ലീഡര്‍ അനില്‍തോമസാണ് വിധി എഴുതിയത്. അഡ്വ. വി കെ ബീരാന്‍വഴി ജസ്റ്റിസ് തങ്കപ്പന് വിധി കൈമാറി. ഈ വിധിയാണ് ജസ്റ്റിസ് തങ്കപ്പന്‍ പ്രസ്താവിച്ചത്. കേസില്‍ ദേശീയ മനുഷ്യാവകാശകമീഷന് നല്‍കിയ ഹര്‍ജി അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലുകള്‍ , ഡല്‍ഹിയാത്രകള്‍ എന്നിവയെല്ലാം 62 പേജുള്ള റൗഫിന്റെ മൊഴിയിലുണ്ട്. വാര്‍ത്താചാനലുകളാണ് റൗഫിന്റെ മൊഴി പുറത്തുവിട്ടത്.
ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് ന്യായാധിപര്‍ക്കും ഇരകളായ പെണ്‍കുട്ടികള്‍ക്കും പണംനല്‍കിയാണ് കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചതെന്ന് ജനുവരി 29നാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവയ റൗഫ് കോഴിക്കോട്ട് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റൗഫ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. നേരത്തെ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേകാന്വേഷക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണം യുഡിഎഫ് അധികാരത്തിലെത്തിയതോടെ നിലച്ചിരിക്കയാണ്.

deshabhimani 260911

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്കും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കോഴ നല്‍കിയതായി ബന്ധു റൗഫ് മജിസ്ട്രേറ്റിനുമുന്നില്‍ മൊഴി നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(അഞ്ച്) എന്‍ ആര്‍ കൃഷ്ണകുമാര്‍ മുമ്പാകെ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ഫെബ്രുവരി 25-നാണ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. ക്രിമിനല്‍ നടപടി നിയമം 164-ാംവകുപ്പ് പ്രകാരം മജിസ്ടേറ്റിനു മുന്നില്‍ നല്‍കുന്ന മൊഴി മാറ്റാന്‍ പാടില്ലാത്തതിനാല്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന തെളിവാണിത്. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ റൗഫ് ആവര്‍ത്തിച്ചതായി മൊഴിപ്പകര്‍പ്പ് വ്യക്തമാക്കുന്നു.

    ReplyDelete