Monday, September 26, 2011

പാക് അണുബോംബിന് പാശ്ചാത്യസഹായം

 പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ലഭിച്ച സഹായത്തോടെയാണ് പാകിസ്ഥാന്‍ അണുബോംബു നിര്‍മാണശേഷി കൈവരിച്ചതെന്ന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ റിപ്പോര്‍ട്ട്. പാക് അണുബോംബിന്റെ പിതാവായി അറിയപ്പെടുന്ന എ ക്യു ഖാനെ ചോദ്യംചെയ്തതിന്റെ റിപ്പോര്‍ട്ടില്‍ ഇതടക്കം പല സുപ്രധാന വിവരവുമുണ്ട്. അണുവായുധശേഷി കൈവരിക്കാന്‍ നിയമപരവും നിയമവിരുദ്ധവുമായ എല്ലാ മാര്‍ഗവും തേടിയ പാകിസ്ഥാന്‍ ഇറാന്‍ , ലിബിയ തുടങ്ങിയ രാജ്യങ്ങളുമായി തങ്ങളുടെ രഹസ്യ ആണവ സാങ്കേതികവിദ്യയും ഉപകരണങ്ങളും പങ്കുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനലാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടത്.

പാകിസ്ഥാന്‍ എ ക്യൂ ഖാനെ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വിവിധ പാശ്ചാത്യ ചാരസംഘടനകള്‍ക്ക് നല്‍കിയതായും ഫോക്സ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയക്ക് എന്തെങ്കിലും സഹായം നല്‍കിയതായി റിപ്പോര്‍ട്ടിലില്ല. 1971ലെ പാകിസ്ഥാന്റെ വിഭജനത്തിന്റെയും "74ലെ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന്റെയും പശ്ചാത്തലത്തില്‍ നിലനില്‍പ്പിനും സുരക്ഷയ്ക്കും ഭീഷണി നേരിട്ടപ്പോഴാണ് "76 ല്‍ പാക് ആണവ ഗവേഷണ സംഘടന സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരന്നോ വായ്പയായോ മോഷ്ടിച്ചോ ആണവ സാങ്കേതികവിദ്യ സ്വായത്തമാക്കാനായിരുന്നു പ്രസിഡന്റ് ജനറല്‍ സിയാ ഉല്‍ ഹഖ് നിര്‍ദേശിച്ചത്. വ്യാവസായിക പശ്ചാത്തല സൗകര്യങ്ങളില്ലാത്ത പാകിസ്ഥാന് ഓരോ പദാര്‍ഥവും ഉപകരണവും വിദേശത്തെ തുറന്നവിപണികളില്‍ നിന്ന് രഹസ്യമായി വാങ്ങേണ്ടിയിരുന്നു. ഉപരോധം മറികടക്കുന്നതിനും ആവശ്യമായവ ഇറക്കുമതി ചെയ്യാനും മറയായി പാകിസ്ഥാനകത്തും വിദേശത്തും നിരവധി കമ്പനിയുടെ ശൃംഖല സ്ഥാപിക്കേണ്ടിവന്നു. ഇത്തരം കമ്പനികള്‍ കുവൈത്ത്, ബഹ്റൈന്‍ , യുഎഇ, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ജര്‍മനി, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. സെന്‍ട്രിഫ്യൂജുകളുടെ ഭാഗങ്ങള്‍ വാങ്ങാന്‍ അവയുടെ ചിത്രങ്ങള്‍ ബ്രിട്ടന്‍ , ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കണമായിരുന്നു. കസ്റ്റംസ് നടപടിക്രമങ്ങളോ നിയന്ത്രണങ്ങളോ സാമ്പത്തിക പരാധീനതയോ ഇല്ലാതിരുന്ന ദുബായ് കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. ബ്രിട്ടീഷ്, ജര്‍മന്‍ , സ്വിസ്, തുര്‍ക്കിഷ് ഇടപാടുകാരും പതിവായി ദുബായില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്.

deshabhimani 260911

1 comment:

  1. പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ലഭിച്ച സഹായത്തോടെയാണ് പാകിസ്ഥാന്‍ അണുബോംബു നിര്‍മാണശേഷി കൈവരിച്ചതെന്ന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ റിപ്പോര്‍ട്ട്. പാക് അണുബോംബിന്റെ പിതാവായി അറിയപ്പെടുന്ന എ ക്യു ഖാനെ ചോദ്യംചെയ്തതിന്റെ റിപ്പോര്‍ട്ടില്‍ ഇതടക്കം പല സുപ്രധാന വിവരവുമുണ്ട്. അണുവായുധശേഷി കൈവരിക്കാന്‍ നിയമപരവും നിയമവിരുദ്ധവുമായ എല്ലാ മാര്‍ഗവും തേടിയ പാകിസ്ഥാന്‍ ഇറാന്‍ , ലിബിയ തുടങ്ങിയ രാജ്യങ്ങളുമായി തങ്ങളുടെ രഹസ്യ ആണവ സാങ്കേതികവിദ്യയും ഉപകരണങ്ങളും പങ്കുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനലാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടത്.

    ReplyDelete