Thursday, September 29, 2011

'ആധാര്‍' വിവാദത്തിലേക്ക്

'ആധാര്‍' പദ്ധതിയുടെ ഭരണ നിര്‍വഹണ ഘടനയ്ക്കും തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനത്തിനും എതിരെ ആസൂത്രണ കമ്മിഷന്‍ ഗൗരവമേറിയ ചോദ്യങ്ങളും എതിര്‍പ്പുകളും ഉന്നയിച്ചിരിക്കുന്നു. നന്ദന്‍ നിലൈക്കനി നേതൃത്വം നല്‍കുന്ന യൂണിക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു ഐ സി എ ഐ) ഫണ്ടുകളും പണമിടപാടുകളും നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര ധനകാര്യ ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതോറിറ്റി സമര്‍പ്പിച്ച 15,000 കോടി രൂപയുടെ ഫണ്ടിന് നിര്‍ദേശം ധനമന്ത്രാലയം നിരാകരിച്ചതിനു തൊട്ടുപിന്നാലെയാണ് കമ്മിഷന്റെ ഇടപെടല്‍.

ധനകാര്യ ഉപദേഷ്ടാക്കള്‍ക്ക് സാധാരണയായി ധനപരമായ നിര്‍ദേശങ്ങളില്‍ വിവേചനാധികാരമോ നയരൂപീകരണ ചുമതലയോ ഉണ്ടാവാറില്ല. എന്നാല്‍ ഇതിനു വിരുദ്ധമായി മെമ്മോകള്‍, കാബിനറ്റ് നോട്ടുകള്‍ എന്നിവ തയ്യാറാക്കാനുള്ള അധികാരത്തോടുകൂടിയ ധനകാര്യ ഉപദേഷ്ടാവ് എന്ന നിര്‍ദേശമാണ് കമ്മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യാ ഗവണ്‍മെന്റ് പിന്തുടര്‍ന്നുവരുന്ന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അനുവര്‍ത്തിക്കാത്ത രീതികളാണ് യു ഐ സി എ ഐ പിന്തുടരുന്നത് എന്നും 'അതോറിറ്റിയും ഭരണ നിര്‍വഹണ ഘടന പുനപ്പരിശോധനയ്ക്ക് വിധേയമാക്കണ'മെന്നും ആസൂത്രണ കമ്മിഷന്‍ ധനമന്ത്രാലയത്തിനയച്ച കത്ത് പറയുന്നു.

ആസൂത്രണ കമ്മിഷന്റെ അനുബന്ധിത കാര്യാലയമായാണ് യു ഐ എ സി ഐ 2009 മുതല്‍ പ്രവര്‍ത്തിക്കുന്നത്. ആസൂത്രണ മന്ത്രാലയത്തില്‍ നിന്നുമാണ് ബജറ്റ് വിഹിതം നല്‍കിവരുന്നത്. എന്നാല്‍ കമ്മിഷന് അതോറിറ്റിയുടെ ധനനിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ധന സെക്രട്ടറിക്കോ ധന ഉപദേഷ്ടാവിനോ കമ്മിഷന്റെ ധനവിനിയോഗത്തിന്റെ മേല്‍ നിയന്ത്രണമില്ലെന്നതാണ് അവസ്ഥ.

janayugom 290911

1 comment:

  1. 'ആധാര്‍' പദ്ധതിയുടെ ഭരണ നിര്‍വഹണ ഘടനയ്ക്കും തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനത്തിനും എതിരെ ആസൂത്രണ കമ്മിഷന്‍ ഗൗരവമേറിയ ചോദ്യങ്ങളും എതിര്‍പ്പുകളും ഉന്നയിച്ചിരിക്കുന്നു. നന്ദന്‍ നിലൈക്കനി നേതൃത്വം നല്‍കുന്ന യൂണിക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു ഐ സി എ ഐ) ഫണ്ടുകളും പണമിടപാടുകളും നിരീക്ഷിക്കാന്‍ ഒരു സ്വതന്ത്ര ധനകാര്യ ഉപദേഷ്ടാവിനെ നിയമിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അതോറിറ്റി സമര്‍പ്പിച്ച 15,000 കോടി രൂപയുടെ ഫണ്ടിന് നിര്‍ദേശം ധനമന്ത്രാലയം നിരാകരിച്ചതിനു തൊട്ടുപിന്നാലെയാണ് കമ്മിഷന്റെ ഇടപെടല്‍.

    ReplyDelete