Saturday, September 24, 2011

പാമൊലിന്‍ കേസ്: സമ്മര്‍ദ്ദത്തിനൊടുവില്‍ ജഡ്ജി ഒഴിഞ്ഞു

ഭരണക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിനിടെ, പാമൊലിന്‍ കേസില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. കേസിലെ എല്ലാ പ്രതികളെയും ശനിയാഴ്ച കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. താന്‍ നിയമപരമായിട്ടാണ് ഈ കേസില്‍ മുന്നോട്ടുപോയത്. എന്നാല്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടി ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് തുടര്‍ന്നു പരിഗണിക്കുന്നത് ശരിയല്ല. തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേസ് ഒഴിയുന്നതിനുള്ള സാഹചര്യമെന്തെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് ആരാഞ്ഞുവെങ്കിലും ജഡ്ജി പ്രതികരിച്ചില്ല. യുഡിഎഫ് നേതാക്കളും ചീഫ്വിപ്പ് പിസി ജോര്‍ജും ഉയര്‍ത്തിയ വ്യക്തിഹത്യയെയും പരാതിയെയും തുടര്‍ന്നാണ് ഹനീഫ കേസിന്റെ വിചാരണനടപടികളില്‍ നിന്നും ഒഴിവാകുന്നത്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ചും തുടരന്വേഷണം നടത്താമെന്ന് വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടതിനെതിരായി പിസി ജോര്‍ജ് രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ നിരന്തരമായി അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പിസി ജോര്‍ജ് നടത്തിയത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നു പറയപ്പെടുന്നു.കേസിലെ നാലാംപ്രതിയും മുന്‍ സിവില്‍ സപ്ലൈസ് എംഡിയുമായ ജിജിതോംസണ്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ച്ചയായി വിവിധകേന്ദ്രങ്ങളില്‍ നിന്നും ജഡ്ജിക്കെതിരെ ആക്ഷേപങ്ങളുന്നയിച്ച സാഹചര്യത്തിലാണ് ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുന്നത്.

ഉമ്മന്‍ചാണ്ടി ആഗ്രഹിച്ച കാര്യം തെറ്റായ രീതിയിലൂടെ നേടി: പിണറായി

പാമൊലിന്‍ കേസില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫ പിന്‍മാറിയത് കടുത്ത സമ്മര്‍ദ്ദം മൂലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ച കാര്യം തെറ്റായ രീതിയിലൂടെ നേടിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് ഗവണ്‍മെന്റും അറിഞ്ഞുകൊണ്ടാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. പി സി ജോര്‍ജിന്റെ പരാതിക്ക് അനുകൂലമായ നിലപാടാണ് നിയമമന്ത്രി കൈക്കൊണ്ടതെന്നും പിണറായി പറഞ്ഞു. നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നാക്രമണത്തെക്കുറിച്ച് ഉന്നതനീതിപീഠം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യറിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല: വി എസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി സി ജോര്‍ജിനെ ഉപയോഗിച്ച് കോടതിയെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വിജിലന്‍സ് ജഡ്ജി പി കെ ഹനീഫയ്ക്കെതിരെ നിരന്തരമുണ്ടായ ആക്ഷേപങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം പാമോലിന്‍ കേസില്‍ നിന്ന് പിന്‍മാറിയത്. ജുഡീഷ്യറിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചില്ലെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാമോലിന്‍ കേസില്‍ സ്വന്തമായി അപ്പീലിന് പോകാതെ മറ്റുള്ളവരെക്കൊണ്ട് അപ്പീല്‍ കൊടുപ്പിക്കുകയാണ് മുഖ്യമന്ത്രി. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ച് അഴിമതിക്കേസുകളെല്ലാം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ചാക്ക് രാധാകൃഷ്ണനെ സഹായിക്കുന്നതും ഭൂമി കയ്യേറിയതില്‍ നിന്ന് ശ്രീനിജനെ രക്ഷിക്കുന്നതും ഉദാഹരണമാണ്. അടൂര്‍ പ്രകാശ് അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളും അട്ടിമറിക്കപ്പെടുകയാണ്.

തനിക്കൊന്നും പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി

പാമോലിന്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പി കെ ഹനീഫ ഒഴിവായതില്‍ തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കേസിലെ പ്രതികളാരും ജഡ്ജിക്കെതിരെ പ്രതികരിച്ചിട്ടില്ല. ഒരു കക്ഷിയും അദ്ദേഹത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. താനുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താന്‍ അദ്ദേഹത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. ഗവണ്‍മെന്റ് ചീഫ് വിപ്പിനെക്കുറിച്ച് തനിക്കുള്ള അഭിപ്രായങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

മുഖ്യമന്ത്രി രാജിവയ്ക്കണം; ജോര്‍ജിനെ നീക്കണം: കോടിയേരി

ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കണം. ന്യായാധിപന്‍മാര്‍ക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം കേരളത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു. പാകിസ്ഥാന്‍കാരന്‍ പോലും ചെയ്യാത്ത കാര്യമാണ് വിജിലന്‍സ് ജഡ്ജി ചെയ്തതെന്നാണ് ചീഫ് വിപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജഡ്ജിയുടെ പേര് ഹനീഫയെന്നാണ് എന്നു മനസിലാക്കുമ്പോഴാണ് ചീഫ് വിപ്പ് പറഞ്ഞതിന്റെ ഉദ്ദേശം മനസിലാവുന്നത്. ജഡ്ജിക്കെതിരെ അപഹാസ്യമായ പരാമര്‍ശങ്ങളാണ് വിപ്പ് നടത്തിയത്. തനിക്കെതിരെയുള്ള നിരന്തര പരാമര്‍ശവും കത്തുകളുമാണ് വിജിലന്‍സ് ജഡ്ജിയെ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചത്. ജഡ്ജിക്ക് മതിയായ സംരംക്ഷണം നല്‍കേണ്ട വിജിലന്‍സ് മന്ത്രിയും ഇക്കാര്യത്തില്‍ ചുമതല നിറവേറ്റിയില്ല. നീതിന്യായ വ്യവസ്ഥയുടെ സംരക്ഷകനാകേണ്ട നിയമ മന്ത്രിയും ചീഫ് വിപ്പിന് അനുകൂലമായ നടപടികളാണ് സ്വീകരിച്ചത്്. നീതിന്യായവും പൊതുഭരണവും ആഭ്യന്തരവകുപ്പും കൈയാളുന്ന മുഖ്യമന്ത്രി ചീഫ് വിപ്പിനെ പിന്താങ്ങുന്നു. പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിന്റേതല്ലെന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല.

ജഡ്ജിക്കെതിരെ വീണ്ടും പി സി ജോര്‍ജ്

പാമൊലിന്‍ കേസ് പരിഗണിച്ച ജഡ്ജിക്കെതിരെ ആരോപണവുമായി ശനിയാഴ്ചയും ഗവണ്‍മെന്റ് ചീഫ് വിപ്പ് രംഗത്തുവന്നു. നവംബറില്‍ അവധിക്കുവച്ച കേസ് ഇപ്പോള്‍ പരിഗണിച്ചതില്‍തന്നെ അപാകതയുണ്ട്. നേരായ കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ജഡ്ജി എന്തിന് കേസില്‍ നിന്ന് പിന്മാറണമെന്നും ജോര്‍ജ് ചോദിച്ചു. ഇതുകൊണ്ടൊന്നും പരാതിയില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും ജോര്‍ജ് തുടര്‍ന്നു.

deshabhimani news

1 comment:

  1. ഭരണക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിനിടെ, പാമൊലിന്‍ കേസില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. കേസിലെ എല്ലാ പ്രതികളെയും ശനിയാഴ്ച കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. താന്‍ നിയമപരമായിട്ടാണ് ഈ കേസില്‍ മുന്നോട്ടുപോയത്. എന്നാല്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടി ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് തുടര്‍ന്നു പരിഗണിക്കുന്നത് ശരിയല്ല. തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

    ReplyDelete