Thursday, September 29, 2011

അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി, ജനനേന്ദ്രിയം തകര്‍ത്തു

നിഷ്ഠുരം, പൈശാചികം     

കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളിലെ അധ്യാപകനുനേരെ പൈശാചിക വധശ്രമം. അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി തിരിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളും ജനനേന്ദ്രിയവും തകര്‍ന്നു. അടിയേറ്റ് ഇടുപ്പെല്ലും തകര്‍ന്നിട്ടുണ്ട്. ശരീരത്തിലാകമാനം വെട്ടും കുത്തുമേറ്റിട്ടുമുണ്ട്. മുഖത്തിന്റെ ഇടതുഭാഗവും തകര്‍ന്നു. വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വാളകം സദനത്തില്‍ കൃഷ്ണകുമാറാണ് നിഷ്ഠുരപീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിഷേധിച്ച് വാളകത്ത് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ഇതേ സ്കൂളില്‍ അധ്യാപികയായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയ്ക്ക് പ്രൊമോഷന്‍ നല്‍കാന്‍ ബാലകൃഷ്ണപിള്ള തയ്യാറാകാത്തതിനെതിരെ ഗീത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇവരെ പ്രധാനാധ്യാപികയായി നിയമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായ അധ്യാപകന്‍ അപകടനില തരണംചെയ്തിട്ടില്ല. അക്രമം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചൊവ്വാഴ്ച രാത്രി വാളകം എംഎല്‍എ ജങ്ഷന് സമീപത്താണ് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീകരത അരങ്ങേറിയത്. രാത്രി 11ന് വെളുത്ത ആള്‍ട്ടോ കാറില്‍നിന്ന് ജീവച്ഛവമായ കൃഷ്ണകുമാറിനെ റോഡിലേക്ക് തള്ളുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. മലദ്വാരം മുതല്‍ വന്‍കുടല്‍ വരെ തകര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ് കൃഷ്ണകുമാര്‍ . നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ഭാര്യ ഗീതയും സഹോദരന്‍ അജിത്പ്രസാദുമാണ് ആശുപത്രിയിലുള്ളത്. സ്കൂള്‍ മാനേജ്മെന്റിന്റെ അറിവില്ലാതെ ഇത്തരം ഒരു ആക്രമണം നടക്കാന്‍ സാധ്യതയില്ലെന്ന് അജിത്പ്രസാദ് പറഞ്ഞു.

ഇതിനിടെ കൃഷ്ണകുമാര്‍ കിടക്കുന്ന സര്‍ജിക്കല്‍ ഐസിയുവിന് പുറത്ത് കൊട്ടാരക്കര സിഐ ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രി റൂറല്‍ എസ്പി മെഡിക്കല്‍ കോളേജില്‍ മൊഴിയെടുക്കാന്‍ എത്തിയിരുന്നെങ്കിലും കൃഷ്ണകുമാര്‍ അബോധാവസ്ഥയിലായതിനാല്‍ തിരിച്ചുപോയി. അക്രമികള്‍ കൃത്യം നടത്തിയ ശേഷം കൃഷ്ണകുമാറിനെ റോഡിലുപേക്ഷിച്ച് വന്ന കാറില്‍ തിരിച്ചുപോയി. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ റോഡില്‍ക്കിടന്ന കൃഷ്ണകുമാറിനെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കണ്ടത്. അമിതവേഗത്തില്‍ പോയ കാറിനെ നാട്ടുകാരില്‍ ചിലര്‍ ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും ഒപ്പമെത്താനായില്ല. കൊട്ടാരക്കര സ്റ്റേഷനില്‍നിന്ന് പൊലീസ് എത്തി ജീപ്പില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് രാക്ഷസീയമായ പീഡനമാണെന്ന് വ്യക്തമാകുന്നത്. ശരീരത്തിനകത്തും പുറത്തുമുള്ള പരിക്കുകള്‍ ആയുധംകൊണ്ടുള്ള ആക്രമണം മൂലമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി കറക്കിയതിനെ തുടര്‍ന്ന് വലിയ മുറിവുകളുണ്ട്. വന്‍കുടലിന് സാരമായ മുറിവുണ്ട്. സി ടി സ്കാനിനു വിധേയനാക്കാന്‍പോലും കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭാര്യയ്ക്കൊപ്പം വൈകിട്ട് സ്കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം കൃഷ്ണകുമാര്‍ സുഹൃത്തിനെ കാണാനായി കടയ്ക്കലില്‍ പോയിരുന്നു. തിരികെ നിലമേല്‍ ജങ്ഷനിലെത്തി രാത്രി 10.15ന് ഭാര്യയെ ഫോണില്‍ വിളിച്ച് ബസ് കാത്തുനില്‍ക്കുകയാണെന്നും ഉടന്‍ വീട്ടില്‍ എത്തുമെന്നും പറഞ്ഞിരുന്നു. സ്കൂളില്‍ അധ്യാപകനിയമനത്തിലുള്‍പ്പെടെ വ്യാപക ക്രമക്കേട് നടക്കുന്നതായി നേരത്തെ, വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കൃഷ്ണകുമാറിനെതിരെ ഭീഷണിയുണ്ടായിരുന്നതായി അറിയുന്നു. അതേസമയം, കൃഷ്ണകുമാറിന് സ്കൂളിന് പുറത്ത് ശത്രുക്കള്‍ ആരുമില്ലെന്ന് ഭാര്യ ഗീത പറഞ്ഞു. സുപ്രീംകോടതിയില്‍ പോയാലും തനിക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയിരുന്നു. സംഭവദിവസം രാവിലെ മന്ത്രി ഗണേശ്കുമാറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി ബി പ്രദീപ്കുമാര്‍ ഓഫീസില്‍ വന്നിരുന്നു. അദ്ദേഹം മറ്റൊരു അധ്യാപകനെയും കൂട്ടി പുറത്തേക്ക് പോയി-അവര്‍ പറഞ്ഞു.

നാളെ അവര്‍ എന്നെയും കൊന്നേക്കാം

"എന്റെ ഭര്‍ത്താവിനെ ക്രൂരമായി കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. മരണത്തോട് മല്ലടിച്ചാണ് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഒരുപക്ഷെ നാളെ അവര്‍ എന്നെയും ഇല്ലാതാക്കിയേക്കാം. അവര്‍ അത്രയ്ക്ക് കരുത്തരാണ്" വാളകത്ത് അതിക്രൂരമായ വധശ്രമത്തിനിരയായി മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീതയുടേതാണ് ഈ വാക്കുകള്‍ .

മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിഎച്ച്എസ്എസിലെ അധ്യാപകനാണ് കൃഷ്ണകുമാര്‍ . ഭാര്യ ഗീത ഇതേ സ്കൂളിലെ പ്രാധാനാധ്യാപികയും. "എന്റെ ഭര്‍ത്താവിന് പുറത്ത് മറ്റ് ശത്രുക്കള്‍ ആരുമില്ല. മറ്റാരുമായും കലഹിക്കുകയോ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനുമല്ല. ഇന്നലെ രാത്രി കടയ്ക്കലില്‍ സുഹൃത്തിനെ കാണാനെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതായിരുന്നു. പോയശേഷം ഉടന്‍ എത്തുമെന്ന് പറഞ്ഞ് വിളിക്കുകയുംചെയ്തു. എന്നാല്‍ , സാറിന് ഒരു അപകടം സംഭവിച്ചുവെന്നും ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞ് സാറിന്റെ ചില ശിഷ്യരും ഹൈവേ പൊലീസും വിളിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഗോകുലം മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുവരികയായിരുന്നു"-ഗീത പറഞ്ഞു.

"സ്കൂള്‍ മാനേജ്മെന്റ് എന്നെയും ഭര്‍ത്താവിനെയും നിരന്തരം പീഡിപ്പിച്ചിരുന്നു. സുപ്രീം കോടതിയില്‍ പോയാലും എനിക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് മാനേജ്മെന്റ് പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോവുന്നതിനെതിരെ ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം അവധിയെടുത്തതിന് ശമ്പളം തരാതെ ഉപദ്രവിച്ചിട്ടുണ്ട്. സ്കൂളിന്റെ തെറ്റായ നീക്കങ്ങള്‍ക്കെതിരെ കോടതില്‍ പോയി നീതി തേടിയതിനാല്‍ അവരുടെ കണ്ണിലെ കരടായി. സ്കൂള്‍ അധികൃതരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ ഞങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇതേ സ്കൂളില്‍ പഠിക്കുകയായിരുന്ന ഞങ്ങളുടെ മോളെ അവിടെനിന്ന് മാറ്റേണ്ടി വന്നു." "സ്കൂളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളല്ലാതെ അദ്ദേഹത്തിന് മറ്റ് ശത്രുക്കള്‍ ആരുമില്ല. ചൊവ്വാഴ്ച ഞാനും ഭര്‍ത്താവും സ്കൂളിലുണ്ടായിരുന്നു. മന്ത്രി ഗണേശ്കുമാറിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി ബി പ്രദീപ് കുമാര്‍ ഓഫീസില്‍ വന്നിരുന്നു. പിന്നീട് സ്കൂളിലെ മറ്റൊരധ്യാപകനായ രാജശേഖരന്‍ സാറിനെയും കൂട്ടി പുറത്തേക്ക് പോയി"- അവര്‍ പറഞ്ഞു. സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് പീഡനങ്ങള്‍ നിരന്തരമായപ്പോള്‍ മുഖ്യമന്ത്രിക്കും വനിതാ കമീഷനും പരാതി നല്‍കിയിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എസ്പിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും എടുത്തില്ലെന്നും ഗീത പറഞ്ഞു.
(സുമേഷ് കെ ബാലന്‍)

deshabhimani 290911

3 comments:

  1. കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളിലെ അധ്യാപകനുനേരെ പൈശാചിക വധശ്രമം. അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി തിരിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളും ജനനേന്ദ്രിയവും തകര്‍ന്നു. അടിയേറ്റ് ഇടുപ്പെല്ലും തകര്‍ന്നിട്ടുണ്ട്. ശരീരത്തിലാകമാനം വെട്ടും കുത്തുമേറ്റിട്ടുമുണ്ട്. മുഖത്തിന്റെ ഇടതുഭാഗവും തകര്‍ന്നു. വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വാളകം സദനത്തില്‍ കൃഷ്ണകുമാറാണ് നിഷ്ഠുരപീഡനത്തിനിരയായത്.

    ReplyDelete
  2. വാളകം ആര്‍ വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തന്റേതല്ലെന്നും അധ്യാപകനെ ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മന്ത്രി കെ ബി ഗണേശ്കുമാര്‍ . സ്കൂളുമായി തനിക്ക് ബന്ധമൊന്നുമില്ല. അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയില്ല. അച്ഛനാണ് സ്കൂളിന്റെ ഉടമസ്ഥന്‍ . അദ്ദേഹം ജയിലിലുമാണ്. താന്‍ ആ സ്കൂളില്‍ പോയിട്ട് ആറു വര്‍ഷമായി. അധ്യാപകന് മര്‍ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണ്. സംഭവത്തെക്കുറിച്ച് ശക്തമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെയെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

    ReplyDelete
  3. നിങ്ങളുടെ മൂലവും ഇൻഷൂർ ചെയ്യാം
    http://baijuvachanam.blogspot.com/2011/09/blog-post_30.html

    ReplyDelete